ഇത് പ്രജകളുടെ രാജ്യം, ഇത്തവണ കിറ്റുമായി എത്തുന്നവരുടെ മുഖത്തേക്ക് അത് വലിച്ചെറിയണം- സുരേഷ് ഗോപി

പറളിഗ്രാമത്തിൽ നടന്ന കലുങ്ക് സൗഹൃദസഭയിൽ പങ്കെടുക്കാനെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ആൽമരച്ചുവട്ടിലേക്ക് സ്വീകരിക്കുന്നു
പറളിഗ്രാമത്തിൽ നടന്ന കലുങ്ക് സൗഹൃദസഭയിൽ പങ്കെടുക്കാനെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ആൽമരച്ചുവട്ടിലേക്ക് സ്വീകരിക്കുന്നു

ചെത്തല്ലൂര്‍: കഴിഞ്ഞതവണ കിറ്റുമായി വന്നു പറ്റിച്ചെങ്കില്‍ അതില്‍നിന്ന് പാഠമുള്‍ക്കൊണ്ട് ഇത്തവണ കിറ്റുമായി എത്തുന്നവരുടെ മുഖത്തേക്ക് വലിച്ചെറിയണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇതു പ്രജകളുടെ രാജ്യമാണെന്നും വോട്ടുചെയ്യാന്‍ മാത്രമല്ല, മുഷ്ടിചുരുട്ടി ഉയര്‍ത്തിപ്പിടിച്ച് ചോദിക്കാനാകണമെന്നും അദ്ദേഹം പറഞ്ഞു. ചെത്തല്ലൂരില്‍ നടന്ന കലുങ്ക് സൗഹൃദ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വര്‍ണമുരച്ച് ചെമ്പാക്കി മാറ്റാനും ചുരണ്ടി നോക്കാനും പലരും ശ്രമിക്കുകയാണ്. ആചാരത്തിലും രാഷ്ട്രീയം കലര്‍ത്തി വിഡ്ഢിക്കോമരങ്ങളായി ചെമ്പെണ്ണി നോക്കുകയാണ് രണ്ടു രാഷ്ട്രീയപ്പാര്‍ട്ടികള്‍ ചെയ്യുന്നത്.

നെല്ലുസംഭരണത്തിന്റെ പേരില്‍ കോടികള്‍ കിട്ടിയില്ലെന്നു പറയുന്നവര്‍, കേന്ദ്രം എന്തു കൊടുത്തുവെന്നത് തെളിവ് നിരത്തിപ്പറയുമ്പോള്‍ ഒന്നും മിണ്ടുന്നില്ല. ഓരോ കാലത്തും നെല്‍ക്കര്‍ഷകന്റെ കണ്ണീരാണ് ഇവിടെ വീഴുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ 300 പഞ്ചായത്തുകളെങ്കിലും ബിജെപി പിടിച്ചെടുക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.

Content Highlights: Union Minister Suresh Gopi urges people to reject deceptive kits and assert their rights. He criticizes political parties mixing tradition with politics and predicts BJP`s local body election success