‘ലോകം മുഴുവൻ അന്വേഷിച്ചു നോക്കൂ, നമ്മൾ ഇത്രയും പിടിച്ചുനിന്നില്ലേ’; പാചകവാതക വില വർധനവിൽ സുരേഷ് ഗോപി

തൃശ്ശൂർ: പാചകവാതക വില വർധനയെ ന്യായീകരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ‘’ലോകം മുഴുവൻ ഒന്ന് അന്വേഷിച്ചു നോക്കൂ, എവിടെയൊക്കെ എത്രയൊക്കെ കൂടിയെന്ന്. നമ്മൾ ഇത്രയും പിടിച്ചു നിന്നില്ലേ’’ എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. അതേസമയം, പെട്രോൾ, ഡീസൽ വില വർധിക്കുമോയെന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചില്ല.
അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞതിനു പിന്നാലെ പാചകവാതക വിലയിൽ വൻ വർധനയാണ് എണ്ണക്കമ്പനികൾ വരുത്തിയത്. 19 കിലോ വരുന്ന എൽപിജിക്ക് 993 രൂപയാണ് ഒറ്റയടിക്ക് വർധിച്ചത്. ഇതോടെ ഡൽഹിയിലെ നിരക്കനുസരിച്ച് 2078 രൂപയിൽനിന്ന് വാണിജ്യ എൽപിജി സിലിണ്ടറിന് 3071 രൂപയായി ഉയർന്നു. അഞ്ച് കിലോ വരുന്ന മിനി സിലിണ്ടറുകളുടെ വിലയും ഉയരും. 261 രൂപയുടെ വർധനവാകും അഞ്ച് കിലോ സിലിണ്ടറുകൾക്ക് വരിക. അതേസമയം ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വില ഉയർത്തിയിട്ടില്ല.
ഇറാൻ യുദ്ധം ആരംഭിച്ചതിന് ശേഷം 19 കിലോ വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില മൂന്നു തവണ വർധിപ്പിച്ചിട്ടുണ്ട്. മാർച്ചിൽ 144 രൂപയും തുടർന്ന് ഏപ്രിൽ 1 ന് ഏകദേശം 200 രൂപയും വർധിപ്പിച്ചു. എൽപിജി ലഭ്യതക്കുറവിനെ തുടർന്ന് വാണിജ്യ എൽപിജി സിലിണ്ടർ വിതരണത്തിനും നിയന്ത്രണമുണ്ട്. ഇതിനിടയിലാണ് വില വർധനവ് കൂടി വന്നിരിക്കുന്നത്. എൽപിജി ലഭ്യതക്കുറവ് ഹോട്ടൽ വ്യവസായത്തെ കാര്യമായി ബാധിച്ചിരുന്നു.
Content Highlights: Union Minister Suresh Gopi defends the recent hike in commercial LPG prices., Commercial LPG cylinder price increased by 993 rupees., Domestic LPG cylinder prices remain unchanged., LPG price hikes linked to global supply issues and the Iran conflict., Hotel industry faces significant impact due to LPG shortages and price surges.