പൂരനഗരിയിൽ എത്തിയത് ആംബുലൻസിൽ തന്നെ; CBI-യെ വിളിക്കാൻ ചങ്കൂറ്റമുണ്ടോ ? - സുരേഷ് ഗോപി

തൃശ്ശൂർ: പൂരനഗരിയിൽ എത്തിയത് ആംബുലൻസിൽ തന്നെയെന്ന് സമ്മതിച്ച് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി. കാലിന് സുഖമില്ലാത്തതിനാൽ ജനങ്ങൾക്ക് ഇടയിലൂടെ നടക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നത് കൊണ്ടാണ് ആംബുലൻസിൽ എത്തിയത് എന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തൃശ്ശൂർ പൂരം അലങ്കോലപ്പെട്ടതിന് പിന്നാലെ സുരേഷ്‌ഗോപി ആംബുലൻസിൽ വന്നിറങ്ങിയത് വിവാദമായിരുന്നു. പിന്നാലെ, താൻ ആംബുലൻസിൽ വന്നിറങ്ങിയത് മായക്കാഴ്ച എന്നായിരുന്നു സുരേഷ്‌ഗോപി നേരത്തെ പറഞ്ഞിരുന്നത്.
ആംബുലൻസിൽ വന്നിറങ്ങി എന്ന് പറഞ്ഞത് പാർട്ടിയുടെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ആളാണ്. അദ്ദേഹത്തിന്റെ മൊഴി പോലീസ് എടുത്തിട്ടുണ്ടല്ലോ. എന്തുകൊണ്ടാണ് ആ മൊഴി പ്രകാരം പോലീസ് കേസെടുക്കാത്തത്. ഞാൻ വെല്ലുവിളിക്കുന്നു. ആംബുലൻസിൽ തന്നെയാണ് പൂരനഗരിയിൽ എത്തിയത്. കാലിനു സുഖമില്ലാത്തതിനാൽ ആളുകൾക്കിടയിലൂടെ നടക്കാൻ ബുദ്ധിമുട്ടായിരുന്നു. അതുകൊണ്ടാണ് ആംബുലൻസിൽ വന്നിറങ്ങിയതെന്നും സുരേഷ്‌ഗോപി പറഞ്ഞു.
ആരുടേയും അച്ഛന് വിളിച്ചിട്ടില്ലെന്നും ഒരു സിനിമാ ഡയലോഗ് പറയുകയാണ് ചെയ്തതെന്നും സുരേഷ്‌ഗോപി വിശദീകരിച്ചു. അതേസമയം, പൂരം കലക്കലുമായി ബന്ധപ്പെട്ട അന്വേഷണത്തിന് സിബിഐയെ കൊണ്ടുവരാൻ ചങ്കൂറ്റമുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. സത്യം വെളിയിൽ വരണം എന്നുണ്ടെങ്കിൽ സിബിഐയെ കൊണ്ടുവരണം. അങ്ങനെ ചെയ്താൽ ഇടതുപക്ഷത്തിന്റെ രാഷ്ട്രീയം മുഴുവൻ കത്തിനശിച്ചുപോകും. തൃശ്ശൂരിലെ ജനങ്ങൾ വോട്ട് ചെയ്തതിന് കാരണം കരുവന്നൂർ വിഷയംകൊണ്ടാണെന്നും അത് മറയ്ക്കാനാണ് പൂരം കലക്കൽ ആരോപണമെന്നും സുരേഷ്‌ഗോപി ആരോപിച്ചു.
Content Highlights: suresh gopi challenges government to bring cbi to probe thrissur pooram issue