കേരളത്തിൽ ബുള്ളറ്റ് ട്രെയിനും വരണം, എത്ര പണവും തരാൻ റെയിൽവേ തയ്യാർ, ആവശ്യം ഭൂമി മാത്രം-സുരേഷ് ഗോപി

#ന്യൂസ് ഡെസ്ക്
സുരേഷ് ഗോപി മെട്രോയിൽ | Photo: Screengrab/ Mathrubhumi News
സുരേഷ് ഗോപി മെട്രോയിൽ | Photo: Screengrab/ Mathrubhumi News

കൊച്ചി: ടൂറിസം പെട്രോളിയം മന്ത്രിയാണെങ്കിലും റെയിൽവേയ്ക്ക് വേണ്ടി കഠിനാധ്വാനം ചെയ്യാനാണ് തന്റെ തീരുമാനമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇന്ത്യയിൽ ബുള്ളറ്റ് ട്രെയിൻ വരുന്ന കാലമാണെന്നും കേരളത്തിലും ബുള്ളറ്റ് ട്രെയിൻ വരണമെങ്കിൽ സീറോ കർവ് ഭൂമിയാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം സൗത്ത്-ബെംഗളൂരു വന്ദേഭാരതിന്റെ ഫ്ലാഗിഫ് ഓഫിന് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസിങ് വഴി വാരാണസിയിൽ നിന്നാണ് വന്ദേഭാരത് ഫ്ലാഗ് ഓഫ് ചെയ്തത്.

വന്ദേഭാരത് എന്ന വിപ്ലവ റെയിൽ ഓപ്പറേഷൻ വന്നപ്പോൾ മറ്റു പല ട്രെയിനുകളും വൈകുന്നുവെന്നും സ്റ്റോപ്പുകളുടെ എണ്ണം കൂടിയെന്നും വേഗം കൂടിയെന്നുമൊക്കെ യാത്രക്കാർക്ക് പരാതിയുണ്ട്. ഇതൊക്കെ ബാലൻസ് ചെയ്യണമെങ്കിൽ കൂടുതൽ സൗകര്യങ്ങൾ ആവശ്യമാണ്. ഇക്കാര്യം കേന്ദ്രത്തോട് ആവശ്യമുന്നയിച്ചു. സൗകര്യം ഒരുക്കാൻ റെയിവേ സജ്ജമാണ്. ഈ വർഷം മാത്രം 3042 കോടിയാണ് കേരളത്തിനുവേണ്ടി മാത്രം നീക്കിവെച്ചത്. പതിനായിരം കോടിയോ അതിൽ കൂടുതലോ തരാൻ റെയിൽവേ തയ്യാറാണ്. ഭൂമി മാത്രമാണ് ആവശ്യം- സുരേഷ് ഗോപി പറഞ്ഞു.

വന്ദേഭാരതിന്റെയും എക്സ്പ്രസ് ട്രെയിനുകളുടേയും വേഗം ഇനിയും വർധിപ്പിക്കാനാകും. പക്ഷേ, ഇവിടുത്തെ വളവുകൾ നിവർത്തേണ്ടതുണ്ട്. സീറോ കർവ്, അല്ലെങ്കിൽ ചുരുങ്ങിയത് നോ കർവ്, അല്ലെങ്കിൽ ഡീപ് കർവ് റെയിൽ ലൈൻ വരുന്നതിനുള്ള സ്ഥലം കണ്ടെത്തിത്തരണം- സുരേഷ് ഗോപി കൂട്ടിച്ചേർത്തു. ലൊക്കേഷൻ ഓഫ് റെയിവേ സ്റ്റേഷൻ എന്നതും പ്രധാനമാണെന്നും സുരേഷ് ഗോപി പറഞ്ഞു.

കൊച്ചിയുടെ ജീവിത സാഹചര്യവും ഇവിടുത്തെ ആവാസവ്യവസ്ഥിതിയും മെച്ചപ്പെടണമെങ്കിൽ പൊന്നുരുന്നിയിൽ 110-117 ഏക്കറിൽ കേരളത്തിന്റെ ഏറ്റവും വലിയ ഹബ് വരണം. താൻ സ്വപ്നം കാണുന്നത് എംജിആർ സെൻട്രൽ സ്റ്റേഷൻ ചെന്നൈയ്ക്ക് തുല്യമായ ഒരു റെയിൽവേ സ്റ്റേഷൻ ആണ്- അദ്ദേഹം കൂട്ടിച്ചേർത്തു.

റെയിൽവേ ഇല്ലാത്തതുകൊണ്ട് ജീവിതസൗകര്യങ്ങളില്ലാത്ത അഞ്ച് പട്ടണങ്ങളെങ്കിലും കേരളത്തിലുണ്ടെന്നും അതിന് പ്രതിവിധി കാണണമെന്നും സുരേഷ് ഗോപി പറഞ്ഞു. കേരളത്തിലും ബുള്ളറ്റ് ട്രെയിൻ വരണം. അതിന് സീറോ കർവ് ഭൂമി ആവശ്യമാണ്. തൃശ്ശൂരിലേക്കുള്ള മെട്രോ അല്ല, കോയമ്പത്തൂർ വരേയുള്ള മെട്രോ ആണ് താൻ പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സാധാരണ സർവീസ് ഈ മാസം 11-ന് തുടങ്ങും. ബുക്കിങ് ശനിയാഴ്ച ഉച്ചയ്ക്കോ ഞായറാഴ്ച രാവിലെയോ തുടങ്ങും. ശതാബ്ദി നിരക്കായിരിക്കും ടിക്കറ്റിന്. എറണാകുളം-ബെംഗളൂരു എസി ചെയർ കാറിന് 1500 രൂപ വരെയാകാം. എസി എക്സിക്യുട്ടീവ് ചെയർ കാറിന് 2,400 രൂപ വരെയും.

എറണാകുളത്തുനിന്ന് ബെംഗളൂരു 630 കിലോമീറ്റർ ദൂരം എട്ടുമണിക്കൂർ 40 മിനിറ്റ് കൊണ്ടാണ് എത്തുന്നത്. എട്ട്‌ കോച്ചുകളിലായി 600 സീറ്റുകളാണുള്ളത്. ഒൻപത് സ്റ്റോപ്പുകളാണുള്ളത്. ജനപ്രതിനിധികൾ, മാധ്യമ പ്രവർത്തകർ, അധ്യാപകർ, കുട്ടികൾ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ തുടങ്ങിയവരാണ് സുവനീർ ടിക്കറ്റുമായി ഉദ്ഘാടനയാത്രയിൽ പോകുന്നത്.

Content Highlights: Suresh Gopi's Vision: Bullet Trains and Kerala's Railway Revolution