ആലപ്പുഴ കമ്യൂണിസം കൊണ്ട് തുലഞ്ഞുപോയ ജില്ല - സുരേഷ് ഗോപി

സുരേഷ് ഗോപി | ഫോട്ടോ: മാതൃഭൂമി
സുരേഷ് ഗോപി | ഫോട്ടോ: മാതൃഭൂമി

തൃശ്ശൂർ: കമ്യൂണിസം കൊണ്ട് തുലഞ്ഞു പോയ ജില്ലയാണ് ആലപ്പുഴയെന്നും ഇല്ലായ്മയിൽ കിടക്കുന്ന ഈ ജില്ലയെ ഉയർത്തിക്കൊണ്ടുവരാനാണ് ശ്രമിച്ചതെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആലപ്പുഴയ്‌ക്ക് എയിംസ് ലഭിക്കണമെന്ന കാര്യത്തിലാണ് സുരേഷ് ഗോപിയുടെ പ്രതികരണം. തൃശ്ശൂരിൽ ലോക്‌സഭാ ജനപ്രതിനിധിയായി നടത്തുന്ന എസ്ജി കോഫി ടൈംസിന്റെ തൃശ്ശൂർ നഗരത്തിലെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.

ആലപ്പുഴയിൽ ഒരു ആശുപത്രിയിലും ജനങ്ങൾക്ക് സൗകര്യമില്ല. ആലപ്പുഴയ്‌ക്ക് എയിംസ് ലഭിക്കാൻ തൃശ്ശൂരുകാർ വടക്കുന്നാഥനും ലൂർദ് മാതാവിനും മുന്നിൽ പ്രാർഥിക്കണം. 2016-ൽ പറഞ്ഞ കാര്യമാണ് എയിംസ് ആലപ്പുഴയ്ക്ക് വേണമെന്ന്. ഇപ്പോഴും അതിൽ ഉറച്ചു നിൽക്കുന്നു. തൃശ്ശൂരിൽ എയിംസ് വരുമെന്ന് പറഞ്ഞിട്ടില്ല. രാഷ്ട്രീയവും പ്രാദേശികതയുമല്ല ഇതിൽ കാണുന്നത്. നിലപാടുകളിൽ ഒറ്റത്തന്തയ്ക്ക് പിറന്നവൻ ആണെന്ന പ്രസ്താവന സുരേഷ് ഗോപി ആവർത്തിച്ചു.

വാക്കും നിലപാടുകളും മാറ്റാറില്ല. തൃശ്ശൂരിൽ എംപിയാകുന്നതിന് മുൻപേ പറഞ്ഞതാണ് ആലപ്പുഴയിൽ എയിംസ് വേണമെന്ന്. കൊച്ചി മെട്രോ അങ്കമാലി കഴിഞ്ഞ് ഉപപാതയായി പാലിയേക്കര വഴി കോയമ്പത്തൂർക്ക് പോകണം. മറ്റൊരു ഉപപാതയായി നാട്ടിക, തൃപ്രയാർ, ഗുരുവായൂർ വഴി താനൂരിലും എത്തണം. രാജ്യത്തെ ഏറ്റവും വലിയ സോഷ്യലിസ്റ്റാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രജ പ്രയോഗത്തിലെ രാഷ്ട്രീയം പറഞ്ഞത് വിവാദമാക്കാൻ കൂലി എഴുത്തുകാരെ നിയോഗിച്ചു. അതിലൊന്നും ഭയമില്ല. 50 വർഷമായി നടക്കാത്ത കാര്യങ്ങളടക്കം സംവാദ പരിപാടിയിൽ ചർച്ച ചെയ്തു. എന്നാൽ പ്രജ എന്നെല്ലാമുള്ള വാക്കുകളാണ് എടുത്തുകാണിക്കുന്നത്. എല്ലാം ജനം തിരിച്ചറിയുന്നുണ്ട്. പ്രജകളുടെ ക്ഷേമമാണ് തങ്ങൾ ലക്ഷ്യമിടുന്നത്. യൂണിഫോം സിവിൽകോഡ് നടപ്പാക്കണം. എങ്കിൽ മാത്രമേ എല്ലാവർക്കും തുല്യനിയമം ഉറപ്പാക്കാൻ സാധിക്കൂ.

കോഫി ടൈംസിന്റെ 56 എഡിഷനുകൾ പൂർത്തിയാക്കി. മേൽത്തട്ട് വിഭാഗത്തിന്റെ പ്രശ്നങ്ങളാണ് ഇതിൽ ചർച്ച ചെയ്യുന്നത്. കലുങ്ക് സംവാദത്തിൽ ചർച്ച ചെയ്തത് അടിത്തട്ട് വിഭാഗത്തിന്റെ പ്രശ്നങ്ങളായിരുന്നു- സുരേഷ് ഗോപി പറഞ്ഞു.

Content Highlights: Union Minister Suresh Gopi discusses Alappuzha`s development, AIIMS, and his unwavering stance on regional needs. He also touches upon metro expansion and uniform civil code.