'മുറി പരിശോധിക്കേണ്ടെന്ന് സിപിഎം നേതാക്കൾ പറഞ്ഞില്ല, കോണ്‍ഗ്രസ് എന്തിനാണിത്ര ബേജാറ് കാണിക്കുന്നത്?'

ഇ.എന്‍. സുരേഷ് ബാബു മാധ്യമങ്ങളോട് സംസാരിക്കുന്നു.| Photo: Screengrab/Mathrubhumi news
ഇ.എന്‍. സുരേഷ് ബാബു മാധ്യമങ്ങളോട് സംസാരിക്കുന്നു.| Photo: Screengrab/Mathrubhumi news

പാലക്കാട്: കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ച ഹോട്ടലില്‍ പോലീസ് മിന്നല്‍ പരിശോധന നടത്തിയതില്‍ കോണ്‍ഗ്രസ് ബേജാറാകേണ്ട ആവശ്യമില്ലെന്നും സമഗ്രമായ അന്വേഷണം ഇതിന്റെ ഭാഗമായി നടക്കണമെന്നും സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബു. നേതാക്കൾ താമസിച്ച ഹോട്ടലിൽ പോലീസ് നടത്തിയ പരിശോധനയേക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കൊണ്ടുപോയ ട്രോളി ബാഗ് എവിടെയെന്നും അതിലെന്തായിരുന്നെന്നും കണ്ടുപിടിക്കണം. ഷാഫി പറമ്പിലിന്റെ കൂടെ വ്യാജ ഐഡി കാര്‍ഡ് നിര്‍മിച്ച ഫെനി എന്നുപറയുന്ന പ്രതിയുണ്ടോ എന്നെല്ലാം കണ്ടുപിടിക്കണം. സിസിടിവി പരിശോധിക്കണം. ഇതെല്ലാം അന്വേഷണത്തിന് വിധേയമാക്കണമെന്നാണ് സിപിഎമ്മിന്റെ ആവശ്യം- ഇ.എന്‍. സുരേഷ് ബാബു പറഞ്ഞു. 

ഈ കാര്യങ്ങളൊന്നും പരിശോധിക്കാതെ കോണ്‍ഗ്രസ് നടത്തുന്ന ദുരൂഹമായ സംഭവവികാസങ്ങളുടെ പിറകിലല്ല നില്‍ക്കേണ്ടതെന്നും അവര്‍ക്ക് ഇത്ര ബോജാറ് കാണിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. റെയ്ഡ് നടന്ന ഹോട്ടലില്‍ താമസിക്കുന്ന സിപിഎം നേതാക്കളായ ടി.വി. രാജേഷ്, നികേഷ് കുമാര്‍, വിജിന്‍ എംഎല്‍എ എന്നിവരൊന്നും  തങ്ങളുടെ മുറി പരിശോധിക്കാന്‍ പാടില്ലെന്ന് പറഞ്ഞിട്ടില്ല. എന്തുകൊണ്ടാണ് കോണ്‍ഗ്രസിന് മാത്രം പ്രശ്‌നമെന്നും അദ്ദേഹം ചോദിച്ചു.

പോലീസ് കോണ്‍ഗ്രസിന്റെ മുറി മാത്രം പരിശോധിക്കാനാണ് വന്നതെന്നും അത് പറ്റില്ലെന്നും പറഞ്ഞാല്‍ നമുക്ക് മനസ്സിലാക്കാം. പോലീസിന് കൃത്യമായ വിവരം കിട്ടിയോ എന്നുള്ളതൊന്നും ഞാന്‍ മനസ്സിലാക്കിയിട്ടില്ല. പക്ഷേ, പോലീസിന് എന്തെങ്കിലും സൂചന ലഭിക്കാതെ ഇത്തരം കാര്യങ്ങള്‍ പരിശോധിക്കില്ല എന്നുള്ളത് ഉറപ്പാണ്. അത് കോണ്‍ഗ്രസുതന്നെ കൊടുത്തതാകാം. വ്യാജ കാര്‍ഡ് നിര്‍മാണം, സോളാര്‍ കേസ്, തുടങ്ങി ഒരുപാട് കാര്യങ്ങള്‍ സംബന്ധിച്ച വിവരങ്ങൾ കോണ്‍ഗ്രസാണ് കൊടുത്തത്. ഇതും കോണ്‍ഗ്രസുതന്നെ ആകാം ചോര്‍ത്തിയതെന്നും ഇ.എന്‍. സുരേഷ് ബാബു ആരോപിച്ചു.

Content Highlights: E.N. Suresh babu responds on police raid