പാതിവില തട്ടിപ്പ്; ജസ്റ്റിസ്‌ C N രാമചന്ദ്രന്‍ നായര്‍ക്കെതിരെ അന്വേഷണം വേണമെന്ന ഹര്‍ജി തള്ളി

#ബി. ബാലഗോപാല്‍ / മാതൃഭൂമി ന്യൂസ്
പ്രതീകാത്മക ചിത്രം | Photo: PTI
പ്രതീകാത്മക ചിത്രം | Photo: PTI

ന്യൂഡല്‍ഹി: പാതിവില തട്ടിപ്പ് കേസില്‍ ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ക്ക് എതിരായ ആരോപണം  ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ജസ്റ്റിസ്മാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. പാതിവില തട്ടിപ്പ് കേസിലെ ആരോപണ വിധേയരുടെ പട്ടികയില്‍ നിന്ന് ജസ്റ്റിസ്  സി എന്‍ രാമചന്ദ്രന്‍ നായരുടെ പേര് ഹൈക്കോടതി നീക്കിയത് റദ്ദാക്കണമെന്ന ആവശ്യവും സുപ്രീംകോടതി തള്ളി. 

മൂന്ന് സ്ഥാപനങ്ങളാണ് ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. ജോയിന്റ് വോളന്ററി ആക്ഷന്‍ ഫോര്‍ ലീഗല്‍ ആള്‍ട്ടര്‍നേറ്റീവ്‌സ്, മിത്രം ചാരിറ്റബിള്‍ ട്രസ്റ്റ്, കോട്ടക്കുന്ന് അഗ്രോ ആന്‍ഡ് പൗള്‍ട്ടറി ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളാണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. ജസ്റ്റിസ് രാമചന്ദ്രന് എതിരെ മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ അന്വേഷണം തുടരാന്‍ നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

നടപടി ക്രമങ്ങള്‍ പാലിക്കാതെയും, ശരിയായ അന്വേഷണം നടത്താതെയുമാണ് ജസ്റ്റിസ് രാമചന്ദ്രന്‍ നായരുടെ പേര് കേസില്‍ നിന്ന് നീക്കിയതെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ സുവിദത്ത് സുന്ദരം വാദിച്ചു.  ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യുഷന്‍ എഴുതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ആണ് പേര് നീക്കം ചെയ്തത്. എന്നാല്‍ ഇക്കാര്യത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനില്‍ നിന്ന് കേസുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ഹൈക്കോടതി തേടിയിട്ടില്ലെന്ന് സുവിദത്ത് സുന്ദരം വാദിച്ചു.

പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട മറ്റ് കേസുകളുടെ അന്വേഷണം പ്രാഥമിക ഘട്ടത്തില്‍ മാത്രമാണെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യുഷന്‍ കോടതിയെ അറിയിച്ചിരുന്നു. പ്രാഥമിക അന്വേഷണ ഘട്ടത്തില്‍ ആരോപണ വിധേയനായ വ്യക്തിയെ അന്വേഷണത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കുന്നത് ഗുരുതരമായ കീഴ്‌വക്കം സൃഷ്ടിക്കുമെന്നും സുവിദത്ത് സുന്ദരം കോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ നിലവില്‍ കേസില്‍ അന്വേഷണം നടക്കുന്നതിനാല്‍ ഇടപെടാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

Content Highlights: Supreme Court Rejects Plea for Probe Against Justice C.N. Ramachandran Nair in half prize fraud case