മഴയിൽ തകർന്ന മതിൽ പുനർനിർമിക്കാൻ കോട്ടയം കളക്ടർക്ക് സുപ്രീം കോടതി നിർദേശം

ന്യൂഡൽഹി: ചങ്ങനാശ്ശേരി വാഴപ്പള്ളി കൽക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിന് സമീപം മഴയിൽ തകർന്ന മതിൽ പുനർനിർമിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. ആറ് ആഴ്ചയ്ക്കുള്ളിൽ മതിൽ പണിത് നൽകാൻ കോട്ടയം ജില്ലാ കളക്ടർക്ക് സുപ്രീം കോടതി നിർദേശം നൽകി. നിർമാണ ചെലവ് ചങ്ങനാശേരി മുനിസിപ്പാലിറ്റിയുടെ ഗ്രാന്റിൽനിന്ന് ഈടാക്കാനും ജസ്റ്റിസ്മാരായ ബി.ആർ. ഗവായ്, കെ.വി. വിശ്വനാഥൻ എന്നിവർ അടങ്ങിയ ബെഞ്ച് നിർദേശിച്ചു.
സംസ്ഥാന ലാൻഡ് റവന്യു കമ്മീഷ്ണർ ഡോ. എ. കൗശികന് എതിരേ ചങ്ങനാശേരി സ്വദേശി കെ.സുരേഷ് നൽകിയ കോടതി അലക്ഷ്യ ഹർജിയിലാണ് സുപ്രീം കോടതി ഉത്തരവ്. 2015-ലാണ് വാഴപ്പള്ളി കൽക്കുളത്തുകാവ് ഭഗവതി ക്ഷേത്ര കുളത്തിനും കനാലിനും സമീപത്തുള്ള സുരേഷിന്റെ വസ്തുവിനോട് ചേർന്ന് മതിൽ പണിതത്.
ഈ മതിൽ 2022-ലെ ശക്തമായ മഴയിൽ തകർന്നു. ദുരന്തനിവാരണ ഫണ്ടിൽനിന്ന് പണമെടുത്ത് മതിൽ പുനർനിർമിക്കണം എന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. എന്നാൽ സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽനിന്ന് മതിൽ പണിയാൻ പണം നൽകാൻ കഴിയില്ല എന്ന നിലപാടാണ് ലാൻഡ് റവന്യു കമ്മീഷണർ സ്വീകരിച്ചത്.സംസ്ഥാന സർക്കാരിനുവേണ്ടി സ്റ്റാന്റിങ് കോൺസൽ സി.കെ ശശിയും ഹർജിക്കാരനായ കെ.സുരേഷിന് വേണ്ടി അഭിഭാഷകൻ അബ്ദുള്ള നസീഹും ഹാജരായി.
മുനിസിപ്പാലിറ്റിയെക്കൊണ്ട് മതിൽ പണിയിക്കാനുള്ള അധികാരം ലാൻഡ് റവന്യു കമ്മീഷണർക്ക് ഇല്ലേ? സുപ്രീം കോടതി
മഴയിൽ തകർന്ന മതിൽ മുനിസിപ്പാലിറ്റിയെക്കൊണ്ട് പുനർനിർമിക്കാനുള്ള അധികാരം പോലും ലാൻഡ് റവന്യു കമ്മീഷണർക്ക് ഇല്ലേയെന്ന് സുപ്രീം കോടതി ആരാഞ്ഞു. മതിൽ പണിയേണ്ടത് മുൻസിപ്പാലിറ്റി ആണെന്നും അവർ കേസിൽ കക്ഷിയല്ലെന്നും കൗശികന് വേണ്ടി ഹാജരായ അഭിഭാഷകൻ ചൂണ്ടിക്കാട്ടിയപ്പോഴാണ് സുപ്രീം കോടതിയുടെ ചോദ്യം.
ഇടുക്കി ഏലം കുത്തകപാട്ട ഭൂമി കേസിൽ കോടതി അലക്ഷ്യ നടപടികൾക്ക് കൗശികനേ വിളിച്ച് വരുത്തിയത് കോടതി ചൂണ്ടിക്കാട്ടി. രണ്ട് ആഴ്ച മുൻപ് കോടതിയിൽ നേരിട്ട് ഹാജരായതോടെയാണ് കോടതി അലക്ഷ്യ നടപടികളിൽനിന്ന് ഡോ.കൗശികനേ ജസ്റ്റിസ് ബി.ആർ. ഗവായ് അധ്യക്ഷനായ ബെഞ്ച് ഒഴിവാക്കിയത്.
Content Highlights: Supreme Court directs Kottayam Collector to rebuild rain damaged wall