സപ്ലൈകോ-ബെവ്‌കോ ലയനം: ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് പഠനം; രണ്ടും വെവ്വേറെ ലക്ഷ്യങ്ങളിൽ

#പി.കെ. മണികണ്ഠൻ
പ്രതീകാത്മകചിത്രം | ബെവ്കോ | വര: ബിനോജ് പി.പി., മാതൃഭൂമി | സപ്ലൈകോ (ഫയൽ ചിത്രം)
പ്രതീകാത്മകചിത്രം | ബെവ്കോ | വര: ബിനോജ് പി.പി., മാതൃഭൂമി | സപ്ലൈകോ (ഫയൽ ചിത്രം)

തിരുവനന്തപുരം: ഭക്ഷ്യവിതരണത്തിനുള്ള സപ്ലൈകോയും മദ്യവിൽപ്പനയ്ക്കുള്ള ബെവറജസ് കോർപ്പറേഷനും (ബെവ്‌കോ) തമ്മിലുള്ള ലയനം അശാസ്ത്രീയമാണെന്നും ദൂരവ്യാപക സാമൂഹിക പ്രത്യാഘാതം സൃഷ്ടിക്കുമെന്നും പഠനം. സർക്കാരിന്റെ ധവളപത്രത്തിൽ സപ്ലൈകോ-ബെവ്‌കോ ലയനം ശുപാർശ ചെയ്തിരുന്നു. ഇതു സംബന്ധിച്ച് ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് (ഗിഫ്റ്റ്) നടത്തിയ പ്രാഥമികപഠനത്തിലാണ് ഈ ജാഗ്രതപ്പെടുത്തൽ.

2021-22 മുതൽ 2024-25 വരെ കാലയളവിൽ രണ്ടുകോർപ്പറേഷനുകളുടെയും പ്രവർത്തനം വിലയിരുത്തിയായിരുന്നു പഠനം. റിപ്പോർട്ട് മന്ത്രി അനൂപ് ജേക്കബിനു സമർപ്പിച്ചു.

ലാഭത്തിൽ പ്രവർത്തിക്കുന്ന ബെവ്‌കോയുമായി വൻനഷ്ടത്തിലുള്ള സപ്ലൈകോയെ ചേർത്ത് ബാധ്യത മറികടക്കാനായിരുന്നു ശുപാർശ. ക്ഷേമാധിഷ്ഠിതമായിട്ടുള്ള സപ്ലൈകോയും വാണിജ്യാടിസ്ഥാനത്തിലുള്ള ബെവ്‌കോയും തമ്മിൽ ബന്ധിപ്പിക്കുന്നതിൽ അർഥമില്ലെന്ന് പഠനം വ്യക്തമാക്കുന്നു.

സപ്ലൈകോയെ സ്വയംപര്യാപ്തമാക്കാൻ നിർബന്ധിക്കുന്നത് അവശ്യവസ്തുക്കളുടെ സബ്‌സിഡി കുറയ്ക്കുന്നതടക്കമുള്ള നടപടികൾക്കിടയാക്കും. ചില മേഖലകളിൽ പ്രവർത്തനം നിർത്തിവെക്കാനും ഇടയാവും. ഭക്ഷ്യവിപണിയിലെ മാറ്റവും വിലവ്യതിയാനങ്ങളും ദാരിദ്ര്യംപോലുള്ള പ്രശ്നങ്ങൾക്കും സ്വകാര്യ മേഖലയുടെ ഇടപെടലിനും വഴിവെക്കും.

സപ്ലൈകോ-ബെവ്‌കോ താരതമ്യം

ക്ഷേമലക്ഷ്യത്തിനായി സർക്കാർ ഗ്രാന്റിനെ ആശ്രയിച്ചാണ് സപ്ലൈകോയുടെ പ്രവർത്തനം. സർക്കാരിൽനിന്ന്‌ നേരിട്ടു ഗ്രാന്റ് വാങ്ങാതെയാണ് ബെവ്‌കോയുടെ പ്രവർത്തനം. പ്രവർത്തനച്ചെലവിന് ആഭ്യന്തര വരുമാനം ഉപയോഗിക്കുന്നു.

സപ്ലൈകോ 2021-22 മുതൽ 2024-25 വരെ 10,711 കോടി രൂപയുടെ ഗ്രാന്റ് വാങ്ങി. വരുമാനം 2021-22ൽ 4203.15 കോടിയായിരുന്നത് 2024-25ൽ 1558.67 കോടിയായി.

പൊതുഖജനാവിലേക്ക് ബെവ്‌കോയുടെ സംഭാവന 2021-22-ലെ 12717.09 കോടിയിൽ നിന്ന്‌ 2024-25ൽ 17218.76 കോടിയായി. വർധന 35.40 ശതമാനം.

സപ്ലൈകോയുടെ സംഭാവന 2021-22ലെ 81.98 കോടിയുള്ളത് 2024-25ൽ 32.03 കോടിയായി കുറഞ്ഞു. 60.93 ശതമാനം കുറവ്.

ബെവ്‌കോയുടെ പ്രവർത്തനലാഭം 2021-22ലെ 16.71 കോടിയിൽനിന്ന്‌ 2024-25ൽ 483.40 കോടിയായി. ഓരോ വർഷവും 120.85 കോടി രൂപ ശരാശരി ലാഭം. ശരാശരി 2677.85 കോടിയാണ് സപ്ലൈകോയ്ക്കുള്ള വാർഷികഗ്രാന്റ്. ഇത് ബെവ്‌കോയുടെ ശരാശരി ലാഭത്തെക്കാൾ 22 മടങ്ങ് വരും.

Content Highlights: GIFT study warns against merging welfare-oriented Supplyco with commercial Bevco. Supplyco faces a massive financial deficit, while Bevco shows consistent profit growth. The merger could lead to reduced subsidies and increased private market intervention. Data analysis from 2021-22 to 2024-25 highlights a 60% decline in Supplyco's revenue contribution. Bevco's contribution to the public exchequer rose by 35.40% over the study period.