GNAയുമായുള്ള കരാറിന് അപ്രായോഗികതകൾ ഉണ്ട്, നിലവിലെ സാഹചര്യത്തിൽ കരാർ ഉണ്ടാകില്ല; മുഖ്യമന്ത്രി പറഞ്ഞതിന് വിരുദ്ധ നിലപാടുമായി വൈദ്യുതി മന്ത്രി

തിരുവനന്തപുരം: ജി.എൻ.എ. സ്വകാര്യ പ്ലാറ്റ്ഫോമുമായുള്ള വൈദ്യുതി കരാർ അപ്രായോഗികമാണെന്നും നിലവിലെ സാഹചര്യത്തിൽ കരാർ ഉണ്ടാകില്ലെന്നും വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. മുഖ്യമന്ത്രിയുടെ മുൻ നിലപാടിന് വിരുദ്ധമായാണ് മന്ത്രിയുടെ ഈ പ്രസ്താവന. സ്വകാര്യ ഏജൻസിയായ ജി.എൻ.എ നൽകുന്ന നിരക്കുകൾ ആകർഷകമായി തോന്നാമെങ്കിലും രാത്രിയും പകലും ഒരേപോലെ വൈദ്യുതി വാങ്ങേണ്ടി വരുന്നത് പ്രായോഗിക ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്ന് വൈദ്യുതി ബോർഡും മന്ത്രിയും ചൂണ്ടിക്കാട്ടുന്നു.
ജി.എൻ.എയേക്കാൾ സർക്കാരിന് വിശ്വസിക്കാൻ കഴിയുന്നത് ഹിമാചൽ പ്രദേശ് പോലുള്ള സർക്കാർ ഏജൻസികളിൽ നിന്നുള്ള വൈദ്യുതിയാണെന്ന് സണ്ണി ജോസഫ് ആവർത്തിച്ചു. ജി.എൻ.എ കരാറിൽനിന്ന് പിന്മാറുന്നത് ബോർഡ് മുഖ്യമന്ത്രിക്ക് നൽകിയ വിശദമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് അദ്ദേഹം വ്യക്തമാക്കി. ദീർഘകാലത്തേക്ക് ലോഡ് ഷെഡ്ഡിങ് ഭീഷണി ഉയർത്തി കരാറിൽ ഒപ്പിടാൻ കെ.എസ്.ഇ.ബി തന്റെമേൽ സമ്മർദം ചെലുത്തുകയായിരുന്നുവെന്ന ആരോപണം തള്ളിയ മന്ത്രി, ബോർഡ് സംസ്ഥാനത്തിന്റെ യഥാർഥ ആവശ്യകത ആവർത്തിച്ചു ബോധ്യപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും അതൊരു സമ്മർദ തന്ത്രമല്ലെന്നും വ്യക്തമാക്കി.
സംസ്ഥാനത്ത് ഓരോ വർഷവും വൈദ്യുതി ആവശ്യകത കുതിച്ചുയരുകയാണെന്ന് മന്ത്രി കണക്കുകൾ നിരത്തി ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷത്തേക്കാൾ 1000 മെഗാവാട്ടിന്റെ വർധനയാണ് ആവശ്യകതയിൽ ഉണ്ടായിട്ടുള്ളത്. പത്ത് വർഷത്തെ കണക്കെടുത്താൽ ഇത് ഇരട്ടിയിലധികമായി ഉയർന്നു. എന്നാൽ നമ്മുടെ പ്രധാന സ്രോതസ്സായ ജലവൈദ്യുത പദ്ധതികളിൽ നിന്നുള്ള ഉൽപാദനത്തിൽ 10 വർഷംകൊണ്ട് വെറും 150 മെഗാവാട്ടിന്റെ വർധന മാത്രമാണ് കൈവരിക്കാനായത്. കേരളത്തിൽ പ്രധാനമായും രാത്രികാലങ്ങളിലാണ് വൈദ്യുതിക്ക് വലിയ തോതിൽ ആവശ്യകത അനുഭവപ്പെടുന്നത് എന്നതിനാൽ ഇനിയുള്ള കാലങ്ങളിൽ പവർ കട്ട് ഒഴിവാക്കാൻ കൂടുതൽ വ്യക്തമായ പദ്ധതികൾ അനിവാര്യമാണ്.
പുരപ്പുറ സോളാർ സംവിധാനങ്ങൾ വഴി പകൽ സമയത്ത് സോളാർ വൈദ്യുതി ഉൽപാദിപ്പിച്ച് ഗ്രിഡിലേക്ക് നൽകുന്നുണ്ടെങ്കിലും രാത്രികാലങ്ങളിൽ ഈ വൈദ്യുതി ലഭ്യമാകാത്തത് വലിയ വെല്ലുവിളിയാണ്. ഇതിന് പരിഹാരമായി സോളാർ ഊർജം സംഭരിച്ച് രാത്രി ഉപയോഗിക്കാനായി ബാറ്ററി സ്റ്റോറേജ് പദ്ധതികൾ വ്യാപിപ്പിക്കാൻ സർക്കാർ ആലോചിക്കുന്നുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണ സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെ ഇത്തരം വികേന്ദ്രീകൃത പദ്ധതികൾ നടപ്പിലാക്കുന്നതിനായി ബജറ്റിൽ 100 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും ബാങ്ക് വായ്പകളും സബ്സിഡിയും ലഭ്യമാക്കുന്നതിനെക്കുറിച്ച് ചർച്ചകൾ നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷവും തന്റെ മുൻ നിലപാടുകളിൽ മന്ത്രി ഉറച്ചുനിൽക്കുകയാണ്.