ദാമോദരമേനോനെ സുകുമാരക്കുറുപ്പാക്കി ചിത്രീകരിച്ച സംഭവം: ദുരൂഹത അന്വേഷിക്കാൻ ക്രൈംബ്രാഞ്ച്

#ന്യൂസ് ഡെസ്ക്
സുകുമാരക്കുറുപ്പ്, ദാമോദരമേനോൻ
സുകുമാരക്കുറുപ്പ്, ദാമോദരമേനോൻ

തിരുവനന്തപുരം: ബ്രൂണൈയിൽ താമസിക്കുന്ന മലയാളി ദാമോദരമേനോനെ സുകുമാരക്കുറുപ്പാക്കി ചിത്രീകരിച്ച സംഭവത്തിലെ ദുരൂഹത അന്വേഷിക്കാൻ ക്രൈംബ്രാഞ്ച്. കേസ് അന്വേഷിച്ച മുൻപോലീസ് ഉദ്യോഗസ്ഥൻ അലി അക്ബർ, വിവരം കണ്ടെത്തിയെന്ന് അവകാശപ്പെട്ട സൈബർ വിദഗ്‌ധൻ എന്നിവരുടെ മൊഴിയെടുക്കാനാണ് ആലോചന.

സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പുണ്ടെന്ന തരത്തിൽ നടത്തിയ പ്രചാരണത്തിനുപിന്നിൽ ആസൂത്രിത ഗൂഢാലോചന നടന്നോ എന്നും പരിശോധിക്കും. ഒരു മലയാള ടെലിവിഷൻ ചാനലാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

ബ്രൂണൈയിൽ താമസിക്കുന്നത് ദാമോദര മേനോനാണെന്ന് ഉറപ്പിച്ച സാഹചര്യത്തിൽ ഇനി ഇന്റർപോളിന്റെ സഹായം തേടേണ്ടതില്ലെന്നാണ് ഉന്നത ഉദ്യോഗസ്ഥർ പറയുന്നത്. വിദേശ രാജ്യത്തേക്കുള്ള അന്വേഷണവും വേണ്ടെന്നുവെച്ചേക്കും. സുകുമാരക്കുറുപ്പിന്റെപേരിൽ നിലവിൽ റെഡ്‌കോർണർ നോട്ടീസുണ്ട്. സുകുമാരക്കുറുപ്പ് മരിച്ചെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. കുറുപ്പിന്റെ ബന്ധുക്കളിൽനിന്നടക്കം വിവരം ശേഖരിച്ചിരുന്നു.

Content Highlights: The Crime Branch will question former police officer Ali Akbar and a cyber expert over conspiracy theories after confirming that the man living in Brunei is NRK Damodara Menon, not fugitive Sukumara Kurup.