'നിയമങ്ങൾ മാറാതെ ഒരു പെണ്ണിനും നീതി കിട്ടില്ല, മോന്റെ കൂടെ ജീവിച്ച് മതിയായില്ല' ആത്മഹത്യാക്കുറിപ്പ്

പഴയങ്ങാടി: മൂന്നുവയസ്സുള്ള മകനുമായി യുവതി പുഴയിൽ ചാടി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരേ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി പോലീസ് കേസെടുത്തു. അടുത്തില വയലപ്ര യുവജന വായനശാലയ്ക്ക് സമീപം ആർഎം നിവാസിൽ എം.വി.റീമ (32), മകൻ കൃഷിവ് രാജ് എന്നിവരുടെ മരണത്തിൽ റീമയുടെ ഭർത്താവ് ടി.കമൽരാജിനെതിരേയാണ് കേസ്.
ഞായറാഴ്ച പുലർച്ചെയാണ് റീമ മകനൊപ്പം വെങ്ങര ചെമ്പല്ലിക്കുണ്ട് പുഴയിൽ ചാടി മരിച്ചത്. റീമ വീട്ടിലെഴുതിവെച്ച ആത്മഹത്യാക്കുറിപ്പിൽ, തന്റെയും മകന്റെയും മരണത്തിന് ഉത്തരവാദി ഭർത്താവ് കമൽരാജും ഭർതൃമാതാവ് ടി.പ്രേമയുമാണെന്ന് വ്യക്തമാക്കിയിരുന്നു. അമ്മയുടെ വാക്കുകേട്ട് കുട്ടിയെയും തന്നെയും ഭർതൃവീട്ടിൽനിന്ന് ഇറക്കിവിട്ടെന്നും തങ്ങളെ തിരിഞ്ഞുനോക്കാത്ത ഭർത്താവ് കുട്ടിക്കുവേണ്ടി പ്രശ്നമുണ്ടാക്കുകയാണെന്നും കത്തിലുണ്ട്.
'നിയമങ്ങൾ മാറാതെ നീതി കിട്ടില്ല'
‘മോന്റെ കൂടെ ജീവിച്ച് മതിയായില്ല. നിങ്ങളെ വിശ്വസിച്ച് ജീവിച്ച എന്റെ ജീവിതവും മോനെയും എല്ലാം പുല്ലുവില. ഇനി ഒന്നിനും ഇല്ല. ഇവിടത്തെ നിയമങ്ങൾ മാറാതെ ഒരു പെണ്ണിനും നീതി കിട്ടില്ല. എല്ലാവരെയും സംരക്ഷിച്ച് ഞങ്ങളെപ്പോലുള്ളവരെ കൊലക്ക് കൊടുക്കുന്ന നിയമം’- ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. മരണത്തിന് ഉത്തരവാദി ഭർത്താവും അയാളുടെ അമ്മയുമാണെന്ന് മൊബൈലിൽ വാട്സാപ്പിൽ ടൈപ്പ് ചെയ്ത സന്ദേശവുമുണ്ട്.
ആരോപണവുമായി ബന്ധുക്കൾ
ഇരുവരുടെയും സംസ്കാരച്ചടങ്ങ് കഴിഞ്ഞിട്ടും കുറ്റാരോപിതർക്കെതിരെ ശക്തമായ നടപടിയെടുക്കുന്നില്ലെന്നാരോപിച്ച് റീമയുടെ അച്ഛൻ മോഹനും സഹോദരീഭർത്താവ് ഷിനോജും അടുത്ത സുഹൃത്തുക്കളും വ്യാഴാഴ്ച പഴയങ്ങാടി പോലീസ് സ്റ്റേഷനിലെത്തി. വീട്ടിലെത്തിയ സിപിഎം കേന്ദ്രകമ്മിറ്റിയംഗം പി.കെ.ശ്രീമതിയെയും പരാതി അറിയിച്ചു. അവരത് ഉടൻ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്നാണ് കേസെടുത്തത്. 2016-ലാണ് ഇരിണാവ് സ്വദേശിയായ കമൽരാജുമായി റീമയുടെ വിവാഹം നടന്നത്. ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നുവെന്ന് കാണിച്ച് 2024-ൽ ഭർതൃമാതാവിനെതിരെ യുവതി കണ്ണപുരം പോലീസിൽ പരാതി നൽകിയിരുന്നു. ഈ കേസ് കോടതിയിലാണുള്ളത്.
Content Highlights: in pazhayangadi suicide abetment case filed against husband of reema