രാഹുലിനെ ജയിപ്പിച്ചത് ലീഗിനോട് ചേര്‍ന്നുനില്‍ക്കുന്ന ശക്തികള്‍- സുഭാഷിണി അലി

#എം. മഹേഷ്കുമാർ
സുഭാഷിണി അലി / ഫോട്ടോ: ബി. മുരളീകൃഷ്ണന്‍
സുഭാഷിണി അലി / ഫോട്ടോ: ബി. മുരളീകൃഷ്ണന്‍

കൊല്ലം: വയനാട് ലോക്സഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച് വിവാദ പരാമര്‍ശം നടത്തിയ പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവനെ പരോക്ഷമായി പിന്തുണച്ച് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം സുഭാഷിണി അലി. വയനാട്ടില്‍ ആദ്യം രാഹുല്‍ ഗാന്ധിയും പിന്നീട് പ്രിയങ്കയും ജയിച്ചത് ലീഗിന്റെയും അവരെ പിന്തുണയ്ക്കുന്നവരുടേയും സഹായം കൊണ്ടാണെന്നും ഏത് സാഹചര്യത്തിലാണ് വിജയരാഘവന്റെ പ്രസ്താവനയെന്ന് അറിയില്ലെന്നും സുഭാഷിണി അലി പ്രതികരിച്ചു.

 'വിവാദ പരാമര്‍ശത്തിന്റെ വിശദാംശങ്ങള്‍ കൂടുതല്‍ അറിയാന്‍ അദ്ദേഹത്തോട് ചോദിക്കണം. മുസ്‌ലിം സംഘടനകളില്‍ പല വിഭാഗങ്ങളുണ്ട്. ജ്യേഷ്ഠനും അനുജനും രാഷ്ട്രീയത്തിന്റെ പേരില്‍ മിണ്ടാതെയും രണ്ട് ധ്രുവങ്ങളില്‍ നില്‍ക്കുന്നവരുണ്ടെന്നും സുഭാഷിണി അലി പറഞ്ഞു. വര്‍ഷങ്ങളായി മുസ്ലിം ലീഗിന്റെ ശക്തമായ കോട്ടയാണ് വയനാട്. ഞാനവിടെ പല തവണ പോയിട്ടുണ്ട്. അവര്‍ക്കൊപ്പം നിന്ന ചില സംഘടനകള്‍ രാഹുലിനേയും പ്രിയങ്കയേയും സഹായിച്ചിട്ടുണ്ടാകാം. അത് അന്വേഷിക്കേണ്ടത് മാധ്യമങ്ങളാണ്.'- സുഭാഷിണി അലി പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍നിന്ന് വിജയിച്ചത് മുസ്ലീം വര്‍ഗീയ ചേരിയുടെ പിന്തുണയോടെയാണെന്നായിരുന്നു എ.വിജയരാഘവന്റെ ആരോപണം. പ്രിയങ്കയുടെ ഘോഷയാത്രയിലും ന്യൂനപക്ഷ വര്‍ഗീയതയിലെ മോശപ്പെട്ട ഘടകങ്ങളുണ്ടായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു. സി.പി.എം വയനാട് ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിലാണ് അദ്ദേഹം ഈ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. 

'വയനാട്ടില്‍ നിന്ന് രണ്ടുപേര്‍ വിജയിച്ചു. രാഹുല്‍ ഗാന്ധി വിജയിച്ചത് ആരുടെ പിന്തുണയിലാണ്? മുസ്ലീം വര്‍ഗീയ ചേരിയുടെ ദൃഢമായ പിന്തുണയില്ലെങ്കില്‍ രാഹുല്‍ ഗാന്ധി ഇവിടെനിന്ന് ഡല്‍ഹിക്കെത്തുമോ? അദ്ദേഹമല്ലേ കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ നേതാവ്? പ്രിയങ്ക ഗാന്ധി ഇവിടെ വന്നപ്പോള്‍ ആരെല്ലാമായിരുന്നു അവരുടെ ഓരോ ഘോഷയാത്രയുടേയും മുന്നിലും പിന്നിലും? ന്യൂനപക്ഷ വര്‍ഗീയതയിലെ ഏറ്റവും മോശപ്പെട്ട ഘടകങ്ങള്‍, തീവ്രവാദ ഘടകങ്ങളും വര്‍ഗീയ ഘടകങ്ങളും അതിലുണ്ടായില്ലേ' എന്നായിരുന്നു വിജയരാഘവന്റെ വാക്കുകള്‍.

Content Highlights: subhashini ali defends a vijayaraghavans remarks on wayanad polls