ഇൻസ്റ്റഗ്രാം ഹാക്ക് ചെയ്യപ്പെട്ടു; വിദ്യാർഥിയുടെ ദുരൂഹമരണത്തിൽ നിയമ നടപടിക്ക് കുടുംബം

വൈപ്പിൻ: ഞാറയ്ക്കൽ പെരുമ്പിള്ളിയിൽ വിദ്യാർഥിയുടെ ദുരൂഹമരണത്തിന്റെ കാരണങ്ങൾ കണ്ടെത്താൻ കുടുംബം നിയമനടപടിക്ക്. ഞാറയ്ക്കൽ പെരുമ്പിള്ളി കമ്മട്ടിക്കാട് അർജുൻകുമാറിനെ (17) വ്യാഴാഴ്ച കണാതാവുകയും പിറ്റേന്ന് മൃതദേഹം എളങ്കുന്നപ്പുഴ തീരത്ത് അടിയുകയുമായിരുന്നു. ഞാറയ്ക്കൽ പോലീസ് േസ്റ്റഷനിൽനിന്നും കേസ് സംബന്ധിച്ച പ്രാഥമിക വിവരങ്ങൾ ലഭിക്കുന്ന മുറയ്ക്ക് നാഷണൽ സൈബർ ക്രൈം പോർട്ടലിൽ പരാതി രജിസ്റ്റർ ചെയ്യും.
ഓൺലൈൻ ഗെയിമിന്റെ ഭാഗമായ ചലഞ്ച് ആണ് ആത്മഹത്യയ്ക്ക് പിന്നിലെന്ന് കുടുംബം കരുതുന്നില്ലെന്ന് പിതൃസഹോദരി രജനി പറഞ്ഞു. വീട്ടിൽനിന്ന് ഉച്ചഭക്ഷണം കഴിക്കാതെ തിരക്കിട്ടുപോയ അർജുൻകുമാർ മൂന്നുകിലോമീറ്റർ അകലെയുള്ള ചാപ്പക്കടപ്പുറത്ത് തനിച്ചുനടക്കുന്ന ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.
അർജുൻകുമാർ വ്യാഴാഴ്ച 2.39-വരെ വാട്സാപ്പ് ഉപയോഗിച്ചിട്ടുണ്ട്. 2.33-ന് ഫോണിൽനിന്ന് ശബ്ദസന്ദേശം വിടുന്നതായാണ് ദൃശ്യങ്ങളിലുള്ളത്. അതിനുശേഷം വളരെ അസ്വസ്ഥനായാണ് അർജുൻകുമാറിനെ കാണുന്നത്. അർജുൻകുമാറിന്റെ ഇൻസ്റ്റഗ്രാം ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ കയറാൻ നോക്കുമ്പോൾ അജ്ഞാതമായ ഒരു മെയിലിലേക്കാണ് പോകുന്നത്. ഇതിന്റെ ഉറവിടവും കണ്ടെത്തേണ്ടതുണ്ടെന്ന് പിതൃസഹോദരൻ തമ്പിയും പറഞ്ഞു.
കേന്ദ്രീയ വിദ്യാലയത്തിൽ പഠിച്ച അർജുൻകുമാറിന് മലയാളം എഴുതാനും വായിക്കാനും അത്ര വശമില്ല. ഇംഗ്ലീഷ്, ഹിന്ദിഭാഷകൾ നന്നായി കൈകാര്യം ചെയ്യും.
മലയാളികളല്ലാത്ത നിരവധി സുഹൃത്തുക്കൾ ഇൻസ്റ്റഗ്രാമിൽ ഉണ്ടായിരുന്നതായും ബന്ധുക്കൾ പറയുന്നു. രണ്ടു മാസങ്ങൾക്കുമുൻപ് ഇത്തരം ചില സുഹൃത്തുക്കൾ എറണാകുളത്തെത്തിയപ്പോൾ അവരോടൊപ്പം ഭക്ഷണം കഴിക്കാൻ പോകാൻ അമ്മയോട് അനുമതി ചോദിച്ചെങ്കിലും നിഷേധിച്ചിരുന്നു. അത്യാവശ്യം സാമൂഹികബന്ധങ്ങൾ കാത്തുസൂക്ഷിച്ചിരുന്ന അർജുൻകുമാർ മൃഗസ്‌നേഹിയും മികച്ച ഫുട്ബോൾ കളിക്കാരനുമായിരുന്നു.
Content Highlights: A 17-year-old student`s mysterious death in Vypin. His family suspects foul play and Instagram hacking. Investigation underway. Read more.