കാട്ടുപോത്തിന്റെ ആക്രമണം, ഗുരുതരപരിക്ക്; രണ്ടാഴ്ചയായിട്ടും ഓർമ്മ തിരിച്ചുകിട്ടാതെ ജിതിന

ബോവിക്കാനം (കാസർകോട്): മുളിയാർ മഞ്ചക്കല്ലിൽ രണ്ടാഴ്ച മുമ്പ് കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ നഴ്സിങ് വിദ്യാർഥിനി മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയിൽ ഇപ്പോഴും ചികിത്സയിൽ. ബന്തടുക്ക കരിവേടകം തങ്കത്തടുത്തെ സി.എം. ജിതിന (19) ആണ് ഓർമ്മപോലും നഷ്ടപ്പെട്ട് ആസ്പത്രിയിൽ കഴിയുന്നത്.
സെപ്റ്റംബർ 21-ന് പുലർച്ചെ 5.30-ന് ബോവിക്കാനം-കാനത്തൂർ റോഡിൽ മഞ്ചക്കല്ലിൽവെച്ചായിരുന്നു ആക്രമണം. മംഗളൂരുവിൽ രണ്ടാം വർഷ നഴ്സിങ് വിദ്യാർഥിനിയായ ജിതിന അയൽവാസിയായ പി. അമൽരാജിനൊപ്പം കാസർകോട്ടേക്ക് സ്‌കൂട്ടറിൽ വരുന്നതിനിടെയായിരുന്നു കാട്ടുപോത്തിന്റെ കുത്തേറ്റത്. സ്‌കൂട്ടറിന്റെ വെളിച്ചത്തിൽ കാട്ടുപോത്ത് റോഡിലേക്ക് ചാടുകയായിരുന്നു. തലയ്ക്കും ശരീരത്തിലുടനീളവും പരിക്കേറ്റ ജിതിന മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയിൽ തീവ്രപരിചരണ യൂണിറ്റിലാണ്. രഞ്ജിത്തിന്റെയും വിജയയുടെയും മകളാണ്.
നിറകണ്ണുകളോടെയും പ്രാർഥനയോടെയും കുടുംബവും ആസ്പത്രിയിൽ കഴിയുന്നു. കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റ് ആസ്പത്രിയിൽ കഴിയുന്ന ജിതിനയെ അധികൃതർ തിരിഞ്ഞ് നോക്കിയിട്ടില്ലെന്ന ആക്ഷേപവുമുണ്ട്.
ലക്ഷങ്ങളാണ് ചികിത്സയ്ക്കായി കുടുംബത്തിന് ചെലവഴിക്കേണ്ടിവന്നത്. ജിതിനയുടെ ചികിത്സയ്ക്ക് ആവശ്യമായി വരുന്ന മുഴുവൻ തുകയും വനംവകുപ്പ് നൽകണമെന്ന് കുറ്റിക്കോൽ ഗ്രാമപ്പഞ്ചായത്തംഗം ജോസ് പാറത്തട്ടേൽ ബന്ധപ്പെട്ടവർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.