'പൊന്നുമോനേ, എല്ലാരും വന്നെടാ...'; വിളികേൾക്കാൻ മിഥുൻ ഇല്ല, നിറം പകരാത്ത വരകൾ ബാക്കിയാക്കി അവൻ പോയി

മിഥുന്റെ വീട്ടിലെ ചുമരിൽ കോറിയിട്ട വരികൾ, മിഥുന് ലഭിച്ച സർട്ടിഫിക്കറ്റും മെഡലുകളുമായി സഹോദരൻ | Photo: Screengrab/ Mathrubhumi News
മിഥുന്റെ വീട്ടിലെ ചുമരിൽ കോറിയിട്ട വരികൾ, മിഥുന് ലഭിച്ച സർട്ടിഫിക്കറ്റും മെഡലുകളുമായി സഹോദരൻ | Photo: Screengrab/ Mathrubhumi News

കൊല്ലം: വീട്ടുചുവരിൽ കുത്തിവരച്ചിട്ട പാതി ചിത്രം പൂർത്തിയാക്കാതെ മിഥുൻ മടങ്ങി. 'എന്റെ പൊന്നു പോയെ, എല്ലാരും വന്നെടാ.. എന്റെ മിഥുമോനെന്തിയേ' എന്നാർത്തുവിളിച്ച് കരയുന്നുണ്ട് മുത്തശ്ശി. സ്നേഹം കോറിയിട്ട ചുവരിൽ കറുത്ത മഷികൊണ്ട് കുത്തിക്കുറിച്ചിട്ടുണ്ട്, മനു, സുജ, സുജിൻ, മിഥു... നാടൊന്നാകെ തേങ്ങുന്നുണ്ട്. കണ്ടുനിന്നവർക്ക് ആശ്വാസിപ്പിക്കാനാകാതെ പരസ്പരം നോക്കിനിൽക്കാനെ സാധിക്കുന്നുള്ളൂ. ചേട്ടൻ വരച്ച പടങ്ങൾക്ക് ഇനി നിറം പകരാൻ തനിക്കാവില്ലാല്ലോ എന്ന സങ്കടത്തിൽ ചേട്ടന്റെ മെഡലടക്കം ചൂണ്ടിക്കാട്ടി സഹോദരൻ വിങ്ങുന്നു.

സ്കൂൾ കെട്ടിടത്തോടുചേർന്നുള്ള സുരക്ഷയില്ലാത്ത വൈദ്യുതക്കമ്പിയിൽ തട്ടി ഷോക്കേറ്റാണ് മിഥുൻ പിടഞ്ഞു മരിച്ചത്. തേവലക്കര ബോയ്‌സ് ഹൈസ്കൂൾ വിദ്യാർഥിയും പടിഞ്ഞാറെ കല്ലട വലിയപാടം കിഴക്ക് അങ്കണവാടിക്കുസമീപം മനുവിലാസത്തിൽ മനുവിന്റെ മകനുമാണ് മിഥുൻ. സ്കൂൾ വളപ്പിലെ സൈക്കിൾ ഷെഡ്ഡിന് മുകളിൽ വീണ ചെരിപ്പെടുക്കാൻ കയറിയപ്പോഴാണ് ഷോക്കേറ്റത്. വ്യാഴാഴ്ച രാവിലെ ഒൻപതേകാലോടെയാണ് അപകടം.

ശാസ്താംകോട്ട താലൂക്കാശുപത്രി മോർച്ചറിയിലാണ് മിഥുന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. തുർക്കിയിലുള്ള മാതാവ് വന്ന ശേഷമായിരിക്കും സംസ്കാരം. രാത്രിയിലോ നാളെ രാവിലെയോ മാതാവ് നാട്ടിലെത്തുമെന്നാണ് വിവരം. അമ്മയ്ക്ക് കൂടി പങ്കെടുക്കാൻ പറ്റുംവിധത്തിലായിരിക്കും ചടങ്ങുകൾ ക്രമീകരിക്കുക.

'മകൻ നഷ്ടപ്പെട്ടു. മറ്റൊന്നും അതിന് ബദലാകില്ല. നഷ്ടപ്പെട്ടത് നഷ്ടപ്പെട്ടതാണ്. എങ്കിലും നമുക്ക് ചെയ്യാൻ കഴിയുന്ന എല്ലാ സഹായങ്ങളും ചെയ്യേണ്ടതുണ്ട്. മുത്തശ്ശിയുടെ ഒക്കെ കരച്ചിൽ കണ്ടതല്ലേ.ആശുപത്രിയിൽ ചെന്ന് മകനെ കണ്ടപ്പോൾ ഉറങ്ങുന്നതു പോലെയാണ് തോന്നിയത്. അത്രയും ദുഃഖമാണ്. സ്വന്തം വീട്ടിലുള്ളതു പോലുള്ള വികാരമാണ് എല്ലാവർക്കും. ഇതിന് കാരണക്കാരായവർ ഏതെങ്കിലും മുടന്തൻ ന്യായം പറഞ്ഞ് രക്ഷപ്പെടാമെന്ന് വിചാരിക്കണ്ട' -  എന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ പ്രതികരണം. 

വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ വിശദമായ തെളിവെടുപ്പ് ഇന്ന് ഉണ്ടാകും. ശാസ്താംകോട്ട ഡിവൈഎസ്പിയുടെ നേതത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. മിഥുന്റെ കൂടെപ്പഠിച്ച വിദ്യാർഥികളിൽ നിന്നും സംഭവം കണ്ട വിദ്യാർഥികളിൽ നിന്നടക്കം തെളിവുകൾ ശേഖരിക്കും. ഇന്ന് ബാലാവകാശ കമ്മിഷനും സ്ഥലത്തെത്തുന്നുണ്ട്. സംഭവത്തിൽ ഇവരും പരിശോധന നടത്തും. 

വിദ്യാർഥി ഷോക്കേറ്റ് മരിക്കാനിടയായ സാഹചര്യത്തിൽ കെഎസ്ഇബിക്കും സ്‌കൂൾ മാനേജ്‌മെന്റിനും വീഴ്ചപറ്റിയതായി പ്രാഥമിക റിപ്പോർട്ട്. കെഎസ്ഇബി കൊല്ലം ഇലക്‌ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയർ നൽകിയ റിപ്പോർട്ടിലാണ് വീഴ്ച ചൂണ്ടിക്കാട്ടുന്നത്. സ്‌കൂളിലേക്കും മറ്റൊരു സ്വകാര്യ ഉപഭോക്താവിനും വൈദ്യുതി നൽകാനുള്ള ലൈനാണിത്. ‌ഈ കമ്പി മാറ്റി കവചിത കേബിളിടണമെന്ന് ­1­5-ാം തീയതിയിൽ നടന്ന യോഗത്തിൽ കെഎസ്ഇബി ജീവനക്കാർ പറഞ്ഞിരുന്നു. അക്കാര്യം സ്‌കൂൾ മാനേജ്‌മെന്റ് പ്രസിഡന്റ് ഗോവിന്ദപ്പിള്ളയെ അറിയിക്കുകയും ചെയ്തു. അടുത്ത മാനേജ്‌മെന്റ് കമ്മിറ്റി യോഗത്തിൽ ചർച്ച ചെയ്ത് തീരുമാനം അറിയിക്കാമെന്നായിരുന്നു മറുപടി. ഷെഡ്ഡിന്റെ മേൽക്കൂരയും വൈദ്യുതി ലൈനും നിയമാനുസൃതം വേണ്ട അകലം ഉണ്ടാകാനിടയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. വിശദ അന്വേഷണം നടത്തണമെന്ന് റിപ്പോർട്ട് ശുപാർശ ചെയ്തു.

മാനേജ്മെന്റിന്റെ ഭാഗത്ത് നിന്നും കെഎസ്ഇബിയുടെ ഭാഗത്ത് നിന്നും ഡിസിപ്ലിൻ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകരുടെ ഭാഗത്ത് നിന്നടക്കം വീഴ്ച ഉണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. ബന്ധപ്പെട്ടവർക്കെതിരെ ശക്തമായ നടപടി ഉണ്ടാകണമെന്നാണ് ആവശ്യമുയരുന്നത്. 

Content Highlights: Schoolboy Electrocuted in Kollam, Kerala: Inquiry Launched into Safety Lapses