മോഷണംപോയ വാഹനത്തിന് 17,000 രൂപ പിഴ; വലഞ്ഞ് ഉടമ, ആഴ്ചകൾ കഴിഞ്ഞിട്ടും കേസെടുക്കാതെ പോലീസ്

#ന്യൂസ് ഡെസ്‌ക്
Photo: mathrubhumi archives
Photo: mathrubhumi archives

തൃശ്ശൂർ: കൈയിലിരുന്ന വാഹനവും പോയി, മോഷ്ടാക്കൾ നടത്തുന്ന നിയമലംഘനത്തിനു വരുന്ന പിഴ അടയ്ക്കുകയും വേണം. ലോൺ എടുത്തുവാങ്ങിയ വാഹനം മോഷണംപോയ അരിമ്പൂർ സ്വദേശി സുനിതാ സുരേഷിന്റെ ദുരിതം ചില്ലറയല്ല. വാഹനം തിരിച്ചുകിട്ടിയില്ലെന്ന സങ്കടത്തിനു പുറമേ, 17,000 രൂപ പിഴയാണിപ്പോൾ സുനിതയ്ക്ക് വന്നിരിക്കുന്നത്. ജനുവരി 13-ന് റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് കാണാതായ സ്‌കൂട്ടറിന്റെ പേരിലാണു സുനിതയ്ക്ക് പലതവണയായി മോട്ടോർവാഹനവകുപ്പിന്റെ പിഴനോട്ടീസ് വന്നത്.

സംഭവം നടന്ന് ആഴ്ചകളായിട്ടും തൃശ്ശൂർ വെസ്റ്റ് സ്റ്റേഷനിൽ സുനിത നൽകിയ പരാതിയിൽ കേസെടുക്കാൻപോലും പോലീസ് തയ്യാറായിട്ടില്ല. പലതവണ സ്റ്റേഷനിൽ പോയെങ്കിലും വാഹനം കൊണ്ടുപോയത് കുട്ടികളായതിനാൽ കേസെടുക്കാനാകില്ലെന്ന മറുപടിയാണു സുനിതയ്ക്ക് കിട്ടിയത്. മണിക്കൂറുകൾ സ്റ്റേഷനു മുന്നിൽ കാത്തിരുന്ന ശേഷമാണ് ഒരുതവണ സുനിതയ്ക്ക് സി.ഐ.യെ നേരിട്ട് കാണാനായത്.

റെയിൽവേ സ്റ്റേഷൻ പരിസരത്ത് സ്‌കൂട്ടർവെച്ച് തിടുക്കപ്പെട്ട് ട്രെയിനിൽ കയറാൻ പോകുമ്പോൾ താക്കോൽ എടുക്കാൻ മറന്നു. യാത്ര കഴിഞ്ഞ് വൈകീട്ട് തിരിച്ചെത്തിയപ്പോൾ വണ്ടി സ്ഥലത്തില്ല. പരിസരത്തുണ്ടായിരുന്ന ചുമട്ടുതൊഴിലാളികൾ സംശയം തോന്നി പകർത്തിയ ഫോട്ടോ കാണിച്ചപ്പോളാണ് തന്റെ വണ്ടിതന്നെയാണെന്ന് സുനിത ഉറപ്പിച്ചത്. മൂന്ന് യുവാക്കൾ വണ്ടി എടുത്തുപോകുന്നതാണ് തൊഴിലാളികൾ മൊബൈലിൽ പകർത്തിയത്.

വണ്ടിയുടെ നമ്പർ ഉൾപ്പെടെ ഫോട്ടോയിലുണ്ട്. സുനിത നൽകിയ ഈ ഫോട്ടോ കണ്ടാണ് കുട്ടികളാണ് മോഷ്ടാക്കളെന്നും കേസെടുക്കാനാകില്ലെന്നും പോലീസ് പറയുന്നത്.

അതേസമയം, നിയമലംഘനത്തിന്റെ പേരിൽ സുനിതയ്ക്ക് പിഴ വരുന്നത് തുടരുകയാണ്. ഏറ്റവും ഒടുവിൽ ഫെബ്രുവരി ഒൻപതിന് രാത്രിയിൽ വലപ്പാട്ടുനിന്നുള്ള ദൃശ്യം സഹിതമാണ് നോട്ടീസ് കിട്ടിയത്. രണ്ടു യുവാക്കളും ഒരു യുവതിയും ഹെൽമെറ്റിടാതെ സ്‌കൂട്ടറിൽ പോകുന്നതാണ് ദൃശ്യം. എന്തെങ്കിലും കുറ്റകൃത്യത്തിന് മോഷ്ടാക്കൾ ഈ വാഹനം ഉപയോഗിച്ചാലോയെന്ന ആശങ്കയും സുനിതയ്ക്കുണ്ട്.

സ്വകാര്യ കമ്പനിയിൽ ശുചീകരണജോലിക്കാരിയായ ഇവർ ഏറെ പ്രയാസപ്പെട്ടാണ് വാഹനം വാങ്ങിയത്. പലിശയടക്കം 1,87,000 രൂപയാണ് ചെലവായത്. ഇതിന്റെ അടവുപോലും കഴിഞ്ഞിട്ടില്ല. ആഴ്ചകൾ പിന്നിട്ടിട്ടും വാഹനം കണ്ടെത്താൻ പോലീസ് ശ്രമിക്കാത്ത സാഹചര്യത്തിൽ കഴിഞ്ഞ ദിവസം സുനിത സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നൽകി.

Content Highlights: Owner faces Rs 17,000 fine for stolen scooter. Police delay in filing case leaves her distressed. Read the full story.