‘അണ്ണാ സോറി....’; മോഷ്ടിച്ച ഏണി ക്ഷമാപണത്തോടെ തിരികെയെത്തിച്ച് കള്ളന്മാർ

#ന്യൂസ് ഡെസ്ക്
ഏണിക്കൊപ്പം ലഭിച്ച കത്ത്, ഏണി(എഐ നിർമിത പ്രതീകാത്മക ചിത്രം)
ഏണിക്കൊപ്പം ലഭിച്ച കത്ത്, ഏണി(എഐ നിർമിത പ്രതീകാത്മക ചിത്രം)

അരുവിക്കര: അരുവിക്കരയ്‌ക്കു സമീപം വട്ടക്കുളത്തെ പവർ ടൂൾസ് വാടകയ്ക്കു കൊടുക്കുന്ന സ്ഥാപനത്തിൽനിന്നു മോഷ്‌ടിച്ച ഏണി ക്ഷമാപണം നടത്തിയ കത്തോടെ തിരികെയെത്തിച്ച് കള്ളന്മാർ. വട്ടക്കുളം എം.കെ. പവർ ടൂൾസിൽ നിന്ന്‌ കഴിഞ്ഞ 27-ന് മോഷണംപോയ പുതിയ അലുമിനിയം ഏണിയാണ് 30-ന് ഉച്ചയ്ക്ക് തിരികെയെത്തിച്ചത്.

കഴിഞ്ഞ 29-ാം തീയതിയാണ് സ്ഥാപനത്തിന് പുറത്തുവെച്ചിരുന്ന ഏണി കാണാതായതായി ഉടമയറിയുന്നത്. തുടർന്ന് സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് 27-ാം തീയതി ഉച്ചയ്ക്ക് കടയുടമ അൻവറും ഭാര്യ ജസീനയും കടയോടുചേർന്നുള്ള വീട്ടിൽ ഭക്ഷണം കഴിക്കാൻ പോയ സമയത്ത് പാറശ്ശാല രജിസ്ട്രേഷനുള്ള ബൈക്കിലെത്തിയ മൂന്നുപേർ ഏണിയുമെടുത്ത് ബൈക്കിൽ കടന്നുകളയുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഇവർ അരുവിക്കര പോലീസിൽ പരാതി നൽകി.

ഇതിനിടെ ഏണി എടുത്തുകൊണ്ടുപോകുന്ന സി.സി.ടി.വി. ദൃശ്യങ്ങൾ അരുവിക്കരയിലെ പല വാട്സാപ്പ് ഗ്രൂപ്പുകളിലും പ്രചരിച്ചു. ഇത് ശ്രദ്ധയിൽ പ്പെട്ടിട്ടാകണം ഏണിയെടുത്തുകൊണ്ടുപോയവർ 30-ാം തീയതി ഉച്ചയ്ക്ക് ഏണിയും കൂടെ ക്ഷമാപണം നടത്തിയ കത്തും ആരും കാണാതെ സ്ഥാപനത്തിന്റെ മുന്നിൽ ചാരിവെച്ചിട്ട് കടന്നുകളഞ്ഞു. അണ്ണാ സോറി.... എന്നാരംഭിക്കുന്ന കത്തിൽ കുഴിയിൽവീണ ഒരു സാധനം എടുക്കാൻ വേണ്ടിയാണ് ഏണി എടുത്തതെന്നും നേരത്തേ തിരികെ കൊണ്ടുവെക്കണം എന്നു കരുതിയതാണെന്നും പെട്ടെന്ന് ഒരുസ്ഥലത്ത് പോകേണ്ടിവന്നെന്നും പറയുന്നുണ്ട്. മൂന്നു പ്രാവശ്യം സോറി പറഞ്ഞാണ് കത്ത് അവസാനിപ്പിച്ചിരിക്കുന്നത്.