സംസ്ഥാന മന്ത്രിസഭ പരാജയം, ആഭ്യന്തര വകുപ്പിന് വീഴ്ച; സി.പി.എം. ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം

#കണ്ണന്‍ നായര്‍
മുഖ്യമന്ത്രി പിണറായി വിജയന്‍ | ഫോട്ടോ: മാതൃഭൂമി
മുഖ്യമന്ത്രി പിണറായി വിജയന്‍ | ഫോട്ടോ: മാതൃഭൂമി

കൊല്ലം: സി.പി.എം. കൊല്ലം ജില്ലാ സമ്മേളനത്തില്‍ സംസ്ഥാന മന്ത്രിസഭ പരാജയമെന്ന തരത്തില്‍ വിമര്‍ശനം. മുന്‍പരിചയമുള്ളവരെ മന്ത്രിസ്ഥാനത്തുനിന്ന് നീക്കിയത് തിരിച്ചടിയായി. ഇത് സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ത്തെന്നും അഞ്ചാലുംമൂട്ടില്‍നിന്നുള്ള പ്രതിനിധി സംഘം സമ്മേളനത്തില്‍  അഭിപ്രായപ്പെട്ടു. 

മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പിനെതിരേയും രൂക്ഷമായ വിമര്‍ശനമുണ്ടായി. കടയ്ക്കലില്‍നിന്നുള്ള പ്രതിനിധി സംഘമാണ് ഈ വിമര്‍ശനം നടത്തിയത്. കിളികൊല്ലൂര്‍ കേസ് മുന്‍നിര്‍ത്തിയാണ് പോലീസിനെതിരായ വിമര്‍ശനം. എന്നാല്‍ ചില പോലീസ് സ്‌റ്റേഷനുകളിലുണ്ടാകുന്ന അനുഭവങ്ങളെ മുന്‍നിര്‍ത്തി ആഭ്യന്തര വകുപ്പ് പരാജയമാണെന്ന വിലയിരുത്തലിലേക്ക് പോകരുതെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി എസ്. സുദേവന്‍ ഇതിനോട് പ്രതികരിച്ചു. 

മുഖ്യമന്ത്രി പോളിറ്റ് ബ്യൂറോ അംഗമെന്ന നിലയില്‍ ആ ഉത്തരവാദിത്വം നിറവേറ്റാന്‍ സാധിക്കുന്നുണ്ടോ എന്നതില്‍ സംശയമുണ്ടെന്ന വിമര്‍ശനവും ഉയര്‍ന്നു. മന്ത്രിസഭയില്‍ പകുതി പഴയ മന്ത്രിമാരെയും പകുതി പുതിയ മന്ത്രിമാരെയും ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ ഈതരത്തിലുള്ള പ്രശ്‌നങ്ങളുണ്ടാകുമായിരുന്നില്ല. കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റിയിലെ വിഭാഗീയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ ജില്ലാ നേതൃത്വം പരാജയപ്പെട്ടെന്നും സമ്മേളനത്തില്‍ ചര്‍ച്ചയായി.
 

Content Highlights: state cabinet failure home department failurecpm criticism at the district conference kollam