ക്രിസ്മസ് സമ്മാനം; മയ്യഴിക്കാരുടെ ദേവാലയം ബസലിക്കയാവുമ്പോള്‍

മയ്യഴിയുടെ അമ്മ- ആവിലായില്‍നിന്നുള്ള വിശുദ്ധ ത്രേസ്യയെ മയ്യഴിക്കാര്‍ എന്നും കരുതിപ്പോന്നത് ആ നിലയിലാണ്. മയ്യഴിയിലൂടെ കടന്നുപോകുന്നവരും മയ്യഴിയെ പറ്റി കേട്ടറിഞ്ഞവരും വിശുദ്ധ ത്രേസ്യയെ മനസ്സാലെങ്കിലും വണങ്ങാതെ പോകാറില്ല. തലശ്ശേരി- കോഴിക്കോട് ദേശീയപാതയോരത്ത് മയ്യഴിയിലെ സെയിന്റ് തെരേസാസ് ദേവാലയത്തിലെത്തി നൂറുകണക്കിനാളുകള്‍ മെഴുകുതിരി കത്തിച്ച് സങ്കടങ്ങള്‍ ഉണര്‍ത്തിക്കും. വാഹനങ്ങളില്‍ പോകുന്നവരില്‍ അമ്മയെ അറിയുന്നവര്‍ പലരും നേര്‍ച്ചപ്പെട്ടിയിലേക്ക് പണം എറിഞ്ഞുനല്‍കും. ഒരു ജീവനക്കാരന്‍ അതെല്ലാം കൃത്യമായി പെറുക്കി പെട്ടിയിലിടും. അവരുടെ ശ്രദ്ധയില്‍ പതിയാതെ പോകുന്ന നാണയത്തുട്ടുകള്‍ വഴിപോക്കരും കണ്ടെത്തി അമ്മക്ക് സമര്‍പ്പിക്കും.
അങ്ങനെ മയ്യഴിക്കാരുടെയും മയ്യഴിയിലെത്തുന്നവരുടെയുമെല്ലാം മനസ്സില്‍ ഇടം പിടിച്ച ദേവാലയം ഇപ്പോള്‍ മാര്‍പാപ്പ ബസിലിക്കയായി ഉയര്‍ത്തുമ്പോള്‍ മയ്യഴിയുടെ കീര്‍ത്തി ലോകമാകെ പരക്കുന്നു. വടക്കന്‍ കേരളത്തിലെ ആദ്യ ബസലിക്ക, കേരളത്തിലെ പതിനൊന്നാമത് ബസലിക്ക എന്നീ വിശേഷണങ്ങൾ കൂടിയുണ്ട് മയ്യഴിയുടെ ഈ ദേവാലയത്തിന്. ഫ്രാന്‍സിസ് പാപ്പ വിശ്വാസികള്‍ക്കും മയ്യഴിക്കും നല്‍കിയ ക്രിസ്മസ് സമ്മാനം കൂടിയാണ് ഈ ബസലിക്ക പദവി.
മാഹി പള്ളി എക്കാലത്തും മയ്യഴിക്കാരുടെ വിശേഷപ്പെട്ട ഒരിടമാണ്. തെരേസാ പുണ്യവതിയുടെ തിരുനാളാഘോഷത്തില്‍ പങ്കുചേരാന്‍ ദൂരദിക്കുകളില്‍ നിന്ന് പോലും പലരും കൃത്യമായി വര്‍ഷാവര്‍ഷം എത്തും. മാഹി പള്ളിയിലെ തിരുനാളും പുത്തലം ക്ഷേത്രത്തിലെ തിറയുത്സവവുമാണ് മയ്യഴിയിലെ പഴയ തലമുറയുടെ ഓരോ കൊല്ലത്തെയും വിശേഷങ്ങളെ നിശ്ചയിച്ചിരുന്നതെന്ന് പറഞ്ഞാലും തെറ്റില്ല. മാഹി പള്ളിയില്‍ പോയി മെഴുകുതിരി കത്തിച്ചോ തെരേസാ പുണ്യവതിക്ക് മുല്ലമാല ചാര്‍ത്തിയോ സങ്കടങ്ങള്‍ ഉണര്‍ത്തിക്കുന്നവരില്‍ എല്ലാ ജാതി മതക്കാരും ഉണ്ടായിരുന്നു. പള്ളിയുടെ പ്രവര്‍ത്തനത്തിലാകട്ടെ അങ്ങിനെ ഒരു വിഭജനമോ വിവേചനമോ ആരും എവിടെയും കാണിച്ചതുമില്ല.
ഞങ്ങളുടെ കുട്ടിക്കാലത്തുതന്നെ മനസ്സില്‍ പതിഞ്ഞ ഈ ചിത്രങ്ങള്‍ക്ക് ഇപ്പോഴും വലിയ മാറ്റമൊന്നുമില്ല. എണ്‍പതുകളുടെ ആദ്യപാദം വരെ മാഹി പള്ളിക്കടുത്തുള്ള ജവഹര്‍ലാല്‍ നെഹ്‌റു ഹൈസ്‌കൂള്‍ കെട്ടിടത്തിലായിരുന്നു മാഹി മഹാത്മാഗാന്ധി ഗവ. ആര്‍ട്സ് കോളേജ് പ്രവര്‍ത്തിച്ചത്. അക്കാലത്ത് പരീക്ഷ തുടങ്ങുമ്പോഴൊക്കെ പുണ്യവതിക്ക് ഒരു മെഴുകുതിരി കത്തിക്കലായിരുന്നു പരീക്ഷ എളുപ്പമായി കിട്ടാനുള്ള പലരുടെയും പ്രാര്‍ത്ഥന. പ്രണയം പൂവണിയാന്‍ പ്രയത്നിക്കുന്നവരും പ്രണയം പൊട്ടിപ്പോയവരുമൊക്കെ ഇങ്ങിനെ മാതാവിനെ വണങ്ങാനെത്തും.
ഒക്ടോബര്‍ ആദ്യവാരമെത്തുന്ന പള്ളി പെരുന്നാളാണ് മറ്റൊരു ആഘോഷം. മയ്യഴിയിലെ എല്ലാ കുട്ടികള്‍ക്കും അക്കാലത്ത് വീട്ടില്‍നിന്ന് പൂര്‍ണ്ണസ്വാതന്ത്ര്യം ലഭിക്കുന്ന ദിവസങ്ങളാണത്. രാതി വൈകി വരെ നീളുന്ന ആഘോഷങ്ങള്‍, ജനക്കൂട്ടം, ഹലുവാ കച്ചവടം, മലയോരങ്ങളില്‍നിന്ന് ജീപ്പുകളിലായി കുതിച്ചെത്തുന്ന നൂറുകണക്കിനാളുകള്‍, വിദേശനാടുകളില്‍ നിന്നെത്തുന്ന സഞ്ചാരികള്‍, ഇരുട്ടിന്റെ മറവിലും നടക്കുന്ന മദ്യക്കച്ചവടം, അമ്മയുടെ തിരുസ്വരൂപവുമായി നഗരം ചുറ്റുന്ന ഘോഷയാത്ര, പ്രധാന ഉത്സവ നാളില്‍ പുലര്‍ച്ചെ പള്ളിക്ക് മുന്നില്‍ ആഗ്രഹപൂര്‍ത്തീകരണത്തിനായി നടക്കുന്ന വിശ്വാസികളുടെ ശയനപ്രദക്ഷിണം എന്നിങ്ങനെ മയ്യഴി പെരുന്നാള്‍ മനസ്സില്‍ തീര്‍ത്തുതന്ന ചിത്രങ്ങള്‍ക്ക് ഇന്നും മങ്ങലേറ്റിട്ടില്ല. ഓരോ തിരുനാളും എല്ലാ മയ്യഴിക്കാരെയും മാടിവിളിക്കുന്നതും ഇതൊക്കെ കൊണ്ടുതന്നെ. ശതാബ്ദി നിറവിലുള്ള കോഴിക്കോട് രൂപതയ്ക്ക് ലഭിച്ച വലിയ അംഗീകാരം കൂടിയാണ് മയ്യഴിയിലെ ദേവാലയത്തിന് ലഭിച്ച ബസലിക്ക പദവി പ്രഖ്യാപനവും.
1515 മാര്‍ച്ച് 28-ന് ഇറ്റലിയിലെ ആവില എന്ന സ്ഥലത്താണ് പിന്നീട് വിശ്വാസികള്‍ക്ക് പുണ്യവതിയും അമ്മയുമായി മാറിയ തെരേസയുടെ ജനനം. 1622-ലാണ് അവരെ പുണ്യവതിയായി പോപ്പ് പ്രഖ്യാപിക്കുന്നത്. 1970-ല്‍ കത്തോലിക്കാ സഭയുടെ ആദ്യ വനിതാ ഡോക്ടര്‍ എന്ന പദവി പോള്‍ ആറാമന്‍ മാര്‍പ്പാപ്പയാണ് പ്രഖാപിച്ചത്. ചെറിയ പ്രായത്തില്‍ തന്നെ ധാരാളം അദ്ഭുത പ്രവര്‍ത്തനങ്ങളുടെ പേരില്‍ തെരേസ എന്ന കന്യാസ്ത്രീ അറിയപ്പെട്ടിരുന്നു. ആ പ്രവര്‍ത്തനങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് പിന്നീട് വിശുദ്ധ പട്ടം അവര്‍ക്കായി സമര്‍പ്പിക്കപ്പെട്ടതും.
സ്പെയിനിയെ ആവിലയില്‍ ജനിച്ച കന്യാസ്ത്രീ എങ്ങിനെ മയ്യഴിയുടെ മാതാവായി എന്നതിന് പിന്നിലും ഐതിഹ്യങ്ങളുണ്ട്. അറബിക്കടലിലൂടെ വിശുദ്ധ തെരേസയുടെ പ്രതിമയുമായി പ്രത്യേകമായി നീങ്ങിയ ഒരു കപ്പല്‍ മയ്യഴിയുടെ ഭാഗത്ത് എത്തിയതോടെ കടലില്‍ നിശ്ചലമായി. കപ്പിത്താന്മാര്‍ എത്ര അദ്ധ്വാനിച്ചിട്ടും കപ്പല്‍ ഒരിഞ്ച് അനങ്ങിയില്ലത്രെ. ഒടുവില്‍ ഇതാണ് സെയിന്റ് തെരേസയുടെ പ്രിയപ്പെട്ട ഇടം എന്ന തിരിച്ചറിഞ്ഞ നാവികരും സഭയും വൈദികരുമെല്ലാം പ്രതിമ മയ്യഴി തീരത്തേക്ക് കൊണ്ടുവന്നു. അവിടെയുണ്ടായിരുന്ന ചെറിയ ക്രിസ്ത്യന്‍ പള്ളിയില്‍ അത് പ്രതിഷ്ഠിച്ചു എന്നാണ് ഒരു വിശ്വാസം.
അതല്ല, കടലില്‍ മീന്‍പിടിക്കാന്‍ പോയ ഒരു സംഘം മുക്കുവരുടെ വലയില്‍ കുടുങ്ങിയ പ്രതിമ അവര്‍ മയ്യഴി തീരത്തേക്ക് കൊണ്ടുവന്നുവെന്നും അവിടെ പള്ളിയില്‍ അത് സ്ഥാപിച്ചുവെന്നും മറ്റൊരു കഥയുമുണ്ട്. അതെന്തായാലും ആവിലയുടെ അമ്മക്ക് മയ്യഴി സ്വന്തം മണ്ണായി എന്നത് ചരിത്രം. മാഹി പള്ളിയോട് ചേര്‍ന്നുള്ള പല സ്ഥാപനങ്ങളുടെയും പേരും ആവിലയുമായി ബന്ധപ്പെട്ടുകിടക്കുന്നു. മയ്യഴിയുടെ കഥാകാരനായ എം.മുകുന്ദനും ആവില പ്രിയപ്പെട്ട വിഷയവും കഥാതന്തുവുമായി. 'ആവിലായിലെ സൂര്യോദയം' എന്നത് മുകുന്ദന്റെ ഒരു നോവലിന്റെ പേരാണെന്നതും യാദൃശ്ചികമല്ല.
1736-ലാണ് കടത്തനാട് രാജയുടെ ആശീര്‍വാദത്തോടെ മയ്യഴിയില്‍ ആദ്യമായി ക്രിസ്ത്യാനികള്‍ക്കായി ഒരു പ്രാര്‍ഥനാകേന്ദ്രം ഉയരുന്നത്. 1779-ല്‍ മയ്യഴിയുടെ ആധിപത്യത്തിന് വേണ്ടി മല്‍സരിച്ച പോര്‍ച്ചുഗീസുകാരും ഫ്രഞ്ചുകാരും തമ്മിലുള്ള യുദ്ധത്തിനിടയില്‍ കെട്ടിടത്തിന് വലിയ നാശം സംഭവിച്ചു. 1788-ലാണ് പള്ളി പുനര്‍ നിര്‍മ്മിച്ചത്. 1855-ല്‍ ഇന്ന് കാണുന്ന വലിയ ഗോപുരവും അതില്‍ ക്ലോക്കും സ്ഥാപിച്ചു. ക്ലോക്ക് പോലെതന്നെ പ്രശസ്തമാണ് പള്ളിയിലെ നാഴിക മണിയും. രണ്ടും വിദേശത്തുനിന്ന് മയ്യഴിയിലെത്തിച്ചതാണ്. 1956-ല്‍ വീണ്ടും പള്ളി കൂടുതല്‍ ശോഭയോടെ നവീകരിച്ചു. പള്ളി ഗോപുരത്തിലെ വലിയ ക്ലോക്ക് എത്രയോ കാലം മയ്യഴിയുടെ സമയം ക്രമീകരിച്ചു. നാഴികമണി നാട്ടുകാരെ ഉണര്‍ത്തി. ഇപ്പോള്‍ ബസലിക്ക എന്ന പദവി കൂടി ലഭിക്കുമ്പോള്‍ ആവിലായിലെ വിശുദ്ധമാതാവിന്റെ പേരിലുള്ള ദേവാലയം മയ്യഴിയുടെ അഭിമാനം ഒന്നുകൂടി ഉയര്‍ത്തുന്നു.
Content Highlights: st teresa church mahe basilica