പരീക്ഷാഫലം അറിയാതെ റിഹാൻ ICU-വിൽ; ആഘോഷങ്ങൾ ഒഴിവാക്കി പ്രാർഥനയോടെ കൂട്ടുകാർ പുറത്ത്

ഗുരുവായൂർ: റിഹാനില്ലാതെ അവർക്കെന്താഘോഷം. വിജയത്തിന്റെ ആഹ്ലാദം കൂട്ടുകാരനൊപ്പം മാത്രം പങ്കിടുമെന്നുറപ്പിച്ച് അവർ ഒമ്പതുപേരും ഐ.സി.യു.വിനു പുറത്ത് കാത്തിരിക്കുകയാണ്, പ്രാർഥനയോടെ. എസ്.എസ്.എൽ.സി. ഫലമറിയുന്നതിന്റെ തലേന്നായിരുന്നു ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥി റിഹാന് വാഹനാപകടമുണ്ടായത്.
ഗുരുതരപരിക്കുകളോടെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിറ്റേന്ന് വിജയത്തിന്റെ സന്തോഷം അറിയിക്കാൻ ഉറ്റകൂട്ടുകാരായ ഒമ്പതുപേർ ആശുപത്രിയിലേക്ക് എത്തിയപ്പോഴേക്കും റിഹാനെ ഐ.സി.യു.വിലേക്ക് മാറ്റിയിരുന്നു. ആശുപത്രിക്കു മുന്നിൽനിന്ന് അവർ വിങ്ങിപ്പൊട്ടി. അവനില്ലാത്ത ഒരാഘോഷം തങ്ങൾക്കും വേണ്ടെന്ന് അവർ തീരുമാനിച്ചു. കൂട്ടുകാർ പുറത്ത് കാത്തിരിപ്പ് തുടരുകയാണ്.
തൊഴിയൂർ ഐ.സി.എ. കോളേജിനു മുന്നിൽവെച്ചാണ് റിഹാൻ ബൈക്ക് അപകടത്തിൽപ്പെട്ടത്. മുഖമാകെ തകർന്നു. താടിയെല്ല് പൊട്ടി. മൂക്കിന്റെ മുകൾഭാഗം പൊട്ടിയമർന്നു. ഫലമറിഞ്ഞാൽ 'അടിച്ചുപൊളിക്കണ'മെന്ന് തീരുമാനിച്ചുറപ്പിച്ചതാണ് സുഹൃദ്‌സംഘം. പക്ഷേ, റിഹാനുണ്ടായ അപകടം, കൂട്ടുകാരെയും തളർത്തി. മധുരം നുണയാൻപോലും അവർ മുതിർന്നില്ല. മുഴുവൻ നേരവും ആശുപത്രിവരാന്തയിൽ കഴിച്ചുകൂട്ടുകയാണ് ഈ കൂട്ടുകാർ.
അവർക്കൊപ്പം പ്രധാനാധ്യാപിക ജൂലിയറ്റും എത്താറുണ്ട്. സുഖമായി അവൻ തിരിച്ചുവരുന്നതുവരെ ഞങ്ങൾ ഇവിടെത്തന്നെയുണ്ടാകുമെന്നാണ് കൂട്ടുകാർ പറയുന്നത്. മുഹമ്മദ് റിയാൻ, അജ്മൽ, അഭിനവ്, ഹരികേഷ്, റെസീം, അൻസ്, അസ്ലാം, അനുരാഗ്, ഗൗതം തുടങ്ങിയവരാണ് ഈ കൂട്ടുകാർ. കോട്ടപ്പടി പിള്ളക്കാട് നാലകത്ത് റഫീഖിന്റെയും ഫാത്തിമയുടെയും മകനാണ് റിഹാൻ.
Content Highlights: SSLC student Rihan hospitalized in ICU after a severe bike accident., Friends decide to forgo exam result celebrations in solidarity., The student group remains at the hospital waiting for his recovery., Community and school support for the student and his family.