തന്ത്രിയോട് സർക്കാരിന്റെ പ്രതികാര നടപടി, മുഖ്യമന്ത്രി മാപ്പ് പറയണം- പിഎസ് ശ്രീധരൻപിള്ള

പത്തനംതിട്ട: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന സമരങ്ങളെക്കുറിച്ചും അന്ന് താൻ സ്വീകരിച്ച നിലപാടുകളെക്കുറിച്ചും നിർണ്ണായകമായ വെളിപ്പെടുത്തലുകളുമായി ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള. തന്റെ പുതിയ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള 'ശബരിമല സമരവും സുവർണാവസര വിധിയും' എന്ന അധ്യായത്തിലെ വിവരങ്ങളാണ് അദ്ദേഹം പങ്കുവെച്ചത്. രാഷ്ട്രീയമായ താൽപ്പര്യങ്ങൾക്കായി ഭരണകൂടം സംവിധാനങ്ങളെ ദുരുപയോഗം ചെയ്തതിന്റെ ഫലമാണ് അന്നുണ്ടായ കേസുകളെന്ന് അദ്ദേഹം ആരോപിച്ചു.
വിവാദമായ "സുവർണാവസരം" എന്ന പരാമർശം ഒരു ഗാന്ധിയൻ മാതൃകയിലുള്ള സമരത്തിനുള്ള അവസരത്തെക്കുറിച്ചായിരുന്നുവെന്ന് ശ്രീധരൻ പിള്ള വിശദീകരിച്ചു. ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ അധ്യക്ഷൻ എന്ന നിലയിൽ തന്റെ പ്രവർത്തകർക്ക് നിർദ്ദേശം നൽകാൻ തനിക്ക് അവകാശമുണ്ടെന്നും ഹൈക്കോടതി ഈ കേസ് അഡ്മിഷൻ ഘട്ടത്തിൽ തന്നെ തള്ളിക്കളഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു.
യുവതികൾ മലകയറാൻ എത്തിയ ഘട്ടത്തിൽ നട അടച്ചിടാമെന്ന് തന്ത്രിക്ക് ഉപദേശം നൽകിയത് താനാണെന്ന് ശ്രീധരൻ പിള്ള വെളിപ്പെടുത്തി. ഇത് കോടതിയലക്ഷ്യമാകില്ലെന്ന് താൻ അദ്ദേഹത്തിന് ഉറപ്പ് നൽകിയിരുന്നു. ആചാരാനുഷ്ഠാനങ്ങളുടെ ലംഘനം ഉണ്ടാകാതിരിക്കാൻ നട അടച്ചിടുന്നത് നിയമപരമായ അവകാശമാണെന്നും നടപടി ഉണ്ടായാൽ ആദ്യത്തെ പ്രതിയായി താൻ വരാമെന്ന് തന്ത്രിക്ക് വാക്ക് നൽകിയിരുന്നതായും അദ്ദേഹം വ്യക്തമാക്കി.
അന്നത്തെ പ്രതിഷേധങ്ങൾക്കിടയിൽ രഹ്ന ഫാത്തിമ, കവിത എന്നിവരെ പോലീസ് യൂണിഫോം ധരിപ്പിച്ചു പതിനെട്ടാം പടി വരെ എത്തിക്കാൻ ശ്രമിച്ചത് സ്റ്റേറ്റ് സ്പോൺസേർഡ് യാത്രയായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. അവരുടെ ഇരുമുടിക്കെട്ടിൽ ആചാരപ്രകാരമുള്ള സാധനങ്ങളല്ല മറിച്ച് ഓറഞ്ചും ആപ്പിളുമാണ് ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു ഭരണകൂടത്തിന് ഇത്തരം നടപടികൾ ഭൂഷണമാണോ എന്നും അദ്ദേഹം ചോദിച്ചു.
തന്ത്രിക്കെതിരെയും തനിക്കെതിരെയും നൽകിയ കോടതിലക്ഷ്യ ഹർജികൾ സുപ്രീം കോടതി തള്ളിയ കാര്യവും ശ്രീധരൻ പിള്ള ഓർമ്മിപ്പിച്ചു. താൻ നൽകിയ ഉപദേശം നിയമവിരുദ്ധമായിരുന്നില്ല എന്നതിന്റെ തെളിവാണ് കോടതിയുടെ ഈ നിലപാടുകളെന്നും എന്നാൽ ഈ വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ മാധ്യമങ്ങൾക്ക് പോലും സാധിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സർക്കാരിന്റെ നീക്കങ്ങൾ പരാജയപ്പെട്ടപ്പോൾ ഉണ്ടായ പ്രതികാര നടപടിയാണ് കേസുകളെന്നും അദ്ദേഹം പറയുന്നു.
41 ദിവസം തന്ത്രിയെ ജയിലിലടച്ചത് കേരളം ഭരിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഗൂഢാലോചനയുടെ ഫലമാണെന്ന് അദ്ദേഹം ആരോപിച്ചു. ജാമ്യാപേക്ഷയിലെ 90 പേജോളം വരുന്ന വിധിന്യായത്തിൽ കേസിൽ തെളിവിന്റെ കണിക പോലുമില്ലെന്ന് കോടതി നിരീക്ഷിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഗൂഢാലോചന കുറ്റം ആരോപിക്കുമ്പോൾ അത് കൃത്യമായി പരിശോധിക്കണമെന്ന നിയമവ്യവസ്ഥ ഇവിടെ ലംഘിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ ഈ വിഷയത്തിൽ മാപ്പ് പറണമെന്ന് ശ്രീധരൻ പിള്ള ആവശ്യപ്പെട്ടു. സർക്കാർ സ്പോൺസർ ചെയ്ത പദ്ധതികൾ പരാജയപ്പെട്ടപ്പോൾ ഉണ്ടായ ദയനീയമായ തിരിച്ചടിയുടെ പ്രതികാരമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: Former BJP chief P.S. Sreedharan Pillai reveals his role in Sabarimala protests.