മധുരതരം ഈ ആദ്യക്ഷരം; രോഗത്തെ തോല്‍പ്പിച്ച് സ്‌കൂളിലേക്ക് കാലടികള്‍വെച്ച് ഇവാനെത്തി

#പ്രശാന്ത് പാലേരി
പാലേരി എംഎൽപി സ്കൂളിൽ മുഹമ്മദ് ഇവാനെ അധ്യാപകരും വിദ്യാർഥികളും സ്വീകരിക്കുന്നു
പാലേരി എംഎൽപി സ്കൂളിൽ മുഹമ്മദ് ഇവാനെ അധ്യാപകരും വിദ്യാർഥികളും സ്വീകരിക്കുന്നു

പേരാമ്പ്ര: പാലേരിയിലെ കല്ലുള്ളതില്‍ മുഹമ്മദ് ഇവാനും കുടുംബത്തിനും സന്തോഷത്തിന്റെ നിമിഷമായിരുന്നു വ്യാഴാഴ്ച. ഉപ്പ നൗഫലിന്റെ കൈപിടിച്ചെത്തി ആദ്യക്ഷരം പഠിക്കാന്‍ പാലേരി എംഎല്‍പി സ്‌കൂളിലേക്ക് കാലെടുത്തുവെച്ച നിമിഷങ്ങള്‍. ഇനി കൊച്ചുകൂട്ടുകാര്‍ക്കൊപ്പം കളിച്ചുരസിക്കാം. അറിവിന്റെ പുതിയ ലോകത്തേക്ക് ഈ അഞ്ചുവയസ്സുകാരന് പിച്ചവെക്കാം. അപൂര്‍വമായ സ്‌പൈനല്‍ മാസ്‌കുലാര്‍ അട്രോഫി (എസ്എംഎ) അസുഖം ബാധിച്ച് മസിലുകള്‍ തളര്‍ന്നുപോയ കാലത്തില്‍നിന്ന് സ്‌കൂളിന്റെ പടികടന്നെത്താന്‍ കഴിഞ്ഞതിന്റെ ആഹ്ലാദമായിരുന്നു എല്ലാവര്‍ക്കും. ഒരു നാടിന്റെ സ്‌നേഹത്തിന്റെയും പിന്തുണയുടെയും ഫലം.

പ്രധാനാധ്യാപകന്‍ ടി. നാസര്‍, മാനേജര്‍ കെ. സിദ്ദീഖ് തങ്ങള്‍, പിടിഎ പ്രസിഡന്റ് നാദിറ റിയാസ് എന്നിവരുടെ നേതൃത്വത്തില്‍ അധ്യാപകരും വിദ്യാര്‍ഥികളുമെല്ലാം ചേര്‍ന്ന് പൂക്കളും മധുരവും നല്‍കിയാണ് ഇവാനെ സ്‌കൂളിലേക്ക് വരവേറ്റത്. സ്‌കൂള്‍കവാടത്തിന് മുന്നില്‍ വര്‍ണബലൂണുകള്‍ കൈകളിലേന്തി ഇരുവരികളായിനിന്ന് പൂക്കള്‍ വിതറി വിദ്യാര്‍ഥികള്‍ സ്വീകരിച്ചു. എല്‍കെജിയിലെ സഹപാഠികള്‍ പാട്ടുപാടി, കുശലം ചോദിച്ച് അരികില്‍ പരിചയപ്പെടാനെത്തി.

രണ്ടുവയസ്സായിട്ടും എഴുന്നേറ്റ് നടക്കാന്‍ കഴിയാത്തതിനാല്‍ നടത്തിയ വൈദ്യപരിശോധനയിലാണ് എസ്എംഎ അസുഖമാണെന്ന് വ്യക്തമായത്. 18 കോടിയോളം രൂപയായിരുന്നു മരുന്നിനും ചികിത്സയ്ക്കുമായി കണ്ടെത്താന്‍ പറഞ്ഞത്. ഇത്രയും വലിയ തുകയെന്ന ലക്ഷ്യത്തിനുമുന്നില്‍ കുടുംബം പകച്ചുനിന്നപ്പോള്‍ മൂന്നുവര്‍ഷംമുമ്പ് ജനകീയകമ്മിറ്റി രൂപവത്കരിച്ച് ഫണ്ട് സമാഹരണത്തിനായി നാടൊന്നാകെ രംഗത്തിറങ്ങുകയായിരുന്നു. തേങ്ങകളും ആക്രിസാധനങ്ങളും സ്വരൂപിച്ചും ഉച്ചഭക്ഷണ, പായസചലഞ്ചുകള്‍ സംഘടിപ്പിച്ചും ഗാനവിരുന്നൊരുക്കിയുമെല്ലാം സംഘടനകളോരോന്നും ഫണ്ട് സമാഹരണത്തിന് മുന്നിട്ടിറങ്ങി. ബസുകള്‍ കാരുണ്യയാത്ര നടത്തി. സ്‌കൂളുകളിലെല്ലാം വിദ്യാര്‍ഥികളും തങ്ങള്‍ക്കാകുന്നത് നല്‍കി. പലതുള്ളി പെരുവെള്ളമായി അസാധ്യമായതെന്ന് കരുതിയ തുകയാണ് ഏതാനും മാസങ്ങള്‍കൊണ്ട് സ്വരൂപിക്കാനായത്. ഉദ്ദേശിച്ച സമയത്തിനകം പണം സ്വരൂപിച്ച് 12 കോടി രൂപകൊണ്ട് ചികിത്സ നടത്താനായി.

2022 സെപ്റ്റംബറില്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് മരുന്ന് നല്‍കിയത്. അതിന്റെ ആരോഗ്യപുരോഗതിയും നേരില്‍ക്കാണാനായി. ഇപ്പോള്‍ ഇവാനെ പിടിച്ചുനടത്താനാകും. കൈകളെല്ലാം ഉയര്‍ത്താനുള്ള ശേഷിയായി. സ്വന്തമായി നടക്കാന്‍ കാലിന് ഇപ്പോഴും ബലക്കുറവുണ്ട്. അത് പരിഹരിക്കാന്‍ ഫിസിയോതെറാപ്പി തുടരുകയാണ്. ഇവാന്റെ ആരോഗ്യപുരോഗതിയില്‍ നല്ല മാറ്റമുണ്ടെന്ന് പിതാവ് നൗഫല്‍ പറഞ്ഞു. സ്‌കൂളില്‍ ചേര്‍ക്കാന്‍പറ്റിയതില്‍ വലിയ സന്തോഷമുണ്ട്. കുട്ടികള്‍ക്കൊപ്പം ചിരിച്ചുകളിച്ച് നടക്കാന്‍ ദൈവം അനുഗ്രഹിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: A community rallied to raise funds for a boy with SMA, enabling him to start school