ദക്ഷിണ റെയിൽവേയിലെ 14 ജോഡി തീവണ്ടികളിൽ ജനറൽ കോച്ചുകൾ കൂട്ടുന്നു; ആറും കേരളത്തിലൂടെയുള്ളവ

കാസർകോട്: ദക്ഷിണറെയിൽവേയിലെ 14 ജോഡി വണ്ടികളിൽ ജനറൽകോച്ചുകൾ കൂട്ടുന്നു. ഇതിൽ ആറുജോഡി വണ്ടികൾ കേരളത്തിലൂടെ ഓടുന്നവയാണ്. മാർച്ച് മാസംതൊട്ട് പ്രാബല്യത്തിൽവരും. 1-2 കോച്ചുകളാണ് കൂടുതൽ ഘടിപ്പിക്കുന്നത്. കോവിഡിനുശേഷം കുറച്ചതടക്കം ജനറൽകോച്ചുകൾ പുനഃസ്ഥാപിക്കുന്നവയിലുണ്ട്. വണ്ടികളിൽ മുന്നിലും പിന്നിലുമായി രണ്ടുവീതം (ആകെ നാല്) ജനറൽകോച്ചുകൾ വരും.
പുതുച്ചേരി-മംഗളൂരു എക്സ്പ്രസ്, ചെന്നൈ-പാലക്കാട് സൂപ്പർഫാസ്റ്റ്, ചെന്നൈ-തിരുവനന്തപുരം സൂപ്പർഫാസ്റ്റ്, ചെന്നൈ-ആലപ്പുഴ സൂപ്പർഫാസ്റ്റ്, കൊച്ചുവേളി-നിലമ്പൂർ രാജ്യറാണി എക്സ്പ്രസ്, എറണാകുളം-വേളാങ്കണ്ണി എക്സ്പ്രസ് എന്നിവയിൽ നാല് ജനറൽകോച്ചുകൾ ഉണ്ടാവും.
ദീർഘദൂരവണ്ടികളിലെ ജനറൽകോച്ചുകൾ വർധിപ്പിച്ച് നാലാക്കുന്ന ആശയം (പോളിസി) റെയിൽവേ കൂടുതൽ വണ്ടികളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ സൂചനയാണിത്. 2024 സെപ്റ്റംബറിൽ ദക്ഷിണറെയിൽവേയിലെ 44 ദീർഘദൂരവണ്ടികളിൽ ജനറൽകോച്ചുകൾ വർധിപ്പിച്ചിരുന്നു. എൽ.എച്ച്.ബി. (ലിങ്ക് ഹോഫ്മാൻ ബുഷ് )വണ്ടികളിൽ 1-2 വീതം കോച്ചുകളാണ് കൂടുതൽ ഘടിപ്പിച്ചത്.
കേരളത്തിലൂടെ ഓടുന്ന നേത്രാവതി, മംഗള, മംഗളുരു-ചെന്നൈ സൂപ്പർഫാസ്റ്റ് വണ്ടികൾക്കടക്കം 16 വണ്ടികൾക്ക് (എട്ടുജോഡി) ഇതിന്റെ ഗുണം കിട്ടിയിരുന്നു.
പാസഞ്ചർ വണ്ടികൾക്കും പരിഗണനവേണം
ഷൊർണൂർ-മംഗളൂരു സെക്ഷനിൽ ഹാൾട്ട് സ്റ്റേഷനുകളിൽ ഉൾപ്പെടെ നിർത്തുന്ന വണ്ടികൾ ആകെ 18 എണ്ണം മാത്രമാണ്. തൊട്ടടുത്ത ഷൊർണൂർ-എറണാകുളം സെക്ഷനിൽ ഇതിനേക്കാൾ വണ്ടി ഓടുന്നുണ്ട്.
132 കിലോമീറ്റർ ദൈർഘ്യമുള്ള കണ്ണൂർ-മംഗളൂരു സെക്ഷനിൽ ഒരു മെമുപോലും ഇല്ല. മംഗളൂരു-കോയമ്പത്തൂർ എക്സ്പ്രസ് ഉൾപ്പെടെ നാലുവണ്ടികൾ മാത്രമാണ് ഇവിടെ ആശ്രയം. കണ്ണൂർ-ചെറുവത്തൂർ പാസഞ്ചറും ചെറുവത്തൂർ-മംഗളൂരു പാസഞ്ചറും കോച്ച് കൈമാറി പാതി പാതി ഓടുന്നു. കോഴിക്കോടിനും കണ്ണൂരിനുമിടയിൽ പാസഞ്ചറുകളുണ്ടെങ്കിലും സമയക്രമീകരണത്തിലെ പാളിച്ചമൂലം സ്ഥിരംയാത്രക്കാർക്ക് ഗുണത്തേക്കാളേറെ ദോഷമാണ് വരുത്തുന്നത്. ഷൊർണൂർ-കണ്ണൂർ പാസഞ്ചർ കാസർകോടേക്കുനീട്ടാൻ സൗകര്യമുണ്ടെങ്കിലും പച്ചക്കൊടികാണിക്കുന്നില്ല.
പാസഞ്ചറുകൾ (കൂടുതൽ സ്റ്റോപ്പുകളിൽ നിർത്തുന്നവ):
വടക്കോട്ട്:
- ഷൊർണൂർ-കണ്ണൂർ മെമു
- തൃശ്ശൂർ-കണ്ണൂർ പാസഞ്ചർ
- കോയമ്പത്തൂർ-മംഗളൂരു എക്സ്പ്രസ്
- കോഴിക്കോട്-കണ്ണൂർ പാസഞ്ചർ
- കണ്ണൂർ-ചെറുവത്തൂർ പാസഞ്ചർ
- ചെറുവത്തൂർ-മംഗളൂരു പാസഞ്ചർ
- ഷൊർണൂർ-കണ്ണൂർ സ്പെഷ്യൽ
- കോയമ്പത്തൂർ-കണ്ണൂർ എക്സ്പ്രസ്
- ഷൊർണൂർ-കോഴിക്കോട് പാസഞ്ചർ
- കണ്ണൂർ-മംഗളൂരു പാസഞ്ചർ
തെക്കോട്ട്:
- കണ്ണൂർ-ഷൊർണൂർ മെമു
- കണ്ണൂർ-തൃശ്ശൂർ പാസഞ്ചർ
- കണ്ണൂർ-കോയമ്പത്തൂർ എക്സ്പ്രസ്
- മംഗളൂരു-കോയമ്പത്തൂർ എക്സ്പ്രസ്
- മംഗളൂരു-കോഴിക്കോട് എക്സ്പ്രസ്
Content Highlights: 14 Trains Get More General Coaches in South India