അങ്ങനെ സൂര്യകലയുടെ സൂര്യപ്രഭയായ്...

തിരുവനന്തപുരം: ബാഡ്മിന്റൺ കോർട്ടിലെ സൗഹൃദക്കൂട്ടായ്മയിൽ പിറന്ന ആശയമാണ് പിന്നീട് സൂര്യ മേളയെന്ന മഹാപ്രസ്ഥാനമായി മാറിയത്. കേരള സർവകലാശാലയിലെ ബാഡ്മിന്റൺ ചാമ്പ്യനായിരുന്നു കൃഷ്ണമൂർത്തി. 1970-കളിൽ തലസ്ഥാനത്തെ ബാഡ്മിന്റൺ ടൂർണമെന്റുകളിലെ അമ്പയറുമായിരുന്നു. ഇക്കാലയളവിലാണ് ബാഡ്മിന്റൺ കളിക്കാരനും ടൂർണമെന്റ് സംഘാടകനുമായ ജി. ഗോപാലകൃഷ്ണപിള്ളയെ പരിചയപ്പെടുന്നത്. കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥനായിരുന്ന ഗോപാലകൃഷ്ണപിള്ളയ്ക്കും കലാരംഗത്തോട് താത്‌പര്യമുണ്ടായിരുന്നു.
ഇരുവരും തമ്മിലുള്ള സൗഹൃദക്കൂട്ടായ്മയിലാണ് കൃഷ്ണമൂർത്തി, കലാഭിരുചിയുള്ള സഹൃദയരെ ഒരുമിച്ചുചേർത്ത് സംഘടനയുണ്ടാക്കാമെന്ന ആശയം മുന്നോട്ടുവെയ്ക്കുന്നതെന്ന് സൂര്യയുടെ പ്രസിഡന്റുകൂടിയായ ഗോപാലകൃഷ്ണപിള്ള ഓർക്കുന്നു.
‘സൂര്യ’യെന്ന പേര് നിർദേശിച്ചതും കൃഷ്ണമൂർത്തിതന്നെയായിരുന്നു. 1977-ൽ ടാഗോർ തിയേറ്റർ വാടകയ്ക്ക് എടുത്ത് ഏഴുദിവസത്തെ നാടക-സിനിമാപ്രദർശനമായിരുന്നു ആദ്യപരിപാടി. ഒരു നാടകവും രണ്ട് സിനിമയും പ്രദർശിപ്പിച്ചു. പിന്നീട് മദ്രാസിലെ എം.എസ്. സുബ്ബലക്ഷ്മിയുടെ വീട്ടിൽവെച്ചാണ് ‘സൂര്യ ഫെസ്റ്റിവൽ’ എന്ന ആശയമുണ്ടാകുന്നത്. കൃഷ്ണമൂർത്തി, പദ്മ സുബ്രഹ്മണ്യം, മാവേലിക്കര കൃഷ്ണൻകുട്ടി നായർ, യേശുദാസ്, എം.എസ്. സുബ്ബലക്ഷ്മി എന്നിവരുൾപ്പെടുന്ന സംഘമാണ് വിപുലമായ ഫെസ്റ്റിവൽ ആലോചനാസംഘത്തിലുണ്ടായിരുന്നത്. ഒക്ടോബർ ഒന്നിന് ‘സൂര്യ’യിൽ പാടുമെന്ന് യേശുദാസും ഒക്‌ടോബർ 10-ന് നൃത്തം ചെയ്യുമെന്ന് പദ്മ സുബ്രഹ്‌മണ്യവും അവിടെവെച്ച് തീരുമാനിക്കുകയായിരുന്നു.
സത്യജിത് റായ് മുതൽ ദിലീപ് കുമാർവരെ സിനിമാക്കഥ പറയാൻ സൂര്യയിലെത്തി. ഇന്ത്യയിലെ പ്രമുഖകലാകാരൻമാരെ കൃഷ്ണമൂർത്തി തിരുവനന്തപുരത്ത് എത്തിച്ച് സൂര്യയുടെ ഭാഗമാക്കി. സിനിമയും സംഗീതവും നൃത്തവും പെയിന്റിങ്ങും ഫോട്ടോഗ്രാഫിയും നാടകവും പ്രസംഗവുമുൾപ്പെടെ സൂര്യയുടെ വേദിയിലെത്തി. ആദ്യം ഏഴുദിവസമായി തുടങ്ങിയ സൂര്യ മേള പിന്നീട് 39-ഉം ഇന്ന് 111-ഉം ദിവസമായി മാറി. കേരളത്തിൽ മാത്രം 2000 അംഗങ്ങളുണ്ട്, സൂര്യയിൽ. 25-ഓളം രാജ്യങ്ങളിൽ സൂര്യ ചാപ്റ്റർ പ്രവർത്തിക്കുന്നുണ്ട്. അവിടങ്ങളിലെല്ലാം സൂര്യ മേളകൾ അരങ്ങേറുന്നു.
അടുത്ത വർഷം സൂര്യയുടെ സുവർണജൂബിലി ആഘോഷിക്കാനിരിക്കെയാണ്, സംഘടനയുടെ നായകനും നെടുംതൂണുമായ കൃഷ്ണമൂർത്തിയുടെ അപ്രതീക്ഷിത വിയോഗം. അദ്ദേഹത്തിന്റെ ഒറ്റയാൾപ്രകടനമാണ് സൂര്യയെന്ന പ്രസ്ഥാനത്തെ ഇത്രയുംനാൾ നയിച്ചതെന്ന് പ്രസിഡന്റ് ഗോപാലകൃഷ്ണപിള്ള പറയുന്നു.
ഒരാഴ്ചകഴിഞ്ഞ് 49-ാം സൂര്യ മേളയ്ക്ക് തിരശ്ശീലയുയരുകയാണ്. ഗായകൻ ഹരിശങ്കറിന്റെ സംഗീതക്കച്ചേരിയോടെയാണ് ഇത്തവണ മേള തുടങ്ങുന്നത്. സുവർണജൂബിലി വർഷത്തിലെ സൂര്യ ഫെസ്റ്റിവലിന്റെ എല്ലാ ആസൂത്രണവും പൂർത്തിയാക്കിയിട്ടുണ്ടായിരുന്നുവെന്നും കൃഷ്ണമൂർത്തിയില്ലാതെ ഈ മഹാമേളയെക്കുറിച്ച് ചിന്തിക്കാനാകില്ലെന്നും ഗോപാലകൃഷ്ണപിള്ള പറയുന്നു.
Content Highlights: Renowned artist Surya Krishnamoorthy shares poignant life experiences, including his past relationships, autobiography titled Murivukal, and a life-changing encounter with a differently-abled child.