വീടിനു മണ്ണെടുത്തപ്പോൾ കിട്ടിയത് ഗണപതി വിഗ്രഹങ്ങൾ, കൃഷ്ണമൂർത്തിയുടെ ശേഖരത്തിൽ മഹാരാജാവ് പൂജിച്ച വിഗ്രഹവും

തിരുവനന്തപുരം: ഉപഹാരങ്ങളായി കിട്ടുന്നതൊക്കെ ഗണപതിയുടെ വിഗ്രഹങ്ങളായപ്പോൾ ആദ്യം അതിശയിച്ചില്ല. പ്രത്യേക മുറിയുണ്ടാക്കി അവിടെ സൂക്ഷിക്കാമെന്ന് കരുതി. വീടിനുമുന്നിലെ പുൽത്തകിടിയിൽ അതിനായി സ്ഥലം കണ്ടെത്തി. വീടിനായി ഭൂമി കുഴിച്ച് പണി തുടങ്ങിയപ്പോൾ അവിടെനിന്നു കിട്ടുന്നു, ഗണപതിയുടെ വിഗ്രഹങ്ങൾ! ഒന്നല്ല, മൂന്നെണ്ണം. ഗണപതിവിഗ്രഹത്തിന്റെ ചില ഭാഗങ്ങളും മണ്ണിനടിയിൽനിന്നു കിട്ടി. അപ്പോൾ സൂര്യ കൃഷ്ണമൂർത്തി ഉറപ്പിച്ചു-ഗണപതിയുടെ ചൈതന്യമുള്ള സ്ഥലത്താണ് തന്റെ വീടിരിക്കുന്നത്. ഒരുപക്ഷേ, പണ്ട് ഏതെങ്കിലും ഗണപതിയുടെ അമ്പലമുണ്ടായിരുന്ന സ്ഥലമാകാം. ആ ചൈതന്യം നിലനിർത്താൻ 2011-ലാണ് കൃഷ്ണമൂർത്തി തീരുമാനിച്ചത്.
ഇപ്പോൾ 3000-ത്തിലേറെ ഗണപതിവിഗ്രഹങ്ങൾ തൈക്കാടുള്ള 'സൂര്യചൈതന്യ'യെന്ന വീട്ടിലുണ്ട്. ഓരോന്നിനും വ്യത്യസ്തഭാവങ്ങൾ. ആഴ്ചയിൽ രണ്ടോ മൂന്നോ വിഗ്രഹങ്ങൾ ഇപ്പോഴും ഈ വീട്ടിലെത്തുന്നു, ഉപഹാരങ്ങളായോ അല്ലാതെയോ... യാത്രകൾക്കിടയ്ക്ക് എവിടെയെങ്കിലും അപൂർവ ഗണപതിവിഗ്രഹം കണ്ടാൽ കൃഷ്ണമൂർത്തി അതു വാങ്ങും, എത്ര വിലയുള്ളതായാലും.
വീടിനോടു ചേർന്ന് തിയേറ്റർ തുടങ്ങിയപ്പോൾ പേരിട്ടത് 'ഗണേശം' എന്നാണ്. ഗണപതിച്ചുവരിനുള്ളിലാണ് തിയേറ്റർ. ചുവരിൽ ഗണപതിയുടെ ജനനംമുതലുള്ള സംഭവങ്ങൾ ചിത്രങ്ങളായി ആലേഖനം ചെയ്തിരിക്കുന്നു. നഗരത്തിലെ കലാപ്രകടനങ്ങളുടെ കേന്ദ്രമായി ഗണേശം മാറിയിട്ടുണ്ട്. സൗജന്യമായാണ് ഈ തിയേറ്റർ കലാകാരന്മാർക്കു വിട്ടുനൽകുന്നത്. സ്വാതി തിരുനാൾ മഹാരാജാവ് പൂജിച്ചിരുന്ന വിഗ്രഹം തന്റെ ശേഖരത്തിലുള്ളത് അദ്ദേഹം മഹാഭാഗ്യമായി കരുതി. ഉത്രാടം തിരുനാൾ മാർത്താണ്ഡവർമയാണ് ആ വിഗ്രഹം സമ്മാനിച്ചത്.
സ്വപ്നത്തിൽ ദർശനം കിട്ടിയതനുസരിച്ച് തന്നെ കൊട്ടാരത്തിനുള്ളിൽ വിളിച്ച് വിഗ്രഹം സമ്മാനിക്കുകയായിരുന്നു. അത് ഷോക്കേസിൽ വെക്കാതെ പൂജിക്കാനുള്ളതാണെന്ന് രാജാവ് അന്ന് ഓർമ്മിപ്പിക്കുകയും ചെയ്തു. അന്നുമുതലാണ് വിഗ്രഹങ്ങൾ ശേഖരിച്ചുതുടങ്ങിയത്.
തന്റെ കലാസപര്യയ്ക്ക് ഊർജ്ജം പകരുന്ന ചൈതന്യമാണ് ഗണപതിയെന്ന് കൃഷ്ണമൂർത്തി വിശ്വസിക്കുന്നു. തികഞ്ഞ ഗണപതിഭക്തനായിരുന്ന അദ്ദേഹം പഴവങ്ങാടി ഗണപതിയുടെ അനുഗ്രഹങ്ങൾ എപ്പോഴും തന്നോടൊപ്പമുണ്ടായിരുന്നുവെന്ന് വിശ്വസിച്ചിരുന്നു. എല്ലാ വിനായകചതുർഥിക്കും തൈക്കാട് 'ഗണേശ'ത്തിൽ നിരവധിയാളുകൾ എത്തും. വിഗ്രഹങ്ങൾ കണ്ട് തൊഴുതുമടങ്ങും. ഇവർക്കെല്ലാം കൃഷ്ണമൂർത്തി പ്രസാദം നൽകും. എന്നാൽ, അസുഖബാധിതനായി കൃഷ്ണമൂർത്തി ആശുപത്രിയിലായതിനാൽ ഇത്തവണത്തെ വിനായകചതുർഥിക്ക് ആ പതിവ് മുടങ്ങി.
Content Highlights: Soorya Krishnamoorthy owns over 3,000 unique Ganesha idols at his Thaikkad residence, 'Suryachaitanya'., The collection began after discovering idols while digging for his house foundation and receiving one from Sree Chithira Thirunal Marthanda Varma., He established 'Ganesham', a cultural theatre adjacent to his house, provided free of cost for artists., Though he traditionally offered prasad on Vinayaka Chathurthi, this year's ritual was missed due to his illness.