സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു

തിരുവനന്തപുരം: സാംസ്കാരിക-നാടക പ്രവർത്തകനും സംഗീത നാടക അക്കാദമി മുൻ ചെയർമാനുമായ സൂര്യ കൃഷ്ണമൂർത്തി (75) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരൾ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
സംഗീതനാടക അക്കാദമിയുടെ മുൻ ചെയർമാനായിരുന്നു. കലാകൂട്ടായ്മയായ 'സൂര്യ'യുടെ അമരക്കാരനാണ് സൂര്യ കൃഷ്ണമൂർത്തി. ഒക്ടോബർ ഒന്നിന് ഈ വർഷത്തെ സൂര്യ ഫെസ്റ്റിവൽ നടക്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ വിയോഗം.
നാടകരചയിതാവ്, സാംസ്കാരിക നായകൻ, കലാ സംഘാടകൻ തുടങ്ങി വ്യത്യസ്ത നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച സൂര്യ കൃഷ്ണമൂർത്തി, ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്ആർഒയിൽ മുതിർന്ന ശാസ്ത്രജ്ഞനായിരുന്നു. കേരള സർക്കാർ 2023-ൽ സിവിലിയൻ ബഹുമതിയായ കേരളപ്രഭ നൽകി ആദരിച്ചു. സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ ഡയറക്ടറായി മൂന്നുതവണ സേവനമനുഷ്ഠിച്ചു.
മേൽവിലാസം, എന്റെ രക്ഷകൻ, ചായക്കടക്കഥകൾ (ആറ് നാടകങ്ങൾ അടങ്ങിയ പരമ്പര) എന്നിവയാണ് അദ്ദേഹം രചിച്ച നാടകങ്ങൾ. ഇതിൽ മേൽവിലാസം പിന്നീട് ചലച്ചിത്രമായപ്പോൾ തിരക്കഥ രചിച്ചതും സൂര്യ കൃഷ്ണമൂർത്തി തന്നെയാണ്. ചായക്കടക്കഥകൾ ദൂരദർശനുവേണ്ടി ടെലിഫിലിമുകളാക്കി സംവിധാനം ചെയ്തിട്ടുമുണ്ട് അദ്ദേഹം.
ഇന്ത്യയുടേയും ലോകത്തിന്റേയും വിവിധ ഭാഗങ്ങളിൽനിന്ന് പ്രശസ്തരും അല്ലാത്തവരുമായ നിരവധി കലാകാരന്മാരെ അണിനിരത്തിയാണ് അദ്ദേഹം സൂര്യ ഫെസ്റ്റ് സംഘടിപ്പിച്ചിരുന്നത്. എല്ലാ വർഷവും ഒക്ടോബർ ഒന്നിന് ആരംഭിക്കുന്ന സൂര്യ ഫെസ്റ്റ് കേരളത്തിന്റെ തന്നെ സാംസ്കാരിക അടയാളങ്ങളിൽ ഒന്നാണ്. ഏഷ്യയിലെ ഏറ്റവും വലുതും ദൈർഘ്യമേറിയതുമായ സാംസ്കാരിക ഉത്സവം എന്ന നിലയിൽ ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംപിടിച്ചിട്ടുണ്ട്.
സൂര്യ കൃഷ്ണമൂർത്തി സ്ഥാപിച്ച സൂര്യ ഫിലിം ആൻഡ് സ്റ്റേജ് സൊസൈറ്റിയാണ് സൂര്യ ഫെസ്റ്റ് എല്ലാ വർഷവും നടത്തുന്നത്. ഗാനഗന്ധർവൻ യേശുദാസിന്റെ കച്ചേരിയോടെയാണ് സൂര്യ ഫെസ്റ്റിവൽ ആരംഭിച്ചിരുന്നത്. തുടർച്ചയായി 42 തവണ യേശുദാസ് സൂര്യ ഫെസ്റ്റിന്റെ വേദിയിൽ പാടിയിട്ടുണ്ട്. അതിപ്രശസ്തരായ കലാകാരന്മാർ പോലും പ്രതിഫലം വാങ്ങാതെയാണ് സൂര്യ ഫെസ്റ്റിൽ പങ്കെടുക്കാനായി എത്തുന്നത്. കല വിൽപ്പനയ്ക്കുള്ളതല്ല എന്നായിരുന്നു സൂര്യ കൃഷ്ണമൂർത്തിയുടെ നിലപാട്.
ടി. നടരാജപിള്ളയുടേയും സി. സരസ്വതി അമ്മയുടേയും മകനായി 1951 ഏപ്രിൽ 11-നാണ് സൂര്യ കൃഷ്ണമൂർത്തി ജനിച്ചത്. നടരാജ കൃഷ്ണമൂർത്തി എന്ന യഥാർഥ പേര് പിന്നീട് സൂര്യ കൃഷ്ണമൂർത്തി എന്ന് മാറ്റുകയായിരുന്നു. തിരുവനന്തപുരം മോഡൽ സ്കൂൾ, ആർട്സ് കോളേജ്, കൊല്ലത്തെ ടികെഎം എൻജിനീയറിങ് കോളേജ് എന്നിവിടങ്ങളിൽ പഠനം പൂർത്തിയാക്കിയ അദ്ദേഹം മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൾ കലാമിന്റെ സമകാലികനായാണ് ഐഎസ്ആർഒയിൽ ജോലിക്ക് ചേർന്നത്. കലയാണ് തന്റെ ലോകമെന്ന് മനസിലാക്കി 1999-ൽ അദ്ദേഹം ജോലിയിൽനിന്ന് വിരമിക്കുകയായിരുന്നു. പിന്നീട് സൂര്യ കൃഷ്ണമൂർത്തി തന്റെ ജീവിതം പൂർണമായി കലയ്ക്കുവേണ്ടി സമർപ്പിച്ചു.
Content Highlights: Eminent cultural activist and founder of the renowned Soorya Stage and Film Society, Soorya Krishnamoorthy, passed away in Thiruvananthapuram at the age of 75, leaving behind a rich artistic legacy.