എസ്എൻഡിപി മൈക്രോഫിനാൻസ് തട്ടിപ്പ്: ഏഴ് യൂണിയനുകളിൽ ക്രമക്കേട് കണ്ടെത്തിയതായി വിജിലൻസ് ഹൈക്കോടതിയിൽ

#ന്യൂസ് ഡെസ്ക്
വെള്ളാപ്പള്ളി നടേശന്‍ |ഫോട്ടോ:മാതൃഭൂമി
വെള്ളാപ്പള്ളി നടേശന്‍ |ഫോട്ടോ:മാതൃഭൂമി

കൊച്ചി: എസ്.എൻ.ഡി.പി. മൈക്രോഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ഏഴ് താലൂക്ക് യൂണിയനുകളിൽ ക്രമക്കേട് നടന്നതായി വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചു. പുൽപ്പള്ളി, മാനന്തവാടി, റാന്നി, കുന്നത്തുനാട്, കണയന്നൂർ, ചിറ്റൂർ, തളിപ്പറമ്പ് എന്നീ യൂണിയനുകളിലെ അന്വേഷണത്തിലാണ് അഴിമതി കണ്ടെത്തിയത്.

പിന്നാക്ക വികസന കോർപ്പറേഷനിൽ നിന്നും എസ്.എൻ.ഡി.പി. യോഗം സ്വീകരിക്കുന്ന വായ്പാ തുക വിവിധ യൂണിയനുകൾ വഴി അംഗങ്ങൾക്ക് വിതരണം ചെയ്യുന്നതിലാണ് ക്രമക്കേട് നടന്നത്. അംഗങ്ങളിൽ നിന്ന് അമിത പലിശ ഈടാക്കിയതായും പണം വകമാറ്റി ചെലവഴിച്ചതായും വിജിലൻസ് പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

സംസ്ഥാനത്താകെ രജിസ്റ്റർ ചെയ്ത 124 കേസുകളിൽ ഏഴ് താലൂക്ക് യൂണിയനുകളിലെ അന്വേഷണ റിപ്പോർട്ടാണ് ഇപ്പോൾ വിജിലൻസ് സമർപ്പിച്ചത്. ഇതിൽ പുൽപ്പള്ളി, റാന്നി യൂണിയനുകളിലെ കേസുകളിൽ കുറ്റപത്രം തയ്യാറായിക്കഴിഞ്ഞു. അഴിമതി നിരോധന നിയമപ്രകാരമുള്ള കേസായതിനാൽ പുൽപ്പള്ളി യൂണിയനിലെ കുറ്റപത്രം കോടതിയിൽ സമർപ്പിക്കുന്നതിനായി സർക്കാരിന്റെ വിചാരണാ അനുമതി തേടിയിരിക്കുകയാണ്. മറ്റ് യൂണിയനുകളിലെ കുറ്റപത്രങ്ങൾ തയ്യാറായി വരികയാണെന്ന് വിജിലൻസ് എസ്പി എസ്. ശശിധരൻ ഹൈക്കോടതിയെ അറിയിച്ചു.

അതേസമയം, ആകെ രജിസ്റ്റർ ചെയ്ത 124 കേസുകളിൽ ഏഴെണ്ണത്തിൽ മാത്രമാണ് ഇപ്പോൾ തീരുമാനമായിട്ടുള്ളതെന്നും മറ്റ് കേസുകളിൽ കൂടി വേഗത്തിൽ നടപടി സ്വീകരിക്കണമെന്നും പരാതിക്കാരൻ കോടതിയിൽ ആവശ്യപ്പെട്ടു. വിജിലൻസ് സമർപ്പിച്ച റിപ്പോർട്ട് നാളെ ഹൈക്കോടതി വിശദമായി പരിശോധിക്കും.

Content Highlights: The Vigilance department has informed the Kerala High Court that financial irregularities and fund diversions were uncovered in seven taluk unions during the investigation into the SNDP microfinance scam, with charge sheets already prepared for the Pulpally and Ranni units.