‘വെള്ളാപ്പള്ളിയെ തൊട്ടാൽ ലീഗുകാരന്റെ കൈവെട്ടു’മെന്ന് SNDP നേതാവ്; സാദിഖലി തങ്ങളുടെ കോലം കത്തിച്ചു

#സ്വന്തം ലേഖകൻ
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ കോലം കത്തിക്കുന്നു, സുരേഷ് ഇട്ടിക്കുന്നേൽ
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ കോലം കത്തിക്കുന്നു, സുരേഷ് ഇട്ടിക്കുന്നേൽ

കോട്ടയം: അധികാരത്തിന്റെ ചുവടുപിടിച്ച് കേരളത്തിൽ മറ്റൊരു മാറാട് സൃഷ്ടിക്കാനുള്ള മുസ്‌ലിം ലീഗിന്റെ ശ്രമം അനുവദിക്കില്ലെന്ന് എസ്.എൻ.ഡി.പി. യോഗം മീനച്ചിൽ യൂണിയൻ യൂണിയൻ ചെയർമാൻ. വെള്ളാപ്പള്ളി നടേശനെ തൊട്ടാൽ മുസ്ലിംലീഗുകാരന്റെ കൈവെട്ടുമെന്ന് യൂണിയൻ ചെയർമാൻ സുരേഷ് ഇട്ടിക്കുന്നേൽ പ്രസംഗിച്ചു. വെള്ളാപ്പള്ളിയെ വെല്ലുവിളിച്ചാൽ ലീഗ് നേതാക്കളെ തടയുമെന്നും അദ്ദേഹം പറഞ്ഞു.

മീനച്ചിൽ യൂണിയന്റെ നേതൃത്വത്തിൽ പാലായിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കടുത്തുരുത്തിയിൽ ബി.ഡി.ജെ.എസിന്റെ എൻ.ഡി.എ. സ്ഥാനാർഥിയായി മത്സരിച്ച വ്യക്തിയാണ് സുരേഷ്.

മതസാഹോദര്യത്തിന്റെ മണ്ണിൽ വർഗീയ കലാപങ്ങൾ നടത്താനുള്ള മനഃപൂർവമായ ശ്രമങ്ങളാണ് ലീഗിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നതെന്ന് യൂണിയൻ ആരോപിച്ചു. എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ ലീഗിനെ അനുവദിക്കില്ല. ഇതിന് ശ്രമിക്കുന്നവരെ ലീഗ് നേതൃത്വം നിലയ്ക്കുനിർത്തണമെന്നും യൂണിയൻ ആവശ്യപ്പെട്ടു.

നൂറുകണക്കിന് പ്രവർത്തകർ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു. സമ്മേളനത്തിന് ശേഷം പ്രവർത്തകർ മുസ്‌ലിംലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളുടെ കോലം കത്തിച്ചു.