കേന്ദ്രം, തദ്ദേശം, കോര്‍പറേഷന്‍; ഫണ്ട് വിഹിതം ഇങ്ങനെ, സ്മാര്‍ട്ട് റോഡ് ക്രെഡിറ്റ് ശരിക്കും ആര്‍ക്ക്

തിരുവനന്തപുരം: തലസ്ഥാനത്തിന്റെ മുഖംമിനുക്കിക്കൊണ്ടാണ് സ്മാര്‍ട്ട് റോഡുകള്‍ സംസ്ഥാന സര്‍ക്കാര്‍ ജനങ്ങള്‍ക്ക് സമര്‍പ്പിച്ചത്. സ്മാര്‍ട്ട് റോഡുകളുടെ ഔദ്യോഗിക ഉദ്ഘാടനം മെയ് 16-ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അസാന്നിധ്യത്തില്‍ മന്ത്രി വി ശിവന്‍കുട്ടിയാണ് നിര്‍വഹിച്ചത്. കേന്ദ്ര സര്‍ക്കാരിന്റേയും സംസ്ഥാന സര്‍ക്കാരിന്റേയും സംയുക്ത പദ്ധതിയാണെങ്കിലും ക്രെഡിറ്റ് ഒറ്റയ്ക്ക് സ്വന്തമാക്കാനുള്ള പതിവ് മത്സരം ഇരുഭാഗത്തുമുണ്ടായി. കേന്ദ്രത്തിന്റെ പേര് പരാമര്‍ശിക്കാതെ ഇടത് സര്‍ക്കാരിന്റെ ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ തലസ്ഥാന വീഥിയില്‍ നിരന്നപ്പോള്‍ 'നന്ദി മോദി' ക്യാംപെയ്‌നുമായി ബിജെപിയും രംഗത്തെത്തി. പക്ഷേ പതിവിന് വിപരീതമായാണ് വകുപ്പുകള്‍ക്കിടയില്‍ നിന്നുള്ള 'ക്രെഡിറ്റ് തര്‍ക്ക'ത്തെച്ചൊല്ലിയുള്ള വാര്‍ത്തകള്‍ പുറത്തുവന്നത്.
കേന്ദ്രഫണ്ടിനുപുറമേ തദ്ദേശവകുപ്പിന്റെയും കോര്‍പ്പറേഷന്റെയും ഫണ്ടുപയോഗിച്ചാണ് നഗരറോഡുകള്‍ നവീകരിച്ചത്. കോര്‍പ്പറേഷന്‍ റോഡുകള്‍ക്കുപുറമേ, പൊതുമരാമത്ത് റോഡുകളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ നഗരവീഥിയില്‍ നിറഞ്ഞ ഫ്‌ലക്‌സുകളില്‍ നിറഞ്ഞുനിന്നത് മുഴുവന്‍ മുഖ്യമന്ത്രിയുടേയും പൊതുമരാമത്ത് മന്ത്രിയുടേയും മുഖമായിരുന്നു, തദ്ദേശവകുപ്പ് മന്ത്രി എം.ബി. രാജേഷിനെ ഒറ്റ ഫ്‌ലക്‌സുകളിലും കണ്ടതുമില്ല. സ്മാര്‍ട്ട് സിറ്റി റോഡുകളുടെ ഉദ്ഘാടനത്തിനും മന്ത്രി എത്തിയില്ല. മറ്റൊരു നിര്‍ണായക യോഗത്തില്‍ ആയിരുന്നതിനാല്‍ എത്താന്‍ സാധിച്ചില്ല എന്നായിരുന്നു മന്ത്രിയുടെ വിശദീകരണം.
ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുക്കാത്തതിനാല്‍ മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തില്‍ മന്ത്രി ശിവന്‍കുട്ടിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.
പൊതുമരാമത്തുവകുപ്പ് ഒരുരൂപപോലും മുടക്കാത്ത റോഡ് വികസനത്തിന്റെ ക്രെഡിറ്റ് റിയാസ് സ്വന്തമാക്കിയതില്‍ എം.ബി. രാജേഷിന് അതൃപ്തിയുണ്ടെന്നും മുഖ്യമന്ത്രിയെ ഇക്കാര്യം അറിയിച്ചതിനാലാണ് അദ്ദേഹം വിട്ടുനിന്നതെന്നും വാര്‍ത്തകള്‍ പരന്നു. എന്നാല്‍ ഇക്കാര്യം നിഷേധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസും മന്ത്രി എം.ബി. രാജേഷും രംഗത്തെത്തിയിട്ടുണ്ട്. മന്ത്രിസഭയില്‍ ഭിന്നതയുണ്ടെന്ന വാര്‍ത്തകളും രാജേഷ് തള്ളിക്കളഞ്ഞു.
സ്മാര്‍ട്ട് സിറ്റി പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും തുല്യവിഹിതമാണ് ചെലവാക്കുന്നത്. 32.5 ശതമാനം വീതമാണ് കേന്ദ്ര-സംസ്ഥാന ഗ്രാന്റ്. 16.9 ശതമാനം കേന്ദ്ര പദ്ധതികളുടെ ഭാഗമായി സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ വിനിയോഗിക്കും. 8.8 ശതമാനമാണ് തദ്ദേശ സ്ഥാപനത്തിന്റെ വിഹിതം. പിപിപി മാതൃകയില്‍ 9.3 ശതമാനം കണ്ടെത്താം.
12 റോഡുകളാണ് സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി നവീകരിച്ചത്. ഇതില്‍ ആല്‍ത്തറ- ചെന്തിട്ട റോഡാണ് എല്ലാ മാനദണ്ഡങ്ങളും പാലിച്ച് നിര്‍മിച്ചിട്ടുള്ളത്. 3.275 കിലോമീറ്ററില്‍ നിര്‍മിച്ച ഈ സി.വി. രാമന്‍പിള്ള റോഡ് രാജ്യത്തെ ഏറ്റവും വലിയ സ്മാര്‍ട്ട് റോഡ് കൂടിയാണ്. ആന്ധ്രപ്രദേശിലെ വിജയവാഡയില്‍ മൂന്നു കിലോമീറ്റര്‍ നീളമുള്ള ഗോള്‍ഡന്‍ മൈല്‍ റോഡായിരുന്നു ഇതിന് മുന്‍പ് രാജ്യത്തെ ഏറ്റവും നീളമേറിയ സ്മാര്‍ട്ട് റോഡ്. 77 കോടി രൂപ ചെലവിട്ടാണ് സി.വി. രാമന്‍പിള്ള റോഡ് പണിപൂര്‍ത്തിയാക്കിയത്. 180 കോടിയോളം രൂപയാണ് 12 സ്മാര്‍ട്ട് റോഡുകളുടെ മാത്രം നിര്‍മാണച്ചെലവ്.
'സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും തദ്ദേശ വകുപ്പും ചേര്‍ന്നുള്ള സംയുക്ത പദ്ധതിയാണ് സ്മാര്‍ട് സിറ്റി. 500 കോടി വീതം സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും നല്‍കണം. ബാക്കി തുക തദ്ദേശ വകുപ്പാണ് കണ്ടെത്തുന്നത്. ബജറ്റ് ഷെയറില്‍നിന്നാണ് സംസ്ഥാന സര്‍ക്കാര്‍ 500 കോടി നല്‍കുന്നത്. സ്മാര്‍ട് സിറ്റി പ്രോജക്ടില്‍ നിന്ന് കേന്ദ്രം 500 കോടി അനുവദിക്കും. 1543 കോടിക്കാണ് എന്റെ സമയത്ത് പ്രോജക്ട് അപ്രൂവ് ആകുന്നത്. പിന്നീട് തുകയില്‍ മാറ്റം വന്നു. തദ്ദേശ വകുപ്പിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും വിഹിതം കൂട്ടുമ്പോള്‍ കൂടുതല്‍ തുക ചെലവാക്കുന്നത് സംസ്ഥാനമാണ്. പിപിപി മാതൃകയ്ക്ക് കേരളത്തില്‍ സാധ്യത കുറവായതുകൊണ്ട് ഇവിടെ നടപ്പിലാക്കിയിട്ടില്ല', വി.കെ പ്രശാന്ത് എം.എല്‍.എ മാതൃഭൂമി ഡോട്ട്‌കോമിനോട് പറഞ്ഞു.
500 കോടി കേന്ദ്രം നല്‍കുമ്പോള്‍ സംസ്ഥാനം 635 കോടി ചെലവാക്കുന്നുണ്ടെന്നാണ് മേയര്‍ ആര്യ രാജേന്ദ്രന്‍ പറയുന്നത്. 500 കോടി സംസ്ഥാനം സര്‍ക്കാരും 135 കോടി നഗരസഭയും വഹിക്കണം. ഇതിന് പുറമെ എത്ര തുക ചെലവായാലും തദ്ദേശ സ്ഥാപനം വഹിക്കണമെന്നുള്ള നിബന്ധനയിലാണ് സ്മാര്‍ട് സിറ്റി പദ്ധതി ആരംഭിച്ചതെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു.
'1135 കോടിയാണ് സ്മാര്‍ട് സിറ്റിയുടെ നിര്‍മാണ ചെലവ്. 500 കോടി കേന്ദ്രവും 500 കോടി സംസ്ഥാനവും 135 കോടി നഗരസഭയുമാണ് ചെലവാക്കുന്നത്. അധികം വരുന്ന ചെവല് കൂടി നഗരസഭ വഹിക്കേണ്ടതുണ്ട്. സംസ്ഥാനത്തിന്റേയും കേന്ദ്രത്തിന്റെയും വിഹിതമാണ് ആദ്യം ചെലവഴിക്കാനാകുന്നത്. അത് ആദ്യമേ ലഭിച്ചിട്ടുണ്ട്. അത് പൂര്‍ണമായും ചെലവഴിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ട് പൂര്‍ണമായും ചെലവഴിച്ച നഗരസഭയാണ് നമ്മുടേത്. 12 സ്മാര്‍ട് റോഡുകള്‍ക്കായി 180 കോടിയാണ് ചെലവഴിച്ചത്. സംസ്ഥാനവും കേന്ദ്രവും നഗരസഭയും സ്മാര്‍ട് സിറ്റിയുടെ അക്കൗണ്ടിലേയ്ക്ക് പണം നിക്ഷേപിച്ചിട്ടുണ്ട്. അതില്‍നിന്നാണ് നിര്‍മാണ ചെലവുകള്‍ വഹിക്കുന്നത്', മേയര്‍ ആര്യ രാജേന്ദ്രന്‍ മാതൃഭൂമി ഡോട്ട്‌കോമിനോട് പറഞ്ഞു.
Content Highlights: smart road credit centre vs kerala in one side and mb rajesh vs riyas on other side