‘ഇപ്പോൾ നൽകുന്ന SMA മരുന്ന് മാറ്റിനൽകില്ല'; വിശദീകരണവുമായി ആരോഗ്യമന്ത്രി; വിമർശനവുമായി പ്രതിപക്ഷം

തിരുവനന്തപുരം: സ്പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ) രോഗികൾക്ക് ഇതുവരെ നൽകിവന്ന മരുന്ന് മാറ്റി പുതിയ മരുന്ന് നൽകിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി ആരോഗ്യമന്ത്രി കെ. മുരളീധരൻ. ഇപ്പോൾ നൽകുന്ന മരുന്ന് മാറ്റാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. രക്ഷിതാക്കൾ തന്നോട് മരുന്ന് മാറ്റാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും സാങ്കേതിക വിദഗ്ധ സമിതിയുടെ നിർദേശപ്രകാരമാണ് ഇപ്പോഴത്തെ ഇന്ത്യൻ നിർമിത മരുന്ന് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
പുതിയ മരുന്നിനെക്കുറിച്ച് ഇതുവരെയും ആക്ഷേപങ്ങളൊന്നും ഉണ്ടായിട്ടില്ല. പുതിയ മരുന്ന് ഉപയോഗിക്കാനുള്ള തീരുമാനം എടുത്തതും സാങ്കേതിക സമിതി കൂടിയതും കഴിഞ്ഞ സർക്കാരിന്റെ കാലത്താണ്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് അതിൻ്റെ ഉത്തരവിറങ്ങുക മാത്രമാണ് ചെയ്തതെന്നും മന്ത്രി കൂട്ടിച്ചേർത്തു. വിലക്കുറവിൽ മരുന്ന് ലഭ്യമാകുന്നതോടെ കൂടുതൽ കുട്ടികൾക്ക് ചികിത്സ ലഭ്യമാക്കാൻ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്താണ് എസ്എംഎ മരുന്ന് വിവാദം?
സംസ്ഥാനത്ത് സൗജന്യ മരുന്നിന് അർഹരായ 108 എസ്എംഎ ബാധിതരായ കുട്ടികൾക്ക് 15 ലക്ഷം രൂപ വിലയുള്ള വിദേശ നിർമിത മരുന്നിന് പകരം 8000 രൂപ വിലയുള്ള ഇന്ത്യൻ നിർമിത ജനറിക് മരുന്ന് വിതരണം ചെയ്തതാണ് വിവാദങ്ങൾക്ക് കാരണമായത്. പുതുതായി നൽകിയ മരുന്നിന്റെ കവറിൽ 'ഡോക്ടേഴ്സ് സാമ്പിൾ' എന്നും 'ക്ലിനിക്കൽ ട്രയൽസ്' എന്നും രേഖപ്പെടുത്തിയിരുന്നതായി കുട്ടികളുടെ രക്ഷിതാക്കാൾ പറഞ്ഞു. ഇതോടെ പിഞ്ചുകുഞ്ഞുങ്ങളിൽ സർക്കാർ മരുന്ന് പരീക്ഷണം നടത്തുകയാണെന്ന തരത്തിൽ ആരോപണം ഉയർന്നു.
എന്നാൽ, കേന്ദ്രാനുമതിയുള്ള മരുന്നാണ് നൽകുന്നതെന്നും സാമ്പിൾ എന്ന് രേഖപ്പെടുത്തിയതും യഥാർഥ മരുന്നും തമ്മിൽ വ്യത്യാസമില്ലെന്നും തിരുവനന്തപുരം എസ്എടി ആശുപത്രി സൂപ്രണ്ട് ഡോ. റിയാസ് വ്യക്തമാക്കിയിരുന്നു.
അതേസമയം, രക്ഷിതാക്കളുടെ ആശങ്ക ഗുരുതരമായ വിഷയമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ചൂണ്ടിക്കാട്ടി. പരീക്ഷണ ലേബലുള്ള മരുന്നുകൾ കുട്ടികൾക്ക് നൽകിയ സംഭവം നിസ്സാരമായി കാണാനാവില്ലെന്നും പിഞ്ചുകുഞ്ഞുങ്ങളുടെ ജീവൻ വച്ച് സർക്കാർ ചൂതാടുകയാണെന്നും അദ്ദേഹം ആരോപിച്ചു. രോഗം ബാധിച്ച കുട്ടികളെ പരീക്ഷണ വസ്തുക്കളാക്കി മാറ്റുകയാണെന്നും സംഭവത്തിൽ അടിയന്തര അന്വേഷണം വേണമെന്നും പിണറായി ആവശ്യപ്പെട്ടു.
മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജയും വിഷയത്തിൽ ആശങ്ക രേഖപ്പെടുത്തി. മുൻപ് നൽകിയിരുന്ന വിദേശ മരുന്ന് കഴിച്ച് കുട്ടികളുടെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടായിരുന്നതായി രക്ഷിതാക്കൾ പറഞ്ഞിട്ടുണ്ടെന്ന് അവർ പറഞ്ഞു. അതിനാൽ, ഈ മരുന്നുകൾ മാറ്റി നൽകുന്നത് അപകടകരമാണെന്നും 12 വയസ്സിന് താഴെയുള്ള കുട്ടികളിൽ മരുന്ന് പരീക്ഷണം നടത്താൻ പാടില്ലെന്ന മെഡിക്കൽ എത്തിക്സ് പാലിക്കപ്പെടണമെന്നും കെ.കെ. ശൈലജ ആവശ്യപ്പെട്ടു.
Content Highlights: Health Minister K. Muraleedharan clarified that there is no decision to change SMA medicines abruptly and Indian-made drugs are given based on expert committee advice., Parents raised concerns after foreign-made Rs 15 lakh drugs were replaced with Rs 8,000 Indian generic drugs labeled as 'Doctors Sample' and 'Clinical Trials'., Opposition leader Pinarayi Vijayan and former Health Minister K.K. Shailaja demanded a thorough investigation into testing drugs on infants.