'വി.എസ്. കേരളത്തിന്റെ ഫിദൽ കാസ്‌ട്രോ', അടുത്തിരുത്തി അന്ന് യെച്ചൂരി പറഞ്ഞു; പിരിമുറുക്കം അയഞ്ഞു

സി.പി.എം. കേന്ദ്രകമ്മിറ്റി യോഗത്തിനിടെ വി.എസ്. അച്യുതാനന്ദനെ ഹസ്തദാനംചെയ്യുന്ന സീതാറാം യെച്ചൂരി | ഫയല്‍ചിത്രം | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണന്‍/ മാതൃഭൂമി
സി.പി.എം. കേന്ദ്രകമ്മിറ്റി യോഗത്തിനിടെ വി.എസ്. അച്യുതാനന്ദനെ ഹസ്തദാനംചെയ്യുന്ന സീതാറാം യെച്ചൂരി | ഫയല്‍ചിത്രം | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണന്‍/ മാതൃഭൂമി

വി.എസ്സോ പിണറായിയോ? 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉജ്ജ്വലവിജയം നേടിയ സി.പി.എമ്മിനെ ആശയക്കുഴപ്പത്തിലാക്കിയ ചോദ്യം. പാര്‍ട്ടിയിലെ വിഭാഗീയതയ്ക്ക് ശമനമുണ്ടായ കാലത്ത് വീണ്ടും ഇരുവിഭാഗങ്ങള്‍ തമ്മില്‍ കൊമ്പുകോര്‍ക്കുമോയെന്ന് രാഷ്ട്രീയനിരീക്ഷകരടക്കം ഉറ്റുനോക്കിയ സന്ദര്‍ഭം. പക്ഷേ, ഒരുദിവസംകൊണ്ട് ആ വലിയ ചോദ്യത്തിന് ഉത്തരം കണ്ടെത്തി അന്നത്തെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വി.എസ്സിനെയും പിണറായിയെയും ഒപ്പമിരുത്തി അദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രിയായി പിണറായി വിജയനെ പ്രഖ്യാപിച്ചു. ഒപ്പം വി.എസ്സിനെയും അദ്ദേഹത്തെ അനുകൂലിക്കുന്നവരെയും നിരാശപ്പെടുത്താതെ മറ്റൊരു വാചകവും- 'വി.എസ്. കേരളത്തിന്റെ ഫിദല്‍ കാസ്‌ട്രോയാണ്, വിപ്ലവപ്രസ്ഥാനത്തിന്റെ വഴികാട്ടിയായി വി.എസ്. തുടര്‍ന്നും പ്രവര്‍ത്തിക്കും'. 

എല്‍.ഡി.എഫ്. അധികാരത്തില്‍വന്നാല്‍ ആരാകും അടുത്ത മുഖ്യമന്ത്രിയെന്ന് നിയമസഭ തിരഞ്ഞെടുപ്പിന്റെ പ്രചാരണവേദികളില്ലെല്ലാം അന്ന്  രാഷ്ട്രീയ എതിരാളികള്‍ നിരന്തരം ചോദ്യമുന്നയിച്ചിരുന്നു. പ്രചാരണസമയത്ത് ഈ ചോദ്യത്തിന് ഉത്തരം പറയാതെ സി.പി.എം. തന്ത്രപൂര്‍വം ഒഴിഞ്ഞുമാറി.

തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി 91 സീറ്റില്‍ വിജയിച്ചതോടെ മണിക്കൂറുകള്‍ക്കുള്ളില്‍ അതേ ചോദ്യം വീണ്ടുമുയര്‍ന്നു. വി.എസ്സും പിണറായിയും തമ്മില്‍ വീണ്ടും പോര്‍മുഖം തുറന്നേക്കുമെന്നും നിരീക്ഷണങ്ങളുണ്ടായി. എന്നാല്‍, മണിക്കൂറുകള്‍ക്കുള്ളില്‍ സീതാറാം യെച്ചൂരി ആ കുരുക്കഴിച്ചു. പാര്‍ട്ടിയില്‍ വി.എസ്സിനൊപ്പം നിലനിന്നിരുന്ന യെച്ചൂരി അദ്ദേഹത്തെ അനുനയിപ്പിച്ച് സാഹചര്യങ്ങള്‍ വിശദീകരിച്ചു. ഒടുവില്‍ തര്‍ക്കങ്ങള്‍ക്കോ തമ്മിലടിക്കോ ഇടനല്‍കാതെ യെച്ചൂരി പിണറായി വിജയനെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുകയായിരുന്നു. 

ഫോണില്‍ വിളിച്ചത് പലതവണ, ഒപ്പമിരുത്തി പ്രഖ്യാപനം...

പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. അച്യുതാനന്ദനായിരുന്നു 2016-ലെ തിരഞ്ഞെടുപ്പിലും സി.പി.എം പ്രചാരണത്തിന്റെ കുന്തമുന. തിരഞ്ഞെടുപ്പ് യോഗങ്ങളിലും സമ്മേളനങ്ങളിലും വി.എസിനെ മുന്‍നിര്‍ത്തി സി.പി.എം. പ്രചാരണം നയിച്ചു. പാര്‍ട്ടിയും മുന്നണിയും ഗംഭീരവിജയം നേടിയാല്‍ ആരെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുമെന്നത് അന്ന് ഏവരും ഉറ്റുനോക്കിയിരുന്നു. മുഖ്യമന്ത്രി പദവിയില്‍ വി.എസ് പക്ഷം വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതിരുന്നാല്‍ അത് വീണ്ടും രൂക്ഷമായ വിഭാഗീയതയിലേക്ക് വഴിവെച്ചേക്കുമെന്നും പാര്‍ട്ടിയില്‍ ആശങ്കയുണ്ടായി. എന്നാല്‍, യെച്ചൂരി എന്ന കമ്മ്യൂണിസ്റ്റ് നേതാവ് കേരളത്തിലെ പാര്‍ട്ടിക്കുള്ളിലെ ആശങ്കയ്ക്ക് വിരാമമിട്ടു. വി.എസ്സിനെ അനുനയിപ്പിച്ച്, പിണറായിയെ മുഖ്യമന്ത്രിയാക്കാനുള്ള നേതൃത്വത്തിന്റെ തീരുമാനം അദ്ദേഹം തന്നെ വി.എസ്സിനെ നേരിട്ടറിയിച്ചു.

2016-ല്‍ പിണറായി വിജയനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് ശേഷം അദ്ദേഹത്തിനൊപ്പം സീതാറാം യെച്ചൂരി | ഫോട്ടോ: പി.ടി.ഐ. 

 

തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ തന്നെ നേതൃത്വത്തിന്റെ നിലപാട് യെച്ചൂരി വി.എസ്സിനെ ഫോണില്‍ വിളിച്ചറിയിച്ചിരുന്നു. ബംഗാളില്‍ പാര്‍ട്ടി തിരിച്ചടി നേരിടുന്നതിനാല്‍ കേരളത്തില്‍ പ്രശ്‌നങ്ങളില്ലാതെ ഭരണം കൊണ്ടുപോകേണ്ടതിന്റെ ആവശ്യകതയും മിന്നുന്ന ജയത്തിന് പിന്നാലെ വിവാദങ്ങളുണ്ടായാല്‍ അത് തീര്‍ക്കുന്ന അഭംഗിയെക്കുറിച്ചും യെച്ചൂരി വി.എസ്സിനോട് സൂചിപ്പിച്ചു. തൊട്ടടുത്തദിവസം വീണ്ടും അദ്ദേഹം ഇതേകാര്യങ്ങള്‍ ആവര്‍ത്തിക്കുകയും അനുരഞ്ജനത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തുകയുംചെയ്തു. പാര്‍ട്ടിയില്‍ അവഗണിക്കപ്പെടില്ലെന്ന ഉറപ്പും നല്‍കി. ഇതിനുശേഷമാണ് സംസ്ഥാന കമ്മിറ്റിക്ക് ശേഷം വി.എസ്സിനെ കൂടി പങ്കെടുപ്പിച്ചുള്ള പത്രസമ്മേളനത്തില്‍ യെച്ചൂരി പിണറായിയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. പിണറായി വിജയനും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഈ പത്രസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. 

ക്യൂബയിലെ ഫിദല്‍ കാസ്‌ട്രോ പ്രവര്‍ത്തിക്കുന്നതുപോലെ വിപ്ലവപ്രസ്ഥാനത്തിന്റെ വഴികാട്ടിയായി വി.എസ്. തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നായിരുന്നു യെച്ചൂരി അന്ന് പത്രസമ്മേളനത്തില്‍ പറഞ്ഞത്. 'കേരളത്തിന്റെ ഫിദല്‍ കാസ്‌ട്രോയാണ് വി.എസ്. പാര്‍ട്ടിക്ക് ഉപദേശങ്ങള്‍ നല്‍കിയും പ്രചോദിപ്പിച്ചും അദ്ദേഹം രംഗത്തുണ്ടാകും. ഇന്ത്യയിലെ വിപ്ലവപ്രസ്ഥാനത്തിന്റെ പടക്കുതിരയാണ് വി.എസ്. തിരഞ്ഞെടുപ്പിനെ അദ്ദേഹം മുന്നില്‍നിന്ന് നയിച്ചു. പാര്‍ട്ടി ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു', ഇതായിരുന്നു യെച്ചൂരിയുടെ വാക്കുകള്‍. ഇതിനുപിന്നാലെ പാര്‍ട്ടിയില്‍ അവഗണിക്കപ്പെടില്ലെന്ന വാക്കുപാലിക്കാന്‍ വി.എസ്സിനെ പിന്നീട് ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാനായി നിയമിച്ചിരുന്നു.

Content Highlights: how sitaram yechury handled the situation after 2016 election victory in kerala