5000-ലധികം അന്തേവാസികള്‍ക്ക് താങ്ങും തണലുമായി; അശരണരുടെ മാതാവ് സിസ്റ്റര്‍ ജോസി വിടവാങ്ങി

കരുവാരക്കുണ്ട്(മലപ്പുറം): അനേകംപേര്‍ക്ക് ആശ്രയവും അത്താണിയുമായ തുവ്വൂര്‍ വിമല ഹൃദയാശ്രമം ഡയറക്ടര്‍ സിസ്റ്റര്‍ ജോസി എംഎസ്‌ജെ (76) വിടവാങ്ങി. മുക്കം അഗസ്ത്യമുഴി സെയ്ന്റ് ജോസഫ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയാണ് അന്ത്യം. പാലായിലെ പരേതരായ പുളിക്കല്‍ മൈക്കിളിന്റെയും ഏലിക്കുട്ടിയുടെയും മകളായ ത്രേസ്യാമ്മയാണ് സിസ്റ്റര്‍ ജോസി.
ധര്‍മഗിരി മെഡിക്കല്‍ സിസ്റ്റേഴ്‌സ് ഓഫ് സെയ്ന്റ് ജോസഫ് സന്യാസിനി സമൂഹത്തിലെ പ്രൊവിന്‍സ് അംഗമായ സിസ്റ്റര്‍ ജോസി 1998-ലാണ് തുവ്വൂര്‍ വിമല ഹൃദയാശ്രമത്തിന്റെ ഡയറക്ടറായത്. വിമല ഹൃദയാശ്രമത്തിന്റെ അഡ്മിനിസ്‌ട്രേറ്റര്‍, സുപ്പീരിയര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
26 വര്‍ഷമായി ആശ്രമത്തില്‍ അഭയംതേടിയ അയ്യായിരത്തിലധികം അന്തേവാസികള്‍ക്ക് താങ്ങും തണലുമായി. നവജാത ശിശുക്കളായി ആശ്രമത്തിലെത്തിയ കുട്ടികളെ വളര്‍ത്തുന്നതിലും മികച്ച വിദ്യാഭ്യാസം നല്‍കി ജീവിതോന്നതിയിലേക്ക് നയിക്കുന്നതില്‍ സിസ്റ്റര്‍ പ്രത്യേക ശ്രദ്ധ നല്‍കി. സൗമ്യമായ പെരുമാറ്റവും നാട്ടുകാരോടുള്ള അടുപ്പവും തുവ്വൂരുകാരുടെ മദറായ സിസ്റ്റര്‍ ജോസിയെ ജനകീയയാക്കി. ഏഴു വര്‍ഷമായി അര്‍ബുദ ബാധിതയായിരുന്നു. വേദനകള്‍ക്കിടയിലും ആശ്രമത്തിലെ അന്തേവാസികളുടെ ക്ഷേമം ഉറപ്പുവരുത്താന്‍ സിസ്റ്റര്‍ ജോസി പ്രത്യേകം ശ്രദ്ധ പുലര്‍ത്തി. കോതമംഗലം, ചെറുപുഴ, പോത്താനിക്കാട്, അങ്കമാലി, കാക്കനാട് എന്നിവിടങ്ങളിലും സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ചു. തുവ്വൂര്‍ വിമല ഹൃദയാശ്രമത്തില്‍ പൊതുദര്‍ശനത്തിനു വെച്ച സിസ്റ്ററുടെ ഭൗതികശരീരം കാണാനും അന്തിമോപചാരം അര്‍പ്പിക്കാനും നിരവധി ആളുകളെത്തി സംസ്‌കാരം ബുധനാഴ്ച രാവിലെ ഒന്‍പതിന് താമരശ്ശേരി യേശു ഭവന്‍ കോണ്‍വെന്റില്‍ നടക്കും. ബുധനാഴ്ച രാവിലെ 6.30-ന് വിശുദ്ധ കുര്‍ബാനയോടെ തുവൂര്‍ വിമലഹൃദയാശ്രമം ചാപ്പലില്‍നിന്ന് താമരശ്ശേരി യേശുഭവന്‍ കോണ്‍വെന്റില്‍ എത്തിക്കും. അന്ത്യ കര്‍മങ്ങള്‍ക്ക് താമരശ്ശേരി രൂപത വികാരി ജനറല്‍ ഫാദര്‍ അബ്രഹാം വയലില്‍ മുഖ്യ കാര്‍മികത്വം വഹിക്കും.
Content Highlights: Sister Josi MSJ, Director of Tuvvur Vimala Hridaya Ashram, passed away at 76