ഈ അമ്മയ്‌ക്കൊരു വീടുവേണം; മകള്‍ക്കു തണലേകാന്‍

ഹരിപ്പാട്: 'മോളെ പഠിപ്പിച്ച് വലിയ ആളാക്കണം. അതുവരെ സുരക്ഷിതമായി തങ്ങാനൊരിടം വേണം. വലിയ സൗകര്യങ്ങളൊന്നും വേണ്ടാ. അടച്ചുറപ്പുണ്ടാകണമെന്നു മാത്രം. വിടുകളില്‍ അടുക്കളപ്പണി ചെയ്താണ് ജീവിക്കുന്നത്. മോള്‍ പത്താം ക്ലാസിലാണ്'- സ്‌കൂളില്‍ പോകാന്‍ യൂണിഫോമിട്ട് ഒരുങ്ങിയിറങ്ങിയ മകളെ ചേര്‍ത്തുപിടിച്ച് സതീശ്വരി(സതി- 42) സങ്കടം പറഞ്ഞു.
'ജോലിചെയ്യുന്ന വീടുകളില്‍ അവളെയും ഒപ്പംകൂട്ടുമായിരുന്നു. ഇപ്പോള്‍ അതു ബുദ്ധിമുട്ടാണ്. മോളുടെ സങ്കടം സാറന്മാര്‍ക്കെല്ലാം അറിയാം. അവര്‍ വീടിനു രണ്ടു സെന്റ് ഭൂമി കണ്ടെത്തിയിട്ടുണ്ട്. ആരെങ്കിലും സഹായിച്ചാല്‍ ഞങ്ങള്‍ക്കൊരു കൂരകെട്ടാം'- സതീശ്വരി പറഞ്ഞു.
വീയപുരം കാരിച്ചാല്‍ സ്വദേശിനിയായ സതീശ്വരിയെ ഭര്‍ത്താവ് ഉപേക്ഷിക്കുമ്പോള്‍ മകള്‍ക്കു പ്രായം മൂന്നുമാസം. പിന്നാലെ, കൈക്കുഞ്ഞുമായി വീടുവിട്ടിറങ്ങേണ്ടിവന്നു. കണ്ണൂരിലും ഇടുക്കിയിലും ഉള്‍പ്പെടെ പലവീടുകളിലായി കുഞ്ഞിനെ ഒക്കത്തിരുത്തി അടുക്കളപ്പണിചെയ്തു. ജീവിതം മടുത്ത നാളുകള്‍. മൂന്നുപ്രാവശ്യം കുഞ്ഞുമായി ആത്മഹത്യക്കു ശ്രമിച്ചു, പേടികാരണം വിജയിച്ചില്ല. ജീവിക്കാന്‍ തീരുമാനിച്ച് മുന്നോട്ടുപോകു ന്നതിനിടെ മഞ്ഞപ്പിത്തം ബാധിച്ചു. ഗുരുതരാവസ്ഥയില്‍ ഏറെനാള്‍ ചികിത്സയില്‍ കഴിഞ്ഞു. ആശുപത്രിവിട്ടെങ്കിലും ആരോഗ്യം മോശമായി. എങ്കി ലും മകളെയുംകൂട്ടി വീടുകളില്‍ ജോലി ചെയ്യുകയാണ്. ജോലിക്കുപോകുന്ന വീടുകളില്‍ മാറിമാറി താമസിച്ചായിരുന്നു ജീവിതം.
മകള്‍ വളര്‍ന്നതോടെ മറ്റുവീടുകളിലെ താമസം ബുദ്ധി മുട്ടായി. മിടുക്കിയായ അവളുടെ പഠനത്തെയും ഇതു ബാ ധിച്ചു. ഇതിനിടെ കൂട്ടുകാരിയുടെ വീടിന്റെ തിണ്ണയില്‍ തലചായ്ക്കാന്‍ ഇടംകിട്ടി. കുറച്ചുനാള്‍ അവിടെ താമസിച്ചു.
കഴിഞ്ഞദിവസം, അധ്യാപകര്‍ ചേര്‍ന്ന് വീടു വാടക യെടുത്തുകൊടുത്തു. ആലപ്പുഴ ജില്ലയിലെ ഗണിതശാസ്ത്ര അധ്യാപകരുടെ കൂട്ടായ്മയായ ന്യൂസ്റ്റാര്‍ ചാരിറ്റിയാണു വാടക നല്‍കുന്നത്. ഇവരുടെ ശ്രമഫലമായാണു രണ്ടുസെന്റ് ഭൂമി കിട്ടിയത്.
സതി അധ്യാപികമാരുടെ വീടുകളിലാണു കൂടുതലാ യി അടുക്കളപ്പണി ചെയ്തത്. അധ്യാപകരാകുമ്പോള്‍ മകള്‍ സംശയം ചോദിച്ചാല്‍ പറഞ്ഞുകൊടുക്കുമല്ലോയെന്ന പ്രതീക്ഷയിലാണിത്.
'പലരും സഹായിച്ചിട്ടുണ്ട്. ആരെയും ബുദ്ധിമുട്ടിക്കാതെ ജീവിക്കാനാണാഗ്രഹം. മകളെയും ചേര്‍ത്തുപിടിച്ചുള്ള ഓട്ടം തുടങ്ങിയിട്ട് 15 വര്‍ഷമാകുന്നു. വീടുണ്ടായാല്‍, അവള്‍ പഠിച്ച് വലിയ നിലയിയാകുമെന്ന് ഉറപ്പാണ്. അതുവരെ എനിക്ക് ആയുസ്സുണ്ടാകണേയെന്നാണു പ്രാര്‍ഥന'- സതീശ്വരി പറഞ്ഞു.
ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ - സതീശ്വരി, അക്കൗണ്ട് നമ്പര്‍: 20219757645, ഐ.എഫ്.സി നമ്പര്‍: SBIN0010596 , ബ്രാഞ്ച്: ഹരിപ്പാട് ടൗണ്‍
Content Highlights: Sathi, a single mother from Alappuzha seeks help for people to build a home