സില്‍വര്‍ലൈന്‍ പാത: വന്ദേഭാരതും ചരക്കുവണ്ടികളും വേണ്ടെന്ന് കെ-റെയില്‍

തിരുവനന്തപുരം: വന്ദേഭാരതും ചരക്കുതീവണ്ടികളും ഓടിക്കാന്‍ പാകത്തില്‍ സില്‍വര്‍ലൈന്‍ പാത മാറ്റണമെന്ന നിര്‍ദേശം തള്ളി കെ-റെയില്‍. പദ്ധതിക്ക് റെയില്‍വേ ഭൂമി വിട്ടുകൊടുക്കാന്‍ സന്നദ്ധമല്ലെങ്കില്‍ പാതയുടെ അലൈന്‍മെന്റില്‍ മാറ്റംവരുത്താന്‍ തയ്യാറാണെന്നും കെ-റെയില്‍ റെയില്‍വേ ബോര്‍ഡിന് നല്‍കിയ കത്തില്‍ വ്യക്തമാക്കി.
സില്‍വര്‍ലൈന്‍ ഡി.പി.ആറില്‍ മാറ്റംവരുത്തണമെന്നാവശ്യപ്പെട്ട് റെയില്‍വേ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ക്കാണ് കെ-റെയില്‍ മറുപടി നല്‍കിയത്. സംസ്ഥാനസര്‍ക്കാര്‍ വിഭാവനംചെയ്തരീതിയില്‍ പ്രത്യേക അതിവേഗപാതയായി സില്‍വര്‍ലൈന്‍ നിലനിര്‍ത്തണം. അതിനാവശ്യമായ രീതിയില്‍ പദ്ധതിരേഖയില്‍ മാറ്റംവരുത്താന്‍ തയ്യാറാണെന്നും കെ-റെയില്‍ നല്‍കിയ കത്തില്‍ പറയുന്നു. പാരിസ്ഥിതികപ്രശ്‌നങ്ങളുണ്ടെങ്കില്‍ അവ പരിഹരിക്കാന്‍ സംസ്ഥാനം തയ്യാറാണ്. പദ്ധതിയുടെ അടിസ്ഥാനലക്ഷ്യത്തില്‍നിന്നുള്ള മാറ്റം സാധ്യമല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
റെയില്‍വേയുടെ മോഹം സര്‍ക്കാര്‍ചെലവില്‍ മൂന്നും നാലും പാത
കെ-റെയില്‍ അലൈന്‍മെന്റ് റെയില്‍വേക്കുകൂടി ഉപയോഗിക്കാന്‍ പാകത്തില്‍ മാറ്റണമെന്ന റെയില്‍വേ ബോര്‍ഡിന്റെ നിര്‍ദേശത്തിനുപിന്നില്‍ സംസ്ഥാനസര്‍ക്കാരിന്റെ ചെലവില്‍ മൂന്നും നാലും പാതകള്‍ നിര്‍മിക്കാനുള്ള നീക്കമാണെന്ന നിഗമനത്തില്‍ സംസ്ഥാനസര്‍ക്കാര്‍.
ബ്രോഡ്ഗേജില്‍ നിലവിലെ പരാവധിവേഗം മണിക്കൂറില്‍ 160 കിലോമീറ്ററാണ്. സില്‍വര്‍ലൈന്‍ സ്റ്റാന്‍ഡേഡ് ഗേജിന്റെ വേഗം മണിക്കൂറില്‍ 200 കിലോമീറ്ററാണ്. ഭാവിയില്‍ 350 കിലോമീറ്റര്‍വരെ വേഗമാര്‍ജിക്കാന്‍ കഴിയും. ബ്രോഡ്ഗേജിലേക്ക് മാറുമ്പോള്‍ കൂടുതല്‍ സ്ഥലമേറ്റെടുപ്പ് വേണ്ടിവരും.
റെയില്‍വേ നിര്‍ദേശങ്ങള്‍ക്കെതിരേ ഇ. ശ്രീധരന്‍
കെ-റെയില്‍ പാതയില്‍ വന്ദേഭാരതും ചരക്കുതീവണ്ടികളും ഓടിക്കണമെന്ന റെയില്‍വേ നിര്‍ദേശം ദീര്‍ഘവീക്ഷണമില്ലാത്തതാണെന്ന് ഡല്‍ഹി മെട്രോ മുന്‍ എം.ഡി. ഇ. ശ്രീധരന്‍. റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിന് അയച്ച കത്തിലാണ് കെ-റെയില്‍ പ്രത്യേക അതിവേഗപാതയായി നിലനിര്‍ത്തണമെന്നാവശ്യം അദ്ദേഹം ഉന്നയിച്ചത്.
അതിവേഗപാതകളില്‍ പാസഞ്ചര്‍ വണ്ടികളും ചരക്കുവണ്ടികളും ഓടിക്കുന്നത് അപകടകരമാണെന്നും കത്തില്‍ പറയുന്നു. പാതയ്ക്ക് റെയില്‍വേ സേഫ്റ്റി കമ്മിഷണറുടെ അംഗീകാരവും ലഭിക്കില്ല. അതിവേഗപാതയെന്ന ലക്ഷ്യം കൈവരിക്കാനും കഴിയില്ല.
റെയില്‍വേ ബോര്‍ഡിന്റെ നിര്‍ദേശപ്രകാരം പുതിയ പദ്ധതിരേഖ തയ്യാറാക്കുന്നത് അപ്രായോഗികമാണെന്നുകാണിച്ച് അദ്ദേഹം മുഖ്യമന്ത്രിക്കും കത്തുനല്‍കി. തൂണുകളിലെ ഉയരപ്പാതയോ ഭൂഗര്‍ഭതുരങ്കങ്ങളോ ആണ് സംസ്ഥാനത്തിന് യോജ്യമെന്നും കത്തില്‍ പറയുന്നു.
സ്റ്റാന്‍ഡേഡ് ഗേജിന് പരമാവധി 200 കിലോമീറ്റര്‍ വേഗമാര്‍ജിക്കാന്‍ കഴിയും. മണിക്കൂറില്‍ 135 കിലോമീറ്റര്‍ ശരാശരിവേഗം നിലനിര്‍ത്താനാകും. തിരുവനന്തപുരം-കണ്ണൂര്‍ മൂന്നുമണിക്കൂര്‍ 15 മിനിറ്റില്‍ എത്താനാകും. ഭാവിയില്‍ പാത മംഗലാപുരത്തേക്ക് നീട്ടാം. 1,00,000 കോടി രൂപയ്ക്ക് പദ്ധതി പൂര്‍ത്തീകരിക്കാനാകുമെന്നും ശ്രീധരന്‍ പറയുന്നു. കൊങ്കണ്‍ മാതൃകയില്‍ ആറുവര്‍ഷംകൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കാം.
Content Highlights: Silverline project in Kerala