കോഴിക്കോട് മൊഫ്യൂസൽ ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ കടകൾ തിങ്കളാഴ്ച മുതൽ തുറന്ന് പ്രവർത്തിക്കും

കോഴിക്കോട് മൊഫ്യൂസൽ ബസ് സ്റ്റാൻഡ് | Photo: PTI
കോഴിക്കോട് മൊഫ്യൂസൽ ബസ് സ്റ്റാൻഡ് | Photo: PTI

കോഴിക്കോട്: കോഴിക്കോട് മൊഫ്യൂസൽ ബസ് സ്റ്റാൻഡ് (പുതിയ ബസ് സ്റ്റാൻഡ്) കെട്ടിടത്തിലെ കടകൾ തിങ്കളാഴ്ച മുതൽ തുറന്ന് പ്രവർത്തിക്കാൻ തീരുമാനം. കെട്ടിടത്തിന് സ്റ്റെബിലിറ്റി പ്രശ്നമില്ലെന്ന് കോർപ്പറേഷൻ സൂപ്രണ്ടിങ് എൻജിനീയർ സാക്ഷ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ മേയറും വ്യാപാരികളും നടത്തിയ ചർച്ചയിലാണ് കടകൾ തുറക്കാൻ തീരുമാനമായത്. 

മാലിന്യം നീക്കി കെട്ടിടം വൃത്തിയാക്കുന്നതിനുള്ള നടപടികൾ രണ്ട് ദിവസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നും മേയർ ബീനാ ഫിലിപ്പ് അറിയിച്ചു. മൊഫ്യൂസൽ ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ വൈദ്യുതി കേബിളുകളും പാനൽ ബോർഡുകളും മുഴുവനായി മാറ്റി സ്ഥാപിക്കാനും യോ​ഗത്തിൽ തീരുമാനമായി. ഇതിന്റെ പ്രവർത്തി മൂന്നാഴ്ചയ്ക്കുള്ളിൽ പൂർത്തീകരിക്കും. 

പാനലുകൾ മാറ്റി സ്ഥാപിച്ച് ഓരോ മുറിയിലേക്കുമുള്ള കേബിളുകൾ സ്ഥാപിക്കുന്ന പ്രവർത്തി ആ​ദ്യഘട്ടമായി കോർപ്പറേഷൻ ചെയ്യും, മുറികൾക്കുള്ളിലുള്ള വയറിങ് ലെെസൻസികളാണ് ചെയ്യുക. കോമൺ സ്പേസിങിലുള്ള ലൈറ്റുകളുടെ പ്രവർത്തി അടുത്ത ഘട്ടമായി പൂർത്തിയാക്കും.

സമ്പൂർണ്ണ നവീകരണത്തിന് വേണ്ടി തയ്യാറാക്കിയ പുതിയ ഡിപിആ‍ർ ജൂൺ മാസത്തിൽ അം​ഗീകരിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും മേയർ അറിയിച്ചു. ഒരു മാസത്തെ വാടക ഒഴിവാക്കി നൽകണമെന്ന് വ്യാപാരികൾ കോർപ്പറേഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡില്‍ കഴിഞ്ഞ ഞായറാഴ്ച ഉണ്ടായ തീപ്പിടിത്തത്തെ തുടർന്നാണ് കടകള്‍ അടച്ചിട്ടിരുന്നത്. 

Content Highlights: shops in kozhikode Mofussil Bus stand to open on monday