എക്സാലോജിക്കിന് അബുദാബിയിലെ ബാങ്കിൽ അക്കൗണ്ട്, വീണയും സുനീഷും അക്കൗണ്ട് ഉടമകൾ- ഷോൺ ജോർജ്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ എക്സാലോജിക് കമ്പനിക്കെതിരെ വീണ്ടും ഗുരുതര ആരോപണവുമായി ഷോൺ ജോർജ്.
അബുദാബി കൊമേഷ്യൽ ബാങ്കിൽ എക്സാലോജികിന് അക്കൗണ്ട് ഉണ്ടെന്നും പി.ഡബ്ല്യൂ.സി, എസ്.എൻ.സി ലാവലിൻ കമ്പനികളിൽനിന്നും ഇതിലേക്ക് കോടികളെത്തിയെന്നും അദ്ദേഹം ആരോപിച്ചു. വാർത്താസമ്മേളനത്തിലാണ് ഷോണിന്റെ വെളിപ്പെടുത്തൽ.
'അബുദാബി കൊമേർഷ്യൽ ബാങ്കിൽ 'എക്സാലോജിക് കൺസൽട്ടിങ്, മീഡിയ സിറ്റി യു.എ.ഇ' എന്ന വിലാസത്തിലാണ് അക്കൗണ്ട് ഉള്ളത്. മുഖ്യമന്ത്രിയുടെ മകൾ വീണയും എം. സുനീഷുമാണ് അക്കൗണ്ട് ഉടമകൾ. കോടികളുടെ ഇടപടാണ് അക്കൗണ്ടിലൂടെ നടന്നത്. 2018 ഡിസംബർ ഒന്നിന് പി.ഡബ്ല്യൂ.സി കമ്പനിയുമായി കരാർ ഒപ്പിട്ടു. 2020-ൽ കരാറിന്റെ കാലാവധി കഴിയുന്നതുവരെ അക്കൗണ്ടിൽ പണമെത്തി. അക്കൗണ്ടിൽനിന്ന് പണം പോയത് അമേരിക്കൻ അക്കൗണ്ടുകളിലേക്കാണ്. അക്കൗണ്ടിലേക്കെത്തിയ കോടികൾക്ക് കരിമണൽ കമ്പനിയായ സി.എം.ആർ.എൽ ഉൾപ്പടെയുള്ളവയിൽ നിന്ന് ലഭിച്ച പണവുമായി ബന്ധമുണ്ടെന്നാണ് സംശയിക്കുന്നത്', ഷോൺ ജോർജ് ആരോപിച്ചു.
അക്കൗണ്ടിനെ സംബന്ധിച്ച വിവരം തനിക്ക് തന്നത് ദൈവമാണെന്ന് പറഞ്ഞ ഷോൺ, ലോകത്ത് എവിടെ ചെന്നാലും മലയാളി ഉണ്ടല്ലോ എന്നും കൂട്ടിച്ചേർത്തു. ജനങ്ങൾ എല്ലാം അറിയണമെന്നും മുഖ്യമന്ത്രി ഇനി സ്ഥാനത്ത് തുടരാൻ പാടില്ലെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അക്കൗണ്ടിനേക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഷോൺ ഹൈക്കോടതിയിൽ ഉപഹർജി നൽകിയിട്ടുണ്ട്.
Content Highlights: shone george against veena vijayan and exalogic