വലിയ ദ്രോഹമൊന്നും തരൂര്‍ പറഞ്ഞിട്ടില്ല, വ്യാഖ്യാനിച്ച് വലുതാക്കി- കെ. സുധാകരന്‍

ശശി തരൂർ, കെ.സുധാകരൻ | ഫോട്ടോ: PTI, ലതീഷ് പൂവുത്തൂർ \ മാതൃഭൂമി
ശശി തരൂർ, കെ.സുധാകരൻ | ഫോട്ടോ: PTI, ലതീഷ് പൂവുത്തൂർ \ മാതൃഭൂമി

തിരുവനന്തപുരം: ശശി തരൂർ പറഞ്ഞതിനെ വ്യാഖ്യാനിച്ച് വലുതാക്കിയെന്ന് കെ.പി.സി.സി അധ്യക്ഷനും എം.പിയുമായ കെ.സുധാകരൻ. വലിയ ദ്രോഹമൊന്നും തരൂർ പറഞ്ഞിട്ടില്ല. ഈ വിഷയത്തിൽ കൂടുതൽ സംസാരം വേണ്ടെന്ന് പറഞ്ഞപ്പോൾത്തന്നെ എല്ലാവരും അത് നിർത്തി. പ്രശ്നങ്ങൾ ഇപ്പോൾ അവസാനിച്ചിരിക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

ചര്‍ച്ച നടത്താൻ ഇവിടെ യുദ്ധമൊന്നും ഉണ്ടായില്ലെന്ന് കെ.സുധാകരൻ എം.പി പറഞ്ഞു. ഒരു പ്രസ്താവനയുടെ പേരിൽ നേരിയ പ്രശ്നം വന്നപ്പോൾ അതവിടെ തീർക്കുക എന്നത് നമ്മുടെ ഉത്തരവാദിത്തമല്ലേ എന്ന് അദ്ദേഹം ചോദിച്ചു. ശശി തരൂരിനെ താനും വിളിച്ചിരുന്നു. സ്നേഹത്തോടെ പെരുമാറുകയും ഇനി മേലിൽ ഇത്തരം പ്രശ്നങ്ങളുണ്ടാവില്ലെന്നും പാർട്ടിതലത്തിൽ തീരുമാനമെടുക്കുകയും ചെയ്തു. അതോടെ ആ വിഷയം ഇവിടെ തീർന്നു. വലിയ ദ്രോഹമൊന്നും ശശി തരൂർ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 

"നേതാക്കളിൽ വ്യത്യസ്തമായ സ്വഭാവമുള്ള ആളുകളുണ്ടാവും. അതിനനുസരിച്ച് അവർ പ്രതികരിക്കും. പക്ഷേ അതൊന്നും ഉള്ളിൽത്തട്ടിയാവില്ല എന്നാണ് എന്റെ വിശ്വാസം." ശശി തരൂരിന്റെ ലേഖനത്തേക്കുറിച്ച് കോൺ​ഗ്രസിൽനിന്നുള്ള നേതാക്കളുടെ പ്രതികരണത്തേക്കുറിച്ച് സുധാകരൻ പറഞ്ഞതിങ്ങനെ. "വ്യവസായമേഖലയിൽ ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് വലിയ പുരോ​ഗതിയാണുണ്ടായതെന്ന് അങ്ങനെയൊന്നും ഞാൻ സമ്മതിച്ചിട്ടില്ല. ശശി തരൂർ പറഞ്ഞത് കണ്ടീഷണലാണ്. പൂർണമായ രീതിയിലുള്ള കമന്റൊന്നും അദ്ദേഹം പറഞ്ഞിട്ടില്ല. തരൂർ പറഞ്ഞതിൽ അങ്ങനെയൊരർത്ഥവും ഇല്ല." കെ.സുധാകരൻ വിശദീകരിച്ചു.

ശശി തരൂരിന്റേത് പിശകാണെന്ന് പറയുന്നില്ല. അർധസത്യം ഉണ്ടെന്ന മട്ടിലായിരുന്നു അദ്ദേഹത്തിന്റെ സംസാരം. അത് അദ്ദേഹത്തിന്റെ കാഴ്ചപ്പാടാണ്. തരൂർ അങ്ങനെ പറയാൻ പാടില്ലായിരുന്നു എന്നാണ് കോൺ​ഗ്രസ് നേതൃത്വം എന്ന നിലയ്ക്ക് വ്യക്തമാക്കാനുള്ളത്. സംസാരം നിർത്താൻ പറഞ്ഞപ്പോൾ എല്ലാവരും നിർത്തി. ഡി.വൈ.എഫ്.ഐ ക്ഷണിച്ച പരിപാടിയിലേക്ക് തരൂർ പോകില്ല. അക്കാര്യത്തിൽ പൂർണ വിശ്വാസമുണ്ടെന്നും കെ.പി.സി.സി അധ്യക്ഷൻ കൂട്ടിച്ചേർത്തു.

Content Highlights: KPCC President K. Sudhakaran clarifies the recent controversy involving Shashi Tharoor