പോലീസ് സംവിധാനം കുത്തഴിഞ്ഞു, കാഫിർ സ്ക്രീൻഷോട്ട് അന്വേഷണം ഫ്രീസറിൽ- വിമർശനവുമായി ഷാഫി പറമ്പില്‍

കോഴിക്കോട്: കേരളത്തിലെ പോലീസ് സംവിധാനം കുത്തഴിഞ്ഞ് കിടക്കുകയാണെന്ന് ഷാഫി പറമ്പില്‍ എം.പി. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സര്‍ക്കാരിനെതിരെയാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. കെപിസിസി പ്രസിഡന്റ് മുതല്‍ ബൂത്ത് പ്രസിഡന്റ് വരെ ഇതിനായി രംഗത്തുവരണം. ഇന്നത്തെ പ്രതിഷേധം അതിനുള്ള തുടക്കമാണെന്നും അദ്ദേഹം പറഞ്ഞു. വടകരയിലെ കോണ്‍ഗ്രസിന്റെ ജനകീയ പ്രതിഷേധ സദസ്സില്‍ സംസാരിക്കുകയായിരുന്നു ഷാഫി.
കേരളത്തിലെ പോലീസ് സംവിധാനം കുത്തഴിഞ്ഞ നിലയിലായി. സസ്പെന്‍ഷനിലായ പോലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടാതെ സമരത്തില്‍നിന്ന് പിന്നോട്ടില്ല. അവരെ തിരിച്ചെടുക്കാനുള്ള സമയം സര്‍ക്കാരിന് ജനം കൊടുക്കില്ല. കേരളത്തിന്റെ ആഭ്യന്തരവകുപ്പ് ഭരിക്കുന്നത് കൊടി സുനിമാരാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ തിരഞ്ഞെടുപ്പിന്റെ ഫലം അംഗീകരിക്കാന്‍ കഴിയാത്ത ചില അസ്വസ്ഥര്‍ ഒരു കോണ്‍ഗ്രസ് നേതാവിന്റെ വീട്ടിലേക്ക് ബോംബെറിഞ്ഞിട്ട് ഈ നിമിഷംവരെ അവര്‍ക്കെതിരേ കേസെടുക്കാന്‍ പോലീസ് തയ്യാറായിട്ടില്ല. അതിലെ ഒരാളെപ്പോലും കണ്ടെത്താനോ പിടിക്കാനോ കഴിഞ്ഞിട്ടില്ല. അതല്ലെങ്കില്‍ കണ്ടെത്തിയിട്ട് മിണ്ടാതിരിക്കാനാണോ ശ്രമിച്ചതെന്നും അറിയില്ല. ആര്‍എംപി നേതാവിന്റെ വീട്ടില്‍ ചെറിയ കുഞ്ഞ് കിടക്കുന്ന കട്ടിലിലേക്കാണ് ബോംബെറിഞ്ഞത്. ഇതുവരെ ഒരാളെയും അറസ്റ്റുചെയ്തിട്ടില്ല.
കഴിഞ്ഞ തിരഞ്ഞെടുപ്പ് സമയത്ത് വ്യാജ കാഫിര്‍ സ്ക്രീന്‍ഷോട്ട് ഉണ്ടാക്കിയത് ആരാണെന്ന കാര്യത്തില്‍ സിപിഎമ്മിന്റെയും ഡിവൈഎഫ്ഐയുടെയും നേതാക്കള്‍ മറുപടി പറയണമെന്നും ഷാഫി പറഞ്ഞു. സ്ക്രീന്‍ഷോട്ട് അന്വേഷണം ഫ്രീസറിലാണ്. സ്ക്രീന്‍ഷോട്ട് ഉണ്ടാക്കിയത് സ്വന്തക്കാരായതുകൊണ്ടാണ് കേസ് എവിടെയുമെത്താത്തത്. കേരളത്തിന്റെ ആഭ്യന്തരവകുപ്പ് ഭരിക്കുന്നത് കൊടി സുനിമാരാണ്. ഗുണ്ടകളെ ഇരുവശത്തും നിര്‍ത്തി മുഖ്യ ഗുണ്ട കേരളം ഭരിക്കുന്നു. അനിവാര്യമായ രാഷ്ട്രീയമാറ്റത്തിന് കേരളം തയ്യാറെടുക്കുകയാണ്. പ്രതിപക്ഷത്തെ നിശ്ശബ്ദരാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് നിശ്ശബ്ദരാകേണ്ടിവരുമെന്നും ഷാഫി കൂട്ടിച്ചേര്‍ത്തു.
Content Highlights: Kerala Police System in Disarray, Alleges MP Shafi Parambil