എസ്.എഫ്.ഐ. സമരത്തിൽ ബ്ലേഡ് പ്രയോഗം; പരസ്പരം പഴിചാരി പോലീസും പ്രവർത്തകരും

തിരുവനന്തപുരം: എസ്.എഫ്.ഐ.യുടെ സെക്രട്ടേറിയറ്റ് സമരത്തിനിടെ ബ്ലേഡ് ആയുധമായി. ബ്ലേഡുകൊണ്ടുള്ള വരയലിൽ ഏതാനും പോലീസുകാർക്കും പ്രവർത്തകർക്കും പരിക്കേറ്റു. ബാരിക്കേഡ് കെട്ടുന്ന വടം മുറിക്കാനായി കൊണ്ടുവന്ന ബ്ലേഡാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് കരുതുന്നു.
സമരം നടന്ന സ്ഥലത്തുനിന്ന് പിന്നീട് ഏതാനും ബ്ലേഡുകൾ കണ്ടെത്തുകയും ചെയ്തു. ബ്ലേഡുകൊണ്ട് ആക്രമിച്ചത് പോലീസാണെന്ന് എസ്.എഫ്.ഐ. പ്രവർത്തകരും വിദ്യാർഥികളാണെന്ന് പോലീസും കുറ്റപ്പെടുത്തി. ബ്ലേഡുകൊണ്ട് പോലീസിനെ ആക്രമിച്ചതിന് പത്ത് വിദ്യാർഥികൾക്കെതിരേ പോലീസ് കേസെടുത്തു.
മദ്യനയത്തിനെതിരേയും വിവിധ കോഴ്‌സുകളിലെ ഫീസ് വർധനയ്‌ക്കെതിരേയുമായിരുന്നു സമരം. പ്രകടനം സമരഗേറ്റിൽ എത്തിയപ്പോൾത്തന്നെ പോലീസുമായി ഏറ്റുമുട്ടലുണ്ടായി. ഉന്തിലും തള്ളിലും ഇരുകൂട്ടർക്കും പരിക്കേറ്റു.
ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകർ മുഖ്യമന്ത്രി വി.ഡി. സതീശന്റെ െഫ്ളക്സ് കീറുകയും പോലീസിനുനേരേ ചെരിപ്പെറിയുകയും ചെയ്തു. പെൺകുട്ടികൾ അടക്കമുള്ളവരെ വനിതാ പോലീസുകാരില്ലാതെ നേരിട്ടെന്ന് എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എസ്.സഞ്ജീവ് കുറ്റപ്പെടുത്തി
Content Highlights: SFI protest at the Secretariat turned violent involving blade attacks. Police and SFI activists trade blame over the use of blades during the clash. Police registered cases against 10 students following the incident. Protest was organized against the liquor policy and fee hikes in academic courses. Claims of improper handling of female protesters by male police officers.