മഹാരാജാസ് കോളേജിലെ ബിരുദദാന ചടങ്ങിനിടെ എസ്എഫ്ഐ പ്രതിഷേധം; പ്രസംഗം നിർത്തി വേദിവിട്ട് മന്ത്രി

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിൽ ബിരുദദാന ചടങ്ങ് നടക്കുന്നതിനിടെ എസ്.എഫ്.ഐ. പ്രവർത്തകരുടെ പ്രതിഷേധം. ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ ഉദ്ഘാടന പ്രസംഗം നടത്തുന്നതിനിടെയായിരുന്നു സംഭവം. കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ നടക്കുന്ന വിദ്യാർഥി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചായിരുന്നു എസ്.എഫ്.ഐ. പ്രതിഷേധം.
ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ബിരുദദാന ചടങ്ങ് ആരംഭിച്ചത്. മന്ത്രി റോജി എം. ജോൺ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ, കാലടി സംസ്കൃത സർവകലാശാലയിലെ വിദ്യാർഥികളുടെ സസ്പെൻഷൻ നടപടിയുമായി ബന്ധപ്പെട്ട് സദസ്സിൽനിന്ന് വിദ്യാർഥികൾ മന്ത്രിയോട് ചോദ്യങ്ങൾ ഉന്നയിക്കുകയായിരുന്നു. പ്രസംഗത്തിനുശേഷം മറുപടി നൽകാമെന്ന് മന്ത്രി അറിയിച്ചെങ്കിലും വിദ്യാർഥികൾ ചോദ്യംചോദിക്കുന്നത് തുടർന്നു.
തുടർന്ന് സ്ഥലത്തുണ്ടായിരുന്ന സുരക്ഷാ ജീവനക്കാർ ചോദ്യംചോദിച്ച വിദ്യാർഥിനിയെ നീക്കംചെയ്യാൻ ശ്രമിച്ചതോടെ എസ്.എഫ്.ഐ. പ്രവർത്തകർ പ്രതിഷേധം ശക്തമാക്കി. ഓഡിറ്റോറിയത്തിൽ കറുത്ത ബാനറും ഉയർത്തിയിരുന്നു. പ്രതിഷേധം കനത്തതോടെ പ്രസംഗം അവസാനിപ്പിച്ച് മന്ത്രി റോജി എം. ജോൺ വേദി വിട്ടുപോവുകയായിരുന്നു. വേദിയിൽനിന്ന് പുറത്തേക്ക് പോയ മന്ത്രിയെ പിന്തുടർന്നും വിദ്യാർഥികൾ ചോദ്യങ്ങൾ ചോദിക്കുകയും പ്രതിഷേധം തുടരുകയും ചെയ്തു.