മനസ്സമാധാനം ലഭിച്ചുവെന്ന് പിതാവ്; ഷിബിന്‍ വധക്കേസിൽ ഒമ്പത് വര്‍ഷത്തിന് ശേഷം നീതി

വടകര: തൂണേരി വെള്ളൂരിലെ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകന്‍ ഷിബിന്‍ വധക്കേസ് പ്രതികളായ മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ക്ക് ഹൈക്കോടതിയില്‍നിന്ന് ജീവപര്യന്തം ശിക്ഷകിട്ടുന്നത് കൊലപാതകം നടന്ന് ഒന്‍പതു വര്‍ഷത്തിനുശേഷം. 2015 ജനുവരി 22-നാണ് ഷിബിന്‍ കൊല്ലപ്പെട്ടത്. 2016 ജൂണ്‍ 15-ന് എരഞ്ഞിപ്പാലത്തെ മാറാട് പ്രത്യേക കോടതി 17 പ്രതികളെയും വെറുതെവിട്ടു. ഈ വിധിയുടെയും കൊലപാതകത്തിന്റെയും അലകളൊടുങ്ങിയ നേരത്താണ് ഹൈക്കോടതി ഏഴ് പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തിയത്. ചൊവ്വാഴ്ച ഇവര്‍ക്ക് ജീവപര്യന്തം ശിക്ഷയും വിധിച്ചതോടെ രാഷ്ട്രീയക്കൊലപാതകങ്ങള്‍ക്കെതിരേയുള്ള താക്കീതായി കോടതിവിധി മാറി.
കുറെക്കാലമായി നാദാപുരം മേഖലയില്‍ രാഷ്ട്രീയസംഘര്‍ഷങ്ങള്‍ ഒഴിഞ്ഞിട്ട്. വിധിയുടെ പശ്ചാത്തലത്തില്‍ പോലീസ് ഈ മേഖലയില്‍ ജാഗ്രതപുലര്‍ത്തുന്നുണ്ട്. ഹൈക്കോടതിവിധി പ്രോസിക്യൂഷനും പോലീസിനും ആശ്വാസം പകരുന്നതാണ്.
പോലീസിന്റെ അന്വേഷണവീഴ്ച ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് 2016-ല്‍ വിചാരണക്കോടതി എല്ലാ പ്രതികളെയും വെറുതെവിട്ടത്. എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യുന്നതിലെ കാലതാമസം, സാക്ഷിമൊഴികളിലെ വിശ്വാസമില്ലായ്മ, പ്രതികളുടെ ശരീരത്തിലേറ്റ മുറിവിനെക്കുറിച്ച് വിശദമായി അന്വേഷിക്കാത്ത വിഷയം, ശാസ്ത്രീയതെളിവുകളിലെ പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം അന്ന് കോടതി അക്കമിട്ട് നിരത്തിയിരുന്നു. ഇതെല്ലാം പ്രതികളെ വെറുതെവിടുന്നതിലേക്ക് വഴിതെളിച്ചു. പ്രോസിക്യൂഷനും പോലീസിനും ഇത് വലിയ ക്ഷീണമാണുണ്ടാക്കിയത്. കേസ് അട്ടിമറിച്ചെന്നുവരെ അന്ന് വിമര്‍ശനമുയര്‍ന്നു. ഹൈക്കോടതി ഇപ്പോള്‍ ഏഴുപേരെ ശിക്ഷിച്ചതോടെ പോലീസിനും തലയുയര്‍ത്താനായി.
കീഴ്ക്കോടതി വിധിക്കെതിരേ പ്രോസിക്യൂഷനും ഷിബിന്റെ അച്ഛനും അക്രമത്തില്‍ പരിക്കേറ്റവരുമാണ് ഹൈക്കോടതിയെ സമീപിച്ചത്. എട്ടുവര്‍ഷംനീണ്ട നിയമപോരാട്ടമാണ് ഏഴുപേരെ കുറ്റക്കാരെന്ന് കണ്ടെത്തുന്ന വിധിയിലേക്ക് നയിച്ചത്. കീഴ്ക്കോടതി എല്ലാവരെയും വെറുതെവിട്ട് രണ്ടുമാസത്തിനുശേഷം കേസിലെ മൂന്നാം പ്രതിയായിരുന്ന മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് അസ്ലമിനെ വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഇതില്‍ പ്രതിസ്ഥാനത്തുള്ളത് സി.പി.എം. പ്രവര്‍ത്തകരാണ്.
മനസ്സിന് സമാധാനം ലഭിച്ചു
ഹൈക്കോടതി വിധിവന്നതോടെ മനസ്സിന് ഏറെ സമാധാനം ലഭിച്ചു. വിചാരണക്കോടതി വിധി വന്ന് എട്ടു വര്‍ഷവും മൂന്നു മാസത്തിനുംശേഷമാണ് ഹൈക്കോടതി വിധിവന്നത്. ഏക മകന്‍ കൊല്ലപ്പെട്ടതുമുതല്‍ നീതിക്കുവേണ്ടിയുള്ള പരിശ്രമത്തിലായിരുന്നു. വിചാരണക്കോടതിയില്‍നിന്നും നീതിപൂര്‍വമായ വിധി പ്രതീക്ഷിച്ചതായിരുന്നു. എന്നാല്‍ അതുണ്ടാകാത്തതില്‍ നിരാശയുണ്ടായിരുന്നു. ഹൈക്കോടതി വിധിപ്രഖ്യാപിച്ചതോടെയാണ് മനസ്സിന് ആശ്വാസമുണ്ടായത്. കേസില്‍ അറിയാതെ ഉള്‍പ്പെട്ട ഏഴുപേരെ ഹൈക്കോടതി വെറുതേ വിട്ടതിലൂടെ നല്ലസന്ദേശമാണ് കോടതി നല്‍കിയതെന്ന് ഷിബിന്റെ അച്ഛന്‍ ഭാസ്‌കരന്‍ പ്രതികരിച്ചു.
Content Highlights: Seven Muslim League activists convicted sentenced to life imprisonment for the shibin murder case