തൊണ്ടിമുതൽ കേസിൽ ആന്റണി രാജുവിന് തിരിച്ചടി: ശിക്ഷ മരവിപ്പിക്കാതെ ഹൈക്കോടതി; മത്സരിക്കാനാകില്ല

കൊച്ചി: ജനാധിപത്യ കേരളാ കോൺഗ്രസ് മുൻ എംഎൽഎയും മുൻ ഗതാഗതമന്ത്രിയുമായ ആന്റണി രാജുവിന് തിരിച്ചടി. തൊണ്ടിമുതൽ തിരിമറി കേസിലെ ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ഇതോടെ അദ്ദേഹത്തിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അയോഗ്യത തുടരും.
മുപ്പതുകൊല്ലത്തിലേറെ പഴക്കമുള്ള തൊണ്ടിമുതൽ കേസിൽ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെയാണ് അദ്ദേഹത്തിന് എംഎൽഎ സ്ഥാനം നഷ്ടമായതും തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അയോഗ്യനായതും. തിരുവനന്തപുരം സെൻട്രലിൽനിന്നുള്ള എംഎൽഎ ആയിരുന്നു ആന്റണി രാജു. അയോഗ്യത മാറിക്കിട്ടാനാണ് ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ ഈ ആവശ്യവുമായി തിരുവനന്തപുരം സെഷൻസ് കോടതിയെ സമീപിച്ചിരുന്നുവെങ്കിലും അവിടെ തിരിച്ചടിയായിരുന്നു ഫലം. പിന്നാലെയാണ് മേൽക്കോടതിയിലെത്തിയത്.
അയോഗ്യത നീങ്ങിക്കിട്ടാതെ വന്നതോടെ, ഇത്തവണ തിരുവനന്തപുരം സെൻട്രലിൽ ആര് മത്സരിക്കുമെന്ന ചോദ്യവും ഉയരുകയാണ്. ആന്റണി രാജുവിന് ഹൈക്കോടതിയിൽനിന്ന് ആശ്വാസം ലഭിക്കുമെന്നും മത്സരിക്കാനാകുമെന്നുമുള്ള പ്രതീക്ഷയിലായിരുന്നു ജനാധിപത്യ കേരളാ കോൺഗ്രസ്. അതിനാണിപ്പോൾ തിരിച്ചടിയേറ്റിരിക്കുന്നത്. ആരാകും മണ്ഡലത്തിൽ സ്ഥാനാർഥിയാവുക എന്നതാണ് ഹൈക്കോടതി വിധിക്ക് പിന്നാലെ ഉയരുന്ന മറ്റൊരു ചോദ്യം.
ജൂനിയർ അഭിഭാഷകനായിരുന്ന കാലത്ത് മയക്കുമരുന്ന് കേസിൽ വിദേശ പൗരനെ രക്ഷിക്കാൻ, തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം കാട്ടിയെന്ന കേസിലാണ് ആന്റണി രാജുവിനെ കോടതി മൂന്നുവർഷത്തെ തടവിന് ശിക്ഷിച്ചിരുന്നത്. കേരള ചരിത്രത്തിൽ ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ട് എംഎൽഎ സ്ഥാനം നഷ്ടമാവുന്ന ആദ്യത്തെയാളാണ് ആന്റണി രാജു. കേസിൽ രണ്ടാംപ്രതിയാണ് അദ്ദേഹം. ഒന്നാംപ്രതി ജില്ലാ കോടതിയിലെ ക്ലർക്ക് കെ.എസ്. ജോസും മൂന്നുവർഷം തടവ് അനുഭവിക്കണം. ഇരുവർക്കും കോടതി ജാമ്യം അനുവദിച്ചതിനാൽ ജയിലിലായിരുന്നില്ല.
എന്താണ് തൊണ്ടിമുതൽ കേസ്..?
1990 ഏപ്രിൽ നാലിനാണ് ഓസ്ട്രേലിയൻ സ്വദേശി ആൻഡ്രൂ സാൽവത്തോറിനെ 61 ഗ്രാം ഹാഷിഷുമായി വിമാനത്താവളത്തിൽ പിടികൂടിയത്. വലിയതുറ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ആൻഡ്രൂ സാൽവത്തോറിനെ ജില്ലാക്കോടതി 10 വർഷം തടവിനും ഒരു ലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. 1992-ൽ അപ്പീൽ ഹൈക്കോടതിയിൽ എത്തിയപ്പോൾ ഇയാളെ വെറുതേവിട്ടു. 1992-ൽ ഇന്ത്യ വിട്ട് ഓസ്‌ട്രേലിയയിൽ എത്തിയ ഇയാൾ അവിടെ കൊലക്കേസിൽ അറസ്റ്റിലായി ജയിലിലായി. അവിടെ സഹതടവുകാരനോട് നടത്തിയ വെളിപ്പെടുത്തലാണ് ആന്റണി രാജുവിന് കുരുക്കായത്. ജില്ലാക്കോടതിയിൽ തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന അടിവസ്ത്രത്തിൽ, പ്രതിയുടെ അഭിഭാഷകനായിരുന്ന ആന്റണി രാജുവും കോടതി ക്ലാർക്കായ ജോസും ചേർന്ന് തിരിമറി നടത്തിയെന്നായിരുന്നു വെളിപ്പെടുത്തൽ. സഹതടവുകാരൻ ഇത് ഓസ് ട്രേലിയൻ പോലീസിനെ അറിയിക്കുകയും അവർ ഇന്റർപോൾ വഴി കേരളപോലീസിന് വിവരം കൈമാറുകയുമായിരുന്നു.
Content Highlights: High Court rejected the plea to suspend the conviction of Antony Raju., Disqualification from contesting elections remains in effect., The case involves tampering with evidence in a 1990 drug smuggling case., Antony Raju is the first MLA in Kerala history to lose his seat due to a criminal conviction., The legal battle creates uncertainty for the Janadhipathya Kerala Congress candidate in Thiruvananthapuram Central.