സെല്‍വിന്‍ ഇനിയും ജീവിക്കും; അവയവങ്ങള്‍ തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക്, ഹെലികോപ്റ്റര്‍ സജ്ജം

പ്രതീകാത്മകചിത്രം | Photo : AFP
പ്രതീകാത്മകചിത്രം | Photo : AFP

തിരുവനന്തപുരം: കിംസ് ആശുപത്രിയില്‍ മസ്തിഷ്‌ക മരണം സംഭവിച്ച യുവാവിന്റെ ഹൃദയവും വൃക്കയും പാന്‍ക്രിയാസും എറണാകുളത്തേക്ക് വായു മാര്‍ഗം എത്തിക്കും. സര്‍ക്കാര്‍ ഹെലികോപ്റ്ററിലാണ് എത്തിക്കുന്നത്.

36 വയസ്സുള്ള സെല്‍വിന്‍ ശേഖര്‍ എന്ന സ്റ്റാഫ് നഴ്‌സിന്റെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്. ലിസി ആശുപത്രിയില്‍ ചികിത്സയിലുള്ള 16-കാരന്‍ ഹരിനാരായണനുവേണ്ടിയാണ് ഹൃദയമെത്തിക്കുന്നത്. ഒരു വൃക്ക കിംസ് ആശുപത്രിയിലെ രോഗിക്കും ഒരു വൃക്കയും പാന്‍ക്രിയാസും ആസ്റ്റര്‍ മെഡിസിറ്റിയിലെ രോഗികള്‍ക്കുമാണ് നല്‍കുന്നത്. കണ്ണുകള്‍ തിരുവനന്തപുരം കണ്ണാശുപത്രിയിലെ രണ്ടു രോഗികള്‍ക്ക് നല്‍കും. അവയവം എടുക്കുന്നതിനുള്ള ശസ്ത്രക്രിയകള്‍ കിംസ് ആശുപത്രിയില്‍ ആരംഭിച്ചു.

കന്യാകുമാരി വിളവിന്‍കോട് സ്വദേശിയാണ് സെല്‍വിന്‍. ഭാര്യ ഗീതയും സ്റ്റാഫ് നഴ്‌സാണ്. തമിഴ്നാട്ടിലെ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായിരുന്നു. കടുത്ത തലവേദന വന്നതിനെ തുടര്‍ന്ന് അവിടത്തെ ആശുപത്രിയിലും നവംബര്‍ 21-ന് കിംസിലും സെല്‍വിന്‍ ശേഖര്‍ ചികിത്സ തേടിയിരുന്നു. പരിശോധനയില്‍ തലച്ചോറില്‍ രക്തസ്രാവമുണ്ടെന്ന് കണ്ടെത്തി. ചികിത്സകള്‍ തുടരവേ നവംബര്‍ 24-ന് മസ്തിഷ്‌ക മരണമടയുകയായിരുന്നു. ഭാര്യയാണ് അവയവദാനത്തിന് സന്നദ്ധതയറിയിച്ചത്.

കെ. സോട്ടോ പദ്ധതി (മൃതസഞ്ജീവനി) വഴിയാണ് അവയവ വിന്യാസം ഏകോപിപ്പിക്കുന്നത്. സുഗമമായി അവയവം എത്തിക്കുന്നതിന് പോലീസിന്  നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൊച്ചിയിലും തിരുവനന്തപുരത്തുമടക്കം ഗതാഗത നിയന്ത്രണവുമുണ്ട്.

Content Highlights: selvin shekhar internal organ transplantation thiruvananthapuram to kochi helicopter