'ഞാൻ സെക്യൂരിറ്റി ചുമതലയിലുള്ള ആളാണ്, അടുത്ത ദിവസം മുതൽ ശാരദാ മുരളീധരന് ഒരു ബിഗ് സല്യൂട്ട്'

തിരുവനന്തപുരം: നിറത്തിന്റെ പേരിൽ അധിക്ഷേപം നേരിട്ടുവെന്ന് ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ നിരവധി പേരാണ് പിന്തുണയുമായെത്തുന്നത്. മന്ത്രിമാരും പ്രതിപക്ഷനേതാവും അടക്കം പ്രതികരണങ്ങൾ ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. ഉന്നത പദവിയിൽ ഇരിക്കുന്ന ചീഫ് സെക്രട്ടറിക്ക് ഇത്തരത്തിൽ ഒരു അധിക്ഷേപം ഏൽക്കേണ്ടി വന്നുവെങ്കിൽ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കും എന്ന ചോദ്യങ്ങളും ഉയരുന്നു.
അധിക്ഷേപം നേരിട്ടുവെന്ന ഫേസ്ബുക്ക് പോസ്റ്റ് ചീഫ് സെക്രട്ടറി പങ്കുവെച്ചതിന് പിന്നാലെ സെക്രട്ടേറിയറ്റ് സെക്യൂരിറ്റി ചുമതലയിലുള്ള ബിജു പ്രിയദർശൻ ഫേസ്ബുക്കിൽ കുറിച്ച് കുറിപ്പാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
കുറച്ചു നാളായി സെക്രട്ടേറിയറ്റ് സെക്യൂരിറ്റി ചുമതലയിൽ ആണ് ജോലി നോക്കുന്നത്. ഞാൻ ഇവിടെ ആദ്യം വന്നപ്പോൾ ഡോ. വി. വേണു ഐഎഎസ് ആയിരുന്നു ചീഫ് സെക്രട്ടറി. അദ്ദേഹം വിരമിച്ചപ്പോൾ അദ്ദേഹത്തിന്റെ പത്നി ശാരദാ മുരീളധരൻ ഐഎഎസ് ആ പദവിയിലെത്തി. ഒരു വനിത എന്നതുകൊണ്ട് തന്നെ ഉന്നത പദവിയിൽ അവർ എത്തിയപ്പോൾ വളരെ സന്തോഷവും അഭിമാനവും ഒക്കെ സ്വയം ഭാവിച്ചു കൊണ്ടാണ് സല്യൂട്ട് നൽകിയിരുന്നത്. ചീഫ് സെക്രട്ടറിയുടെ കാർ നമ്പർ 55 കണ്ടോൺമെന്റ് ഗേറ്റ് കടന്നു പോകുമ്പോൾ എല്ലാം ഉൾക്കൊണ്ട് ഒരു സല്യൂട്ട് നൽകാറുണ്ട്. സത്യത്തിൽ അടുത്ത ദിവസം മുതൽ ഒരു ബിഗ് സല്യൂട്ട് ആയി നൽകാൻ ആഗ്രഹിക്കുന്നു. ബഹുമാനപ്പെട്ട ചീഫ് സെക്രട്ടറി സ്വീകരിക്കും എന്ന് വിശ്വസിക്കുന്നു.
Content Highlights: secretariat security commenting sarada muraleedharan dark skin