ചെളിവെള്ളത്തിൽ മണിക്കൂറുകളോളം, ഭക്ഷണംപോലും കഴിക്കാതെ; ഇരുണ്ട തുരങ്കത്തിൽ 'ജീവന്റെ കണിക തേടുന്നവർ'

#എൻ.ആർ. ഹരി
• തോട്ടിലിറങ്ങിയുള്ള തിരച്ചിലിനുശേഷം പുറത്തെത്തിയ സ്കൂബ ഡൈവിങ് അംഗത്തിന് റെയിൽവേയുടെ പൈപ്പിന്റെ ചുവട്ടിലിരുത്തി ദേഹത്തെ മാലിന്യം കഴുകിക്കളയാൻ സഹായിക്കുന്ന സഹപ്രവർത്തകർ |ഫോട്ടോ: എസ്‌. ശ്രീകേഷ്‌ • തിരുവനന്തപുരത്ത് ആമയിഴഞ്ചാൻതോട് വൃത്തിയാക്കുന്നതിനിടയിൽ കാണാതായ ശുചീകരണത്തൊഴിലാളിക്കുവേണ്ടി ഞായറാഴ്ച രാവിലെ തിരച്ചിൽ നടത്തുന്നതിനിടയിൽ കരയിലെത്തിയ അഗ്നിരക്ഷാസേനയുടെ സ്കൂബാ ഡൈവർമാർക്ക് സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ എൻ.കെ. അനു ഭക്ഷണം വാരിക്കൊടുത്തപ്പോൾ

തിരുവനന്തപുരം: ഇരുണ്ട തുരങ്കത്തിനിടയിൽ എവിടെയെങ്കിലും ജീവന്റെ അനക്കവുമായി ജോയി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് 22 പേരടങ്ങിയ അഗ്നിരക്ഷാസേനയുടെ സ്കൂബാ സേന. കാലുകുത്താൻപോലും മടിക്കുന്ന മാലിന്യംനിറഞ്ഞ ചെളിവെള്ളത്തിൽ അവർ മണിക്കൂറുകളോളം പരതി. പലരും ഭക്ഷണം കഴിച്ചതുപോലും മറ്റാരൊക്കെയോ വാരി വായിൽ വെച്ചുകൊടുത്തപ്പോഴാണ്. ആ 22 പേരിലായിരുന്നു അവിടെ കൂടിനിന്നവരുടെയെല്ലാം പ്രതീക്ഷ.

ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണത്തൊഴിലാളിയെ ഒഴുക്കിൽപ്പെട്ട് കാണാതായ വിവരം അറിഞ്ഞ ഉടനെത്തന്നെ രക്ഷാപ്രവർത്തനത്തിന് അഗ്നി രക്ഷാസേന എത്തിയിരുന്നു. സംഘത്തിൽ ഒൻപത് സ്കൂബാ അംഗങ്ങളാണുണ്ടായിരുന്നത്. ഞായറാഴ്ച കൊല്ലം, പത്തനംതിട്ട ജില്ലകളിൽനിന്നുകൂടി സ്കൂബാ ടീമംഗങ്ങൾ എത്തി.

പവർ ഹൗസ് മുതൽ കോഫി ഹൗസ് വരെയുള്ള ഭാഗത്തെ തിരച്ചിൽ അതീവദുഷ്കരമായിരുന്നു. എന്നിട്ടും ദുർഗന്ധം നിറഞ്ഞ ഓടയ്ക്കുള്ളിലേക്ക് ഒരു മടിയുംകൂടാതെ അവരിറങ്ങി. റെയിൽവേ സ്റ്റേഷനുള്ളിലെ മാൻ ഹോളുകളിൽ ഉൾപ്പെടെ പലയിടത്തും ഒരാൾ പൊക്കത്തിലായിരുന്നു മാലിന്യം. ഉള്ളിലേക്കു പോകാൻ കഴിയാത്ത സ്ഥിതി. എന്നിട്ടും സ്വന്തം ജീവൻപോലും വകവെക്കാതെയാണ് അവർ ജോയിക്കുവേണ്ടിയുള്ള ദൗത്യത്തിലേർപ്പെട്ടത്.

കെ.യു. സുഭാഷാണ് ടീമിന് നേതൃത്വം നൽകിയത്. സുജയൻ, എസ്.പി. സജി, അനു, സന്തോഷ് കുമാർ, ദിനുമോൻ, പ്രദോഷ്, ഷഹീർ, ദീപക്, വിജേഷ് തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്. സ്കൂബാ ടീമിനെക്കൂടാതെ നൂറിലധികം അഗ്നിരക്ഷാസേനാംഗങ്ങളും രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി. ടെക്‌നിക്കൽ ഡയറക്ടർ നൗഷാദാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.

അഭിനന്ദിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് കേരള ഹൈക്കോടതി ജഡ്ജി ദേവൻ രാമചന്ദ്രൻ പറഞ്ഞു. രക്ഷാപ്രവർത്തകരെ അഭിനന്ദിക്കുന്നതായും അവർക്ക് ആവശ്യമായ എല്ലാ സുരക്ഷയും നൽകണമെന്നും അഗ്നിരക്ഷാ സേന മേധാവി കെ. പത്മകുമാറിനയച്ച കത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.

Content Highlights: Search for missing sanitation workers in canal halted ndrf and fire force