'കോൺക്രീറ്റ് പോലെ കട്ടപിടിച്ച മാലിന്യം, ദുർഗന്ധം വമിക്കുന്ന വെള്ളം; ആ ഇരുളിൽ തേടിയത് ജോയിയുടെ ജീവൻ'

കൊല്ലം:“കോൺക്രീറ്റ് പോലെ കട്ടപിടിച്ച മാലിന്യം... ദുർഗന്ധം വമിക്കുന്ന വെള്ളം... കൂരിരുട്ടിൽ ഇത്തിരി വെളിച്ചവുമായി തിരച്ചിലിനിറങ്ങുമ്പോൾ ഉള്ളിൽ പ്രതീക്ഷയുണ്ടായിരുന്നു, ജോയിയെ ജീവനോടെ കണ്ടെത്താനാകുമെന്ന്.” തിരുവനന്തപുരം ആമയിഴഞ്ചാൻതോട്ടിൽ ഒഴുക്കിൽപ്പെട്ട മാരായമുട്ടം സ്വദേശി ജോയിക്കായി തിരച്ചിൽ നടത്തിയ കൊല്ലം അഗ്നിരക്ഷാസേനയിലെ സ്കൂബാ ഡൈവിങ് ടീം അംഗങ്ങളുടെ വാക്കുകളാണിത്.
ജില്ലാ ഫയർ ഓഫീസർ വിസി വിശ്വനാഥിന്റെ നിർദേശപ്രകാരം ഞായറാഴ്ചയാണ് വിജേഷ്, ഹരിരാജ്, ദീപക്, ജിതിൻ, ഹനീഷ്, ഷഹീർ എന്നിവർ തിരച്ചിലിനായി പുറപ്പെട്ടത്. തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലെ അഞ്ചാം പ്ലാറ്റ്‌ഫോമിൽനിന്ന് 30 മീറ്റർഭാഗത്ത് തിരച്ചിൽ നടത്താനായിരുന്നു സംഘാംഗങ്ങൾക്ക് നിർദേശം ലഭിച്ചത്.
20 മിനിറ്റെടുത്താണ് 30 മീറ്റർഭാഗത്ത് എത്താനായത്. കട്ടപിടിച്ച മാലിന്യത്തിനിടയിലൂടെയുള്ള ഇഴഞ്ഞുപോക്കും തിരച്ചിലും ഒട്ടും സുഗമമായിരുന്നില്ല. അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ ഒരാൾക്കായി ഇത്രയേറെ പ്രയത്നം വേണ്ടിവന്ന തിരച്ചിൽ ഇതുവരെ നടത്തേണ്ടിവന്നിട്ടേയില്ലെന്ന് സംഘാംഗങ്ങൾ പറയുന്നു.
ജോയിയുടെ മൃതദേഹം കണ്ടെത്തിയതിനെത്തുടർന്ന് തിരച്ചിൽ അവസാനിച്ചു. തിങ്കളാഴ്ച രാത്രിയാണ് സംഘാംഗങ്ങൾ തിരിച്ച് കൊല്ലത്തെത്തിയത്. ഇ.എൻ.ടി.-ത്വഗ്രോഗ വിഭാഗങ്ങളിലെ ഡോക്ടർമാർ വിശദമായി ഇവരെ പരിശോധിച്ചു. മലിനജലത്തിൽ മണിക്കൂറുകളോളം കഴിയേണ്ടിവന്നതിനാൽ പലർക്കും ശാരീരിക അസ്വസ്ഥതകളുണ്ട്. ആറുദിവസംവരെ നിരീക്ഷണം തുടരാനാണ് ഡോക്ടർമാർ നിർദേശം നൽകിയിട്ടുള്ളത്.
“ഇരുളും അഴുക്കുവെള്ളവും ചവറുകൂനയുമൊന്നും ഞങ്ങൾക്ക് പ്രതിസന്ധിയേ ആയിരുന്നില്ല. ആ വെള്ളത്തിലിറങ്ങിയാലുണ്ടാകുന്ന ഭവിഷ്യത്തുകൾ ആരും ചിന്തിച്ചില്ല. ജോയിയെ കണ്ടെത്തുക. അതുമാത്രമായിരുന്നു ഉള്ളിലെ ലക്ഷ്യം. അത് പക്ഷേ...” കഠിനപ്രയത്നം നടത്തിയിട്ടും അതിനു കഴിയാതെപോയതിന്റെ നൊമ്പരം ആ രക്ഷകരുടെ വാക്കുകളിലുണ്ട്.
Content Highlights: scuba team members from Kollam who carried out the rescue operation at amayizhanjan canal