തട്ടിപ്പ് നടത്തിയ ഏജന്‍സി പണം തിരികെ നല്‍കിയില്ലെങ്കിൽ സ്വന്തംനിലയില്‍ നല്‍കും- നജീബ് കാന്തപുരം MLA

നജീബ് കാന്തപുരം |ഫോട്ടോ:മാതൃഭൂമി
നജീബ് കാന്തപുരം |ഫോട്ടോ:മാതൃഭൂമി

പെരിന്തല്‍മണ്ണ: പകുതി വിലയ്ക്ക് തട്ടിപ്പ് നടത്തിയ നാഷണല്‍ എന്‍.ജി.ഒ. കോണ്‍ഫെഡറേഷന്‍ ജനങ്ങള്‍ക്ക് പണം തിരികെ നല്‍കിയില്ലെങ്കില്‍ പാര്‍ട്ടിയിലും മുന്നണിയിലും ആലോചിച്ചശേഷം സഹായിക്കാന്‍ താത്പര്യമുള്ള വ്യക്തികളില്‍നിന്ന് ഉള്‍പ്പെടെ പണം സമാഹരിച്ചശേഷം ജനങ്ങള്‍ക്ക് സ്വന്തംനിലയില്‍ പണം തിരികെ നല്‍കുമെന്ന് പെരിന്തല്‍മണ്ണ എം.എല്‍.എ. നജീബ് കാന്തപുരം പത്രസമ്മേളനത്തില്‍ പറഞ്ഞു.

തന്റെ നേതൃത്വത്തിലുള്ള മുദ്ര ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ വഴി അപേക്ഷിച്ചവര്‍ക്ക് ആകെ 1.80 കോടി രൂപ ലഭിക്കാനുണ്ട്. വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയാണ് നാഷണല്‍ എന്‍.ജി.ഒ. കോണ്‍ഫെഡറേഷന്‍ ഓഫീസ് ഉദ്ഘാടനം ചെയ്തതെന്നും അന്ന് മന്ത്രി നടത്തിയ പ്രസംഗം ഉള്‍പ്പെടെ വിശ്വാസത്തിലെടുത്താണ് പദ്ധതിയുടെ ഭാഗമായതെന്നും എം.എല്‍.എ. പറഞ്ഞു.

സര്‍ക്കാര്‍ യഥാര്‍ത്ഥ പ്രതികളെ മുഴുവന്‍ പിടികൂടാതെ ഇരകളായ എന്‍.ജി.ഒ.കളെ വേട്ടയാടുകയാണെന്നും എത്രയും പെട്ടെന്ന് അനന്തു കൃഷ്ണന്റെ സ്വത്തുവകകളും തട്ടിപ്പ് നടത്തി നേടിയ പണവും കണ്ടെത്തി ജനങ്ങള്‍ക്ക് നഷ്ടപ്പെട്ട പണം തിരികെ നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്നും നജീബ് കാന്തപുരം പറഞ്ഞു.

മുദ്ര ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ രജിസ്റ്റര്‍ ചെയ്ത് നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒ. ആണെന്നും ഓഡിറ്റ് റിപ്പോര്‍ട്ട് ആര്‍ക്ക് വേണമെങ്കിലും പരിശോധിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

തന്നെ തട്ടിപ്പുകാരനായി ചിത്രീകരിക്കാനുള്ള ശ്രമം രാഷ്ട്രീയപ്രേരിതമാണ്. അതിനെ രാഷ്ട്രീയമായിത്തന്നെ നേരിടും. ഡി.വൈ.എഫ്.ഐ. എം.എല്‍.എ. ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ തനിക്കെതിരേ ബോഡി ഷെയ്മിങ് മുദ്രാവാക്യം വരെ വിളിച്ചു.

കേരളത്തിലെ മുഴുവന്‍ ഗ്രാമങ്ങളിലുമായി നടന്ന ഓര്‍ഗനൈസ്ഡ് കൊള്ളയില്‍ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തുന്നതിനു പകരം തനിക്കെതിരെ കേസെടുത്ത നടപടി പ്രതിഷേധാര്‍ഹമാണെന്നും മുന്നണി ഒറ്റക്കെട്ടായി അതിനെ പ്രതിരോധിക്കുമെന്നും എം.എല്‍.എ. പറഞ്ഞു. പെരിന്തല്‍മണ്ണ ലീഗ് ഹൗസില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ കെ.പി.സി.സി. സെക്രട്ടറി ബാബുരാജ്, മണ്ഡലം യു.ഡി.എഫ്. കണ്‍വീനര്‍ എസ്. അബ്ദുള്‍ സലാം, എ.കെ. മുസ്തഫ, ആനന്ദന്‍, ഷൗക്കത്ത് നാലകത്ത്, സി.എം. മുസ്തഫ, സിദ്ദിഖ് വാഫി തുടങ്ങിയവര്‍ പങ്കെടുത്തു.

Content Highlights: scooter scheme scam najeeb kanthapuram mla's explanation