ശസ്ത്രക്രിയ കഴിഞ്ഞു, ഉഷയുടെ വയറ്റിൽനിന്ന് കത്രിക പുറത്തെടുത്തു; പോലീസിന് കൈമാറി

#ന്യൂസ് ഡെസ്ക്
കത്രിക കണ്ടെത്തിയ എക്സ്‌-റേയുമായി ഉഷ | ഫോട്ടോ: പി. പ്രണവ്‌
കത്രിക കണ്ടെത്തിയ എക്സ്‌-റേയുമായി ഉഷ | ഫോട്ടോ: പി. പ്രണവ്‌

കൊച്ചി: വയറ്റിൽ കത്രിക കുടുങ്ങിയ ഉഷാ ജോസഫുകുട്ടിയുടെ ശസ്ത്രക്രിയ പൂർത്തിയായി. ശനിയാഴ്ച ഉച്ചയോടെയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ പൂർത്തിയാക്കി വയറ്റിൽനിന്ന് കത്രിക പുറത്തെടുത്തത്. ഈ കത്രിക ശനിയാഴ്ച ഉച്ചയ്ക്ക് തന്നെ അമ്പലപ്പുഴ ഡിവൈഎസ്പിക്ക് കൈമാറി.

വയറ്റിൽ കുടുങ്ങിയ കത്രിക പുറത്തെടുക്കാനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ഉഷാ ജോസഫുകുട്ടിയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്. സംഭവത്തിൽ കേസെടുത്തതിനാൽ രണ്ട് സർക്കാർ ഡോക്ടർമാരുടെ സാന്നിധ്യത്തിലായിരുന്നു ശസ്ത്രക്രിയ. കളമശ്ശേരി ഗവ. മെഡിക്കൽ കോളേജിലെ രണ്ട് ഡോക്ടർമാരാണ് ശസ്ത്രക്രിയയുടെ സമയത്ത് ഉണ്ടായിരുന്നത്. വയറ്റിൽനിന്ന് പുറത്തെടുത്ത കത്രിക നിലവിൽ രജിസ്റ്റർചെയ്ത കേസിലെ തൊണ്ടിമുതലാണ്. അതിനാൽതന്നെ ഇത് ശനിയാഴ്ച തന്നെ കേസ് അന്വേഷിക്കുന്ന അമ്പലപ്പുഴ ഡിവൈഎസ്പിക്ക് കൈമാറുകയായിരുന്നു. 

ആലപ്പുഴ വണ്ടാനം ഗവ. മെഡിക്കൽ കോളേജിൽ ഗർഭാശയം നീക്കാനുള്ള ശസ്ത്രക്രിയ കഴിഞ്ഞ് അഞ്ചുവർഷമാകുന്നതിനിടെയാണ് പുന്നപ്ര സ്വദേശി ഉഷാ ജോസഫുകുട്ടിയുടെ (51) വയറ്റിൽ കത്രിക കണ്ടെത്തിയത്. ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന നീളത്തിലുള്ള അറ്റം വളഞ്ഞ കത്രിക (ആർട്ടെറി ഫോർസെപ്‌സ്) ആണ് ഉഷയുടെ വയറ്റിലുണ്ടായിരുന്നത്.

2021 മേയ് 10-നായിരുന്നു ശസ്ത്രക്രിയ. പിന്നീട്, നിരന്തരമായ വയറുവേദനയും മൂത്രത്തിൽ രക്തവും കണ്ടതോടെ പലയിടത്തും പരിശോധന നടത്തിയെങ്കിലും കാരണം കണ്ടെത്തിയില്ല. ഒടുവിൽ, ബുധനാഴ്ച ആലപ്പുഴയിലെ യൂറോളജി വിദഗ്ധന്റെ നിർദേശപ്രകാരം എക്‌സ്-റേ എടുത്തപ്പോഴാണ് വയറ്റിൽ കത്രികയുള്ളതായി മനസ്സിലായത്. തുടർന്ന്, വ്യാഴാഴ്ച രാവിലെ ഇവർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി ഒരു ഡോക്ടറെ കണ്ടു. വിവരം പുറത്തു പറയരുതെന്ന് ചില ഡോക്ടർമാർ പറഞ്ഞതായും ഉഷയുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു.

അതേസമയം, സംഭവം വിവാദമായതോടെ ആരോഗ്യവകുപ്പ് വീഴ്ച സമ്മതിച്ചു. കോവിഡിന്റെ പ്രത്യേകസാഹചര്യത്തിൽ സംഭവിച്ച വീഴ്ചയാണെന്നായിരുന്നു വിശദീകരണം. ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഗൈനക്കോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. ജെ. ഷാഹിദ, നഴ്‌സ് പി.എസ്. ധന്യ എന്നിവരെ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ സർവീസിൽനിന്ന് സസ്‌പെൻഡുംചെയ്തു.

ഡോ. ഷാഹിദയുടെ നേതൃത്വത്തിലുളള ഒൻപതംഗസംഘമാണ് 2021-ൽ ഉഷയ്ക്ക് ശസ്ത്രക്രിയ നടത്തിയത്. സീനിയർ റസിഡന്റും പി.ജി. ഡോക്ടറും അനസ്തീസ്യ വിഭാഗത്തിലെ മൂന്നുഡോക്ടർമാരും മൂന്നുനഴ്‌സുമാരും ഒപ്പമുണ്ടായിരുന്നു. ശസ്ത്രക്രിയയ്ക്ക് മുൻപും ശേഷവും മുഴുവൻ ഉപകരണങ്ങളും പരിശോധിച്ച് തിട്ടപ്പെടുത്തിയെന്നാണ് ചികിത്സാരേഖകളിലുള്ളത്. എന്നാൽ, ഇതിൽ വീഴ്ചപറ്റിയിട്ടുണ്ടെന്നാണ് സംശയം.

അതിനിടെ, വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ആരോഗ്യവകുപ്പിനെതിരേ പ്രതിഷേധം ശക്തമായി. കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ആരോഗ്യമന്ത്രിക്കെതിരേയും സർക്കാരിനെതിരേയും രംഗത്തെത്തി.

Content Highlights: Woman`s surgery successful; scissors removed from abdomen. The surgical instrument, found lodged after 5 years, is now evidence. Read details.