സ്‌കൂള്‍ ഉച്ചഭക്ഷണ മെനു കെങ്കേമം; പക്ഷേ, രണ്ടുമാസത്തെ തുക കുടിശ്ശിക; പ്രഥമാധ്യാപകര്‍ നെട്ടോട്ടത്തില്‍

Illustration: Vijesh Viswam/Mathrubhumi
Illustration: Vijesh Viswam/Mathrubhumi

കാസര്‍കോട്: പോഷകസമ്പുഷ്ട വിഭവങ്ങള്‍ ഉള്‍പ്പെടുത്തി സ്‌കൂള്‍ ഉച്ചഭക്ഷണ മെനു സര്‍ക്കാര്‍ പരിഷ്‌കരിച്ചെങ്കിലും സാധനങ്ങള്‍ വാങ്ങാനുള്ള ഫണ്ട് വീണ്ടും കുടിശ്ശികയായി. ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസത്തെ തുക കിട്ടാത്തതിനാല്‍ പ്രഥമാധ്യാപകര്‍ നെട്ടോട്ടത്തിലാണ്. ഇവര്‍ക്ക് ലക്ഷങ്ങളുടെ ബാധ്യതയുണ്ട്. 600 കുട്ടികളുള്ള സ്‌കൂളില്‍ ഒരുമാസത്തെ 20 പ്രവൃത്തിദിവസത്തേക്ക് 1.70 ലക്ഷം രൂപയോളം വേണം. ഫോര്‍ട്ടിഫൈഡ് അരിമാത്രമാണ് സര്‍ക്കാര്‍ നല്‍കുന്നത്. പച്ചക്കറി, പലവ്യഞ്ജനം, പാല്‍, മുട്ട, പാചകവാതകം തുടങ്ങിയവ പ്രാദേശികമായി വാങ്ങണം. ഉച്ചഭക്ഷണത്തിന് ഒരു കുട്ടിക്കുള്ള വിഹിതം ഈ വര്‍ഷം കൂട്ടി. പക്ഷേ, കിട്ടാത്തതാണ് പ്രശ്‌നം.

മാസാവസാനം ബില്‍ നല്‍കി പിറ്റേമാസം ആദ്യം സര്‍ക്കാര്‍ പണം നല്‍കുന്നതായിരുന്നു രീതി. അടുത്തകാലത്തായി കുടിശ്ശിക മാസങ്ങള്‍ നീളുന്നതിനാല്‍ കടം നല്‍കാന്‍ വ്യാപാരികള്‍ക്കും താത്പര്യമില്ല. പ്രഥമാധ്യാപകര്‍ പിരിവെടുത്തും സ്വന്തം കൈയില്‍നിന്നെടുത്തും കടം വാങ്ങിയുമാണ് പദ്ധതി ഓടിക്കുന്നത്.

മൈക്രോ ഗ്രീന്‍സ്,റാഗി ബോള്‍സ്

പതിവ് വിഭവങ്ങള്‍ക്ക് പുറമേ മാസം ഒന്നോ രണ്ടോ ദിവസം മൈക്രോ ഗ്രീന്‍സ് മെനുവില്‍ ഉള്‍പ്പെടുത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ചെറുധാന്യങ്ങള്‍ ഉള്‍പ്പെടുത്തുന്നതിന്റെ ഭാഗമായി റാഗി ബോള്‍സ്, റാഗി കൊഴുക്കട്ട, റാഗിയോ മറ്റ് ചെറുധാന്യങ്ങളോ ഉപയോഗിച്ചുള്ള പായസവും മറ്റും നല്‍കണം.

കുറഞ്ഞ അളവില്‍ ശര്‍ക്കര ഉപയോഗിച്ചും പഞ്ചസാര നാമമാത്രമായി ഉള്‍പ്പെടുത്തിയും വേണം ഇത് തയ്യാറാക്കാന്‍. ഇവയുംകൂടി അന്വേഷിച്ച് പോയാല്‍ ബാധ്യത വീണ്ടും കൂടുമെന്ന് പ്രഥമാധ്യാപകര്‍ ആശങ്കപ്പെടുന്നു.

Content Highlights: Kerala school principals face financial strain as funds for the revised, nutritious lunch menu remain outstanding for August & September. They`re borrowing to fund meals.